അണമുറിയാതെ ആദർശം. സ്ഥാനമാനങ്ങൾ പ്രലോഭിപ്പിക്കാത്ത ഏവർക്കും സ്വീകാര്യനായ നേതാവ്. പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിക്ക് തണൽ വൃക്ഷം

പാർട്ടി കേന്ദ്ര നേതൃത്വത്തിനും ഗാന്ധി കുടുംബത്തിനും ഏറെ അടുപ്പമുണ്ടായിരുന്ന നേതാവ് കൂടിയായിരുന്നു അദ്ദേഹം.

New Update
thennala balakrishnan

തിരുവനന്തപുരം: അണമുറിയാത്ത ആദർശം ജീവിതത്തിൽ ഉടനീളം പുലർത്തിയ നേതാവായിരുന്നു തെന്നല ബാലകൃഷ്ണ പിള്ള. സ്ഥാനമാനങ്ങൾ പ്രലോഭിപ്പിക്കാത്ത കോൺഗ്രസിലെ വേറിട്ട മുഖം കൂടിയായിരുന്നു അദ്ദേഹം. രാഷ്ട്രീയ എതിരാളികൾ പോലും ബഹുമാനിക്കുന്ന വ്യക്തിത്വത്തിനുടമ  കൂടിയാണ് അദ്ദേഹം.

Advertisment

അതിസമ്പന്ന കുടുംബത്തിൽ ജനിച്ച അദ്ദേഹം  നിരവധി തവണ പാർട്ടി, പാർലമെൻ്റ് റി പദവികൾ വഹിച്ചിട്ടും ഒരിക്കൽ പോലും അദ്ദേഹത്തിന് മേൽ അഴിമതിയുടെ കറ പുരണ്ടിട്ടില്ല. അക്ഷരാർത്ഥത്തിൽ ആദർശത്തിൻ്റെ ആൾ രൂപമായ അദ്ദേഹം സ്വന്തം ജീവിതം കൊണ്ടാണ് തനിക്കൊപ്പമുള്ളവരെ രാഷ്ട്രീയത്തിൽ ആദർശം പാലിക്കാൻ പഠിപ്പിച്ചത്. 


പാർട്ടിയിൽ ഗ്രൂപ്പ് രാഷ്ട്രീയം കത്തിനിന്ന കാലത്തും സൗമ്യതയുടെ പ്രതിരൂപമായ തെന്നല ഏവർക്കും പ്രിയങ്കരനായിരുന്നു. അതുകൊണ്ട് തന്നെ പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിക്ക് തണലായി മാറാനും അദ്ദേഹത്തിന് കഴിഞ്ഞു.

പാർട്ടി കേന്ദ്ര നേതൃത്വത്തിനും ഗാന്ധി കുടുംബത്തിനും ഏറെ അടുപ്പമുണ്ടായിരുന്ന നേതാവ് കൂടിയായിരുന്നു അദ്ദേഹം.

2001 ൽ. 100 സീറ്റ് നേടി യു.ഡി.എഫ് അധികാരത്തില്‍ എത്തിയപ്പോള്‍ കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനം വഹിച്ച അദ്ദേഹം സംസ്ഥാനം മുഴുവന്‍ ഓടി നടന്ന് പാര്‍ട്ടി സംവിധാനത്തെ ചലിപ്പിച്ചാണ് നേട്ടം കൊയ്തത്. 

എന്നാല്‍ അതില്‍ ഒന്ന് സന്തോഷിക്കാനോ അഭിമാനിക്കാനോ ഉള്ള സമയം തെന്നലയ്ക്ക് കോണ്‍ഗ്രസ് നല്‍കിയില്ല.വോട്ടെണ്ണല്‍ കഴിഞ്ഞയുടന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടത് തെന്നലയുടെ രാജി ആയിരുന്നു.

 എ ഗ്രൂപ്പില്‍ നിന്നും എകെ ആന്റണി മുഖ്യമന്ത്രിയാകുമ്പോള്‍ ഐ ഗ്രൂപ്പില്‍ നിന്നും കെ മുരളീധരന്‍ കെപിസിസി പ്രസിഡന്റാകും എന്ന ഫോര്‍മുല നടപ്പാക്കാനായിരുന്നു ഇത്.


ഏതൊരാളും പൊട്ടിത്തെറിക്കാവുന്ന സമയത്തും സൗമ്യമായി രാജി എഴുതി കൊടുത്ത ശേഷം തെന്നല ഇന്ദിരാഭവനില്‍ നിന്ന വീട്ടിലേക്ക് പോയി. മാധ്യങ്ങള്‍ തിരിച്ചും മറിച്ചും ചോദിച്ചിട്ടും ഒരു വാക്കു പോലും പാര്‍ട്ടിക്കെതിരായി തെന്നല പറഞ്ഞില്ല.


മരിക്കും വരെയും പാർട്ടി അച്ചടക്കം പാലിച്ച് മാത്രമാണ് അദ്ദേഹം നിലകൊണ്ടത്. 2001 ൽ പാർട്ടി സംസ്ഥാന- കേന്ദ്ര നേതൃത്വങ്ങൾ പിന്നിൽ നിന്ന് കുത്തിയിട്ടും ഒരിഞ്ച് പോലും പതറാതെ സൗമ്യനായി തന്നെ തുടർന്ന അദ്ദേഹം പാർട്ടി പ്രവർത്തകർക്കും നേതാക്കൾക്കും എപ്പോഴും പ്രാപ്യനുമായിരുന്നു.