നാടും നഗരവും ഉത്സവത്തിമിര്‍പ്പിലാക്കി സംസ്ഥാനതല ഓണം വാരാഘോഷത്തിന് കൊടിയിറക്കം

മാനവിക ഐക്യവും മതസാഹോദര്യവും ആതിഥേയ മര്യാദയും

New Update
onam varakhosham
തിരുവനന്തപുരം:മാനവിക ഐക്യം, മതസാഹോദര്യം, ആതിഥേയ മര്യാദ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് റിയല്‍ കേരള സ്റ്റോറിയെന്നും ഓണം ഇതിന്‍റെ പ്രഖ്യാപനമാണെന്നും ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. 'ഓണം ഒരുമയുടെ ഈണം-ദി റിയല്‍ കേരള സ്റ്റോറി' എന്ന പ്രമേയത്തില്‍ ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന്‍റെ സമാപന സമ്മേളനം തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

PHOTO 2 (1)


ഓണാഘോഷത്തിലൂടെ ലോകമെങ്ങും മലയാളികളുടെ ഐക്യം വെളിപ്പെടുകയാണെന്ന് മന്ത്രി പറഞ്ഞു. ഈ ഐക്യം തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ഉണ്ടാകുമ്പോഴെല്ലാം കേരളം അത് ചെറുത്തു തോല്‍പ്പിക്കാറുണ്ട്. ഇത്തവണ ഓണം ആഘോഷിക്കാന്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ കേരളത്തിലെത്തി. ഇതിലൂടെ കേരളത്തിന്‍റെ ഏറ്റവും വലിയ സാംസ്കാരികോത്സവമായ ഓണാഘോഷത്തിന് ആഗോളതലത്തിലുള്ള അംഗീകാരം ലഭിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു.
ഓണം വാരാഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസും വി. ശിവന്‍കുട്ടിയും സമ്മാനങ്ങള്‍ വിതരണം ചെയ്തു.

PHOTO 3 (1)


ദക്ഷിണാഫ്രിക്കയിലെ ക്വാ സുലു നതാല്‍ പ്രവിശ്യയിലെ പബ്ലിക്ക് വര്‍ക്സ്-ഇന്‍ഫ്രാസ്ട്രക്ചര്‍ വകുപ്പ് മന്ത്രിയായ ലൂക്കാ മാര്‍ട്ടിനസ് മെയര്‍ വിശിഷ്ടാതിഥിയായിരുന്നു.

എംഎല്‍എമാരായ ആന്‍റണി രാജു, വി.ജോയ്, ഡി.കെ മുരളി, ഐ.ബി സതീഷ്, വി.കെ പ്രശാന്ത്, മേയര്‍ ആര്യ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഡി. സുരേഷ് കുമാര്‍, ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
ചടങ്ങിനു ശേഷം നിശാഗന്ധിയില്‍ വിനീത് ശ്രീനിവാസന്‍ മ്യൂസിക് കണ്‍സേര്‍ട്ട് അരങ്ങേറി.

ഓണം വാരാഘോഷത്തിന്‍റെ സമാപനം കുറിച്ച് വെള്ളയമ്പലം മുതല്‍ കിഴക്കേക്കോട്ട വരെ നടന്ന വര്‍ണ്ണശബളമായ ഘോഷയാത്ര മാനവീയം വീഥിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ സന്നിധ്യത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ ഫ്ളാഗ് ഓഫ് ചെയ്തു. കേരളീയ, ഇതര സംസ്ഥാന കലാരൂപങ്ങളുടെ അവതരണത്തിനൊപ്പം  വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ഫ്ളോട്ടുകള്‍ ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി. 150 ഓളം ഫ്ളോട്ടുകളാണ് അണിനിരന്നത്.

PHOTO 4



കേരളീയ ഗ്രാമങ്ങള്‍ കണ്ട് ഉത്തരവാദിത്ത ടൂറിസത്തിന്‍റെ ഭാഗമാകാനും സ്ത്രീസൗഹൃദ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുവാനും അഭ്യര്‍ഥിക്കുന്ന കേരള റെസ്പോണ്‍സിബിള്‍ ടൂറിസം മിഷന്‍ സൊസൈറ്റിയുടെ ഫ്ളോട്ട് ശ്രദ്ധേയമായി. പാരമ്പര്യത്തനിമയുള്ള വീടും വയലും കയര്‍ പിരിക്കുന്ന വനിതയും മണ്‍പാത്രമുണ്ടാക്കുന്ന സ്ത്രീകളും അത് കാണുന്ന വിനോദസഞ്ചാരികളും ചേര്‍ന്നതാണ് ഫ്ളോട്ട്.

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ സെപ്റ്റംബര്‍ മൂന്ന് മുതല്‍ ഒമ്പത് വരെ വിപുലമായ പരിപാടികളോടെയാണ് ഓണം വാരാഘോഷം സംഘടിപ്പിച്ചത്. മൂന്നു ദിവസങ്ങളിലായി നടന്ന ഡ്രോണ്‍ ഷോ ഇത്തവണത്തെ പ്രധാന ആകര്‍ഷണമായിരുന്നു. കവടിയാര്‍ മുതല്‍ മണക്കാട് വരെയുള്ള ദീപാലങ്കാരം കാണാന്‍ ദിവസവും ആയിരക്കണക്കിന് പേരാണ് നഗരത്തില്‍ എത്തിയത്.

Photo 5


33 വേദികളിലാണ് തിരുവനന്തപുരത്ത് കലാപരിപാടികള്‍ അരങ്ങേറിയത്. സിനിമ, സംഗീത, സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ പരിപാടികള്‍ അവതരിപ്പിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ 10,000 ത്തോളം കലാകാരന്‍മാര്‍ ഓണാഘോഷ പരിപാടികളുടെ ഭാഗമായി. കേരളത്തിന്‍റെ പരമ്പരാഗതവും തനിമ തുടിക്കുന്നതുമായ കലാരൂപങ്ങള്‍ക്കൊപ്പം ആധുനിക കലകളും സംഗീത, ദൃശ്യ വിരുന്നുകളും ആയോധന കലാപ്രകടനങ്ങളും ആഘോഷത്തിന് മാറ്റുകൂട്ടി.

ജില്ലകളിലെ ഓണാഘോഷ പരിപാടികള്‍ക്ക് സംസ്ഥാന വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും നേതൃത്വം നല്‍കി.
Advertisment