ഗവർണർക്ക് മാസ ശമ്പളം മൂന്നര ലക്ഷം. പി.എസ്.സി അംഗത്തിന് 3.8ലക്ഷം. ടി.എ, ഡി.എ അടക്കം ആനുകൂല്യങ്ങൾ വേറെ. പി.എസ്.സി അംഗമാവാൻ രാഷ്ട്രീയ നേതാക്കളുടെ ഇടി. ഘടകകക്ഷിയിലെ രണ്ട് നേതാക്കളെ പി.എസ്.സി അംഗമാക്കാൻ ശുപാർശ ചെയ്ത് സർക്കാർ. ഒപ്പിടരുതെന്ന് ഗവർണർക്ക് മുന്നിൽ പരാതിയും. കെ.എ.എസുകാരെപ്പോലും നിയമിക്കേണ്ട പി.എസ്.സി അംഗത്തിന് കാര്യമായ യോഗ്യത ആവശ്യമില്ല. പുതിയ അംഗങ്ങളാക്കാൻ ശുപാ‌ർശ ചെയ്തതിലൊരാൾ പ്രവാസിയും. സർക്കാരിന്റെ അവസാനകാലത്തെ കടുംവെട്ടുകൾ ഇങ്ങനെ

New Update
psc real

തിരുവനന്തപുരം: ഗവർണറെക്കാൾ ശമ്പളം വാങ്ങുന്ന പി.എസ്.സി അംഗമാവാൻ സജീവ രാഷ്ട്രീയക്കാരുടെ ഇടി. മുൻകാലങ്ങളിൽ രാഷ്ട്രീയ നേതാക്കളുടെ ശുപാർശയിൽ മറ്റുള്ളവരെ നിയമിക്കുന്നതായിരുന്നു പതിവെങ്കിൽ ഇപ്പോൾ ജില്ലാ തലത്തിലെ രാഷ്ട്രീയ നേതാക്കൾ പി.എസ്.സി അംഗമാവുകയാണ്. ഗവർണർക്ക് പ്രതിമാസം മൂന്നരലക്ഷം രൂപയാണ് ശമ്പളമെങ്കിൽ പി.എസ്.സി അംഗത്തിന് കിട്ടുക 3.80ലക്ഷം രൂപയാണ്. ടി.എ, ഡി.എ എന്നിവ പുറമെ. കഴിഞ്ഞ വർഷം മുതൽ പി.എസ്.സി അംഗങ്ങളുടെയും ചെയർമാന്റെയും വേതനം പരിഷ്കരിച്ചപ്പോഴാണ് ഈ ഭീമമായ വർദ്ധനവുണ്ടായത്.

Advertisment


സി.പി.ഐയുടെ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും ഒരു മുൻ മന്ത്രിയുടെ പിഎ യുമായിരുന്ന  അജയകുമാറിനെയും, കോൺഗ്രസ് (എസ്) സംസ്ഥാന സെക്രട്ടറി കായംകുളം സ്വദേശിഐ. ശിഹാബുദ്ദിനെയുമാണ് പി.എസ്.സി അംഗങ്ങളായി സർക്കാർ  ശുപാർശ ചെയ്തിട്ടുള്ളത്. സർക്കാർ ശുപാർശ ഗവർണറുടെ  അംഗീകാരത്തിനായി ലോക് ഭവനിൽ എത്തിച്ചിട്ടുണ്ട്. അജയകുമാർ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ ജീവനക്കാരനും, ശിഹാബുദ്ദീൻ പ്രവാസിയുമാണ്.

മികച്ച ഉന്നത വിദ്യാഭ്യാസമോ അക്കാദമിക - ഭരണ തലത്തിൽ  മെച്ചപ്പെട്ട മുൻ പരിചയമോ നേടിയിട്ടില്ലാത്തവരെ   അംഗങ്ങളായി നിയമിക്കുന്നത് പി എസ് സി യുടെനിലവാരവും ഉദ്യോഗർഥി കൾക്കുള്ള വിശ്വാസ്യതയും തകർക്കാൻ മാത്രമേ സഹായകമാവുകയുള്ളൂവെന്നാണ് ആക്ഷേപം.

ഭരണപക്ഷത്തെ ഘടകകക്ഷികളിലെ  രണ്ട് രാഷ്ട്രീയ നേതാക്കളെ പി എസ് സി അംഗങ്ങളായി നിയമിക്കുവാൻ മന്ത്രിസഭാ യോഗം ഗവർണ‌ർക്ക്  ശുപാർശ ചെയ്തിരുന്നു. പി എസ് സി അംഗങ്ങളായി ഉന്നത യോഗ്യതകളുള്ളവരെ മാത്രമേ നിയമിക്കാൻ  പാടുള്ളൂവെന്നും സർവ്വകലാശാല വിസിമാരെ നിയമിക്കുന്നതിൽ ഗവർണർ സ്വീകരിച്ചതിന് സമാനമായ നിലപാട്  പി എസ് സിയിലെ  സർവീസ് - നോൺ സർവീസ് അംഗങ്ങളുടെ നിയമനത്തിൽ സ്വീകരിക്കണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് പരാതി നൽകി.

 
വിവാദ പിഎച്ച്.ഡി. നേടിയവരും,  ഭരണകക്ഷി നേതാക്കളുടെ ജീവചരിത്രം രചിച്ചവരും, ഇതിനകം പി എസ് സി അംഗങ്ങളായി കടന്നു കൂടിയിട്ടുണ്ട്. കെ എ എസ്, കോളേജ് അധ്യാപകർ, ഡോക്ടർമാർ, എഞ്ചിനീയർമാർ  തുടങ്ങിയ ഉന്നത  തസ്തികളിലേയ്ക്ക് ഇൻറർവ്യൂ നടത്തി റാങ്ക് പട്ടിക തയ്യാറാക്കുന്ന  പിഎസ്‌സി അംഗങ്ങൾ മികച്ച ഉന്നത വിദ്യാഭ്യാസം ആർജ്ജിച്ചവരും  കാര്യപ്രാപ്തിയുള്ളവരുമായിരിക്കണം.

 പി എസ്‌ സിയുടെ വിശ്വാസ്യതയും നിലവാരവും സംരക്ഷിക്കുവാൻ ബാധ്യതപ്പെട്ട ഗവർണർ ഇപ്പോൾ ശുപാർശ ചെയ്തിരിക്കുന്നവരുടെ  അക്കാദമിക - ഭരണ നൈപുണ്യം പൂർണ്ണമായും ബോധ്യപ്പെടാതെ  സർക്കാരിൻറെ ശുപാർശ അംഗീകരിക്കരുതെന്നാണ് ഗവർണർക്ക് മുന്നിലെത്തിയ പരാതിയിലെ ആവശ്യം.

Advertisment