/sathyam/media/media_files/2025/10/19/photo-2025-10-19-15-00-13.jpeg)
കേരളത്തിന്‍റെ ഹൃദയഹാരിയായ ഭൂപ്രകൃതിയെ ഉദാഹരണമായി എടുത്തുപറഞ്ഞുകൊണ്ടാണ് സഞ്ചാര സാഹിത്യത്തിന്‍റെ ആഴവും വിശാലതയും നിറഞ്ഞ സാധ്യതകളിലേക്ക് അവര്‍ വിരല്‍ചൂണ്ടിയത്. ആഴത്തിലേയ്ക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍ അത്ഭുതങ്ങളായ രചനകളായി മിന്നിത്തിളങ്ങുന്ന അനുഭവങ്ങള്‍ കണ്ടെത്താന്‍ ട്രാവല്‍ എഴുത്തുകാര്‍ക്ക് സാധിക്കുമെന്നും അവര്‍ പറഞ്ഞു.
ഇന്ത്യ അതുല്യമായൊരു ഡെസ്റ്റിനേഷനാണ്, അതിന്‍റെ എല്ലാ കോണിലും കഥകളുണ്ടെന്ന് 'ഓവര്‍ ദി മൗണ്ടന്‍, അണ്ടര്‍ ദി സീ' എന്ന വിഷയത്തില്‍ നടന്ന സെഷനില്‍ ശ്രീലങ്കന്‍ എഴുത്തുകാരനും സഞ്ചാര സാഹിത്യകാരനുമായ ആന്‍ഡ്രൂ ഫിഡല്‍ ഫെര്‍ണാണ്ടോ പറഞ്ഞു.
ഇന്ത്യയെ പൂര്‍ണമായി കണ്ടെത്തുന്നതിന് മറ്റു രാജ്യങ്ങളിലെ ആളുകള്‍ക്ക് ഇനിയും സാധിച്ചിട്ടില്ലെന്ന് ഇഎസ് പിഎന്‍ ക്രിക്കിന്‍ഫോ വെബ്സൈറ്റിലെ പ്രശസ്ത ക്രിക്കറ്റ് എഴുത്തുകാരന്‍ കൂടിയായ അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു പാളി കണ്ടെത്തുമ്പോള്‍ അതിന്‍റെ ആഴത്തിലേക്കിറങ്ങി പുതിയ മറ്റൊന്നിനെ കണ്ടെത്താനാകുമെന്നും രാജ്യത്തിന്‍റെ വൈവിധ്യത്തെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.
ഡൈവറും സര്‍ഫറുമായ ഫെര്‍ണാണ്ടോ വര്‍ക്കല ബീച്ചിന്‍റെ വിസ്മയകരമായ സൗന്ദര്യത്തെയും സര്‍ഫിംഗ് പ്രവര്‍ത്തനങ്ങളെയും പറ്റി വാചാലനായി.
യാത്രാ എഴുത്തുകാര്‍ തങ്ങള്‍ സന്ദര്‍ശിക്കുന്ന സ്ഥലങ്ങളെക്കുറിച്ചുള്ള അനുഭവങ്ങള്‍ മാത്രമേ എഴുതാവൂ എന്നതാണ് പൊതുവിലുള്ള ധാരണ. അവിടെയുള്ള പ്രശ്നങ്ങളെപ്പറ്റി പറയാന്‍ പാടില്ലെന്നത് സഞ്ചാര സാഹിത്യകാരന്‍മാര്‍ നേരിടുന്ന വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
എഴുത്തുകാരനായ അനുരാഗ് മല്ലിക് ആയിരുന്നു സെഷന്‍റെ മോഡറേറ്റര്‍.
വ്യത്യസ്ത സംസ്കാരങ്ങളിലൂടെ സഞ്ചരിക്കുക എന്നത് ശ്രമകരമാണ്, എന്നാല്‍ അതിലൂടെ ലഭിക്കുന്ന അനുഭവങ്ങളാണ് എഴുത്തിന് പ്രചോദനം നല്‍കുന്നതെന്ന് 'ദി ക്രോസ്-കള്‍ച്ചറിസ്റ്റ്' എന്ന വിഷയത്തില്‍ നടന്ന മറ്റൊരു സെഷനില്‍ എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ സുദീപ് ചക്രവര്‍ത്തി പറഞ്ഞു. ഇന്ത്യ പൂര്‍ണ്ണമായും കണ്ടെത്താന്‍ സാധിക്കാത്ത വിധം അത്രയും വിശാലമാണെന്നും 70-ലധികം രാജ്യങ്ങള്‍ സന്ദര്‍ശിച്ച ആഗോള സഞ്ചാരിയായ അദ്ദേഹം അഭിപ്രായപ്പെട്ടു.
വ്യത്യസ്ത സംസ്കാരങ്ങളിലൂടെ നടത്തുന്ന യാത്രകള്‍ ജീവിതാനുഭവങ്ങള്‍ ഉള്‍ക്കൊള്ളാനും മനുഷ്യരെ മനസിലാക്കാനും സഹായിക്കുന്നതായി ശ്രീലങ്കന്‍ എഴുത്തുകാരന്‍ പ്രമുദിത് രൂപസിംഗെ പറഞ്ഞു.
പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായ പല്ലവി അയ്യര്‍ സെഷനില്‍ മോഡറേറ്ററായിരുന്നു.
കഥകളാണ് എഴുത്തുകാരെ കണ്ടെത്തുന്നതെന്നും എഴുതിക്കഴിയും വരെ അവ എഴുത്തുകാരെ ഉപേക്ഷിക്കില്ലെന്നും 'ദി ടൈം ട്രാവലർ ' എന്ന സെഷനില്‍ ബുക്കര്‍ പുരസ്കാര ജേതാവായ ഷെഹാന്‍ കരുണതിലക പറഞ്ഞു. 2022 ല്‍ ബുക്കര്‍ സമ്മാനം നേടിയ 'ദി സെവന്‍ മൂണ്‍സ് ഓഫ് മാലി അല്‍മേഡ' എന്ന കൃതി എഴുതാന്‍ തനിക്ക് നാല് ഡ്രാഫ്റ്റുകള്‍ തയ്യാറാക്കേണ്ടി വന്നതായും അദ്ദേഹം വെളിപ്പെടുത്തി.
ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ തന്‍റെ കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടി വരുമ്പോള്‍ തന്‍റെ ജന്മനാടായ വര്‍ക്കലയെ പലപ്പോഴും ആസ്പദമാക്കാറുള്ളതായി ഫെസ്റ്റിവല്‍ ഡയറക്ടര്‍ കൂടിയായ സബിന്‍ ഇഖ്ബാല്‍ പറഞ്ഞു. എഴുത്ത് തനിക്ക് അതിജീവനത്തിനുള്ള മാര്‍ഗമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പത്രപ്രവര്‍ത്തകയായ നിര്‍മ്മല ഗോവിന്ദരാജന്‍ ഈ സെഷന്‍റെ മോഡറേറ്ററായിരുന്നു.
'അഡ്രിനാലിന്‍ ട്രാവലേഴ്സ്' എന്ന മറ്റൊരു സെഷനില്‍ സാഹസിക സൈക്ലിസ്റ്റും എഴുത്തുകാരനുമായ ധ്രുവ് ബോഗ്രയും ആന്‍ഡ്രൂ ഫെര്‍ണാണ്ടോയും പങ്കെടുത്തു. എഴുത്തുകാരന്‍ ദിപീന്ദര്‍ ചൗധരി മോഡറേറ്ററായിരുന്നു.
'സെലിബ്രേറ്റിംഗ് വേഡ്സ് ആന്‍ഡ് വാണ്ടര്‍ലസ്റ്റ്' എന്നതാണ് 17 മുതല്‍ 19 വരെ കേരള ടൂറിസം വര്‍ക്കലയില്‍ സംഘടിപ്പിച്ച യാനം ലിറ്റററി ഫെസ്റ്റിന്‍റെ കേന്ദ്ര പ്രമേയം