/sathyam/media/media_files/2025/10/06/unnikrishnan-potty-2025-10-06-18-25-01.jpg)
തിരുവനന്തപുരം: ശബരിമലയിൽ ദ്വാരപാലക ശിൽപ്പങ്ങളിലെ അരകിലോ സ്വർണം തട്ടിയെടുത്ത മാഫിയാ സംഘം ലക്ഷ്യമിട്ടത് ക്ഷേത്രത്തിലെ സ്വർണം അപ്പാടെ അടിച്ചുമാറ്റാൻ. ദ്വാരപാലക ശില്പങ്ങൾക്കു പുറമേ 2019ൽ ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പടിയിലെ പാളികളും അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയി തട്ടിയെടുത്തിരുന്നു. 474.9 ഗ്രാം സ്വർണം അടിച്ചുമാറ്റിയെന്നാണ് ഇതുവരെ കണ്ടെത്തിയത്.
ആരോപണ വിധേയനായ ഉണ്ണികൃഷ്ണൻ പോറ്റിയും ദേവസ്വത്തിലെ ഉന്നതരുമടങ്ങിയ മാഫിയയാണ് സ്വർണം കവരാനുള്ള വമ്പൻ പദ്ധതി തയ്യാറാക്കിയത്. വാതിലിലും കട്ടിളപ്പടിയിലും ഉള്ള സ്വർണമാണ് ആദ്യം ഉരുക്കിയെടുത്തത്. തട്ടിപ്പിന്റെ സാധ്യത കണ്ടെത്തിയതോടെ ദ്വാരപാലകശില്പത്തിലും ക്ഷേത്രത്തിലെ ഒരുഭാഗത്തും ഉണ്ടായിരുന്ന പാളികൾ കൊണ്ടുപോയി. പാളി മാറ്റി സ്വർണം പൂശുന്നതിന് കുറച്ചുസ്വർണം മതി.
സ്വർണം പൂശിയത് കുറച്ചുകാലം കഴിയുമ്പോൾ മങ്ങും. ഇത് വീണ്ടും അറ്റകുറ്റപ്പണിക്കെന്ന പേരിൽ ഇളക്കിക്കൊണ്ടുപോകാം. ഇടയ്ക്കിടക്ക് സ്വർണം പൂശുന്നതിനുള്ള സ്പോൺസർഷിപ്പിനെന്ന പേരിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വൻതോതിൽ പണപ്പിരിവ് നടത്തുകയും ചെയ്തിട്ടുണ്ട്. കൊണ്ടുപോയ ചെമ്പുപാളികളല്ല, പുതിയവയാണ് ഉണ്ടാക്കിവെച്ചതെന്ന സംശയമാണ് ക്രൈംബ്രാഞ്ചിനുള്ളത്.
ക്ഷേത്രത്തിൽ പതിച്ചിരുന്ന പാളികൾ വൻവിലയ്ക്കു വിറ്റിട്ടുണ്ടെന്നാണ് അനുമാനം. വ്യവസായികൾക്കും ഉന്നതർക്കും ക്ഷേത്രപാളികളെന്ന പേരിൽ വിറ്റശേഷം പുതിയ ചെമ്പുപാളികൾ നിർമിച്ച് സ്വർണം പൂശിയതാണോ എന്നതാണ് ഇനി കണ്ടെത്തേണ്ടത്.
1998ൽ പതിച്ച സ്വർണപ്പാളികൾ വർഷങ്ങളോളം കേടില്ലാതെ നിലനിൽക്കുന്നവയായിരുന്നു. 2019ൽ കൊണ്ടുപോയ പാളികൾ തിരിച്ചുകൊണ്ടു വന്നപ്പോൾ തൂക്കത്തിൽ കുറവുണ്ടായി. 42 കിലോ വരുന്ന പാളികൾ തിരിച്ചെത്തിയപ്പോൾ 38 കിലോ മാത്രമാണുണ്ടായിരുന്നത്. ഇതുസംബന്ധിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല. കൂടുതൽ പാളികൾ പുറത്തേക്കുകടത്താനുള്ള ശ്രമവും ആരംഭിച്ചിരുന്നതായി സൂചനയുണ്ട്. ഇതിന്റെ മുന്നോടിയായിരുന്നു ദ്വാരപാലകശില്പങ്ങളുടെ അറ്റകുറ്റപ്പണി.
സ്വർണപ്പാളികൾ കേരളത്തിനു വെളിയിൽ ആർക്കോ വിറ്റെന്നാണ് സൂചന. പാളിയുടെയോ സ്വർണത്തിന്റെയോ വിപണിവിലയല്ല ഇതിൽ പ്രധാനം. ശബരിമല ശ്രീകോവിലിന്റെ ഭിത്തിയിലെ ശില്പങ്ങളുടെ പാളി എന്ന നിലയിൽ അമൂല്യമായ ഒരു വസ്തുവാണിത്. വമ്പൻ തുകയ്ക്കാണ് ഇവ വിറ്റിട്ടുണ്ടാവുക എന്നാണ് ക്രൈബ്രാഞ്ച് നിഗമനം.
ക്ഷേത്ര ശ്രീകോവിലിൽ വർഷങ്ങളോളം ഇരുന്ന സ്വർണരൂപം, ദോഷമകറ്റാനും ഐശ്വര്യവർധനയ്ക്കും ഉപകരിക്കുമെന്ന് പ്രചാരണമുണ്ടായിരുന്നതായും സൂചനയുണ്ട്. പാളി പുതുതായി സ്വർണം പൂശണമെങ്കിൽ അത് സന്നിധാനത്തുവെച്ച് ചെയ്യാവുന്നതേ ഉണ്ടായിരുന്നുള്ളൂ. സ്വർണം തട്ടിയെടുക്കാൻ ലക്ഷ്യമിട്ടാണ് പാളികൾ പുറത്തേക്ക് കൊണ്ടുപോയതെന്നാണ് വിവരം.
സന്നിധാനത്തു നിന്ന് അഴിച്ചെടുത്ത സ്വർണപ്പാളികളിൽ 14 ഭാഗങ്ങളുണ്ടായിരുന്നു. ഈ പാളികൾ ചെന്നൈയിൽ ചില വീടുകളിലേക്കും പിന്നീട് ഹൈദരാബാദിലേക്കും ബാംഗ്ലൂരിലേക്കും കൊണ്ടുപോയി. വിശ്വാസമൂല്യം മുതലെടുത്ത് വൻതുകയ്ക്കാണ് ഇവ വിറ്റത്. 39 ദിവസം കഴിഞ്ഞാണ് സ്വർണംപൂശാനായി പാളി ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ചത്.
പൂർണമായും ചെമ്പായിരുന്നെന്ന് സ്മാർട്ട് ക്രിയേഷൻസിന്റെ എംഡിയും അഭിഭാഷകനും പറഞ്ഞിരുന്നു. ഇപ്പോൾ അവർ നിലപാട് മാറ്റി സ്വർണപ്പാളിയിലെ സ്വർണം വേർതിരിച്ചെടുത്തെന്ന് നിലപാടെടുത്തു. പഴയപാളിയുടെ പകർപ്പിൽ അച്ച് തയ്യാറാക്കി അതേപോലെ പുതിയ ചെമ്പുപാളിയുണ്ടാക്കി സ്വർണംപൂശിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ അനുമാനം.
ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയ ഇടപാടുകളിലൂടെ 474.9 ഗ്രാം സ്വർണം നഷ്ടമായതായി ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ദ്വാരപാലക ശിൽപങ്ങൾക്ക് പുറമെ കട്ടിളയിലും തട്ടിപ്പ് നടന്നു. കട്ടിളയുടെ പാളികൾ സ്വർണം പൂശിയതിനുശഷം ബാക്കിവന്ന 474.9 ഗ്രാം സ്വർണം ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കൈമാറിയതായാണ് കമ്പനി അറിയിച്ചത്. ഇത് ദേവസ്വത്തിൽ തിരിച്ചെത്തിയതിന് രേഖകളില്ല. പാളികളിൽ മീതയ്ക്കുമീതെ സ്വർണം പൂശാൻ സ്മാർട്ട് ക്രിയേഷൻസിന് സാങ്കേതിക വിദ്യയില്ല. ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർദ്ദേശപ്രകാരം പഴയസ്വർണം നീക്കി പുതിയത് പൂശുകയായിരുന്നു എന്നാണ് അവരുടെ പുതിയ വാദം.
2019 സെപ്റ്റംബർ 4ന് ദ്വാരപാലക ശില്പങ്ങളുടെ ഭാഗമായ 14 പാളികൾ സ്വർണം പൂശി കൈമാറി. 394.9 ഗ്രാം സ്വർണമാണ് ഉപയോഗിച്ചത്.
സ്മാർട്ട് ക്രിയേഷൻസിന് പ്രതിഫലമായി 109.243 ഗ്രാം സ്വർണമാണ് നൽകിയത്. സ്‌പോൺസർ എന്ന് പറഞ്ഞെത്തിയ പോറ്റി ഇതിനുള്ള പണം പോലും നൽകിയില്ല. പോറ്റിക്ക് ചെലവായെന്ന് പറയുന്നത് മൂന്ന് ഗ്രാം സ്വർണമാണ്. മൂന്ന് ഗ്രാം സ്വർണം മുടക്കി 474.9 ഗ്രാം സ്വർണ്ണം തട്ടിയെടുത്തെന്നാണ് വിവരം. ഇതിന് അരക്കോടിയിലധികം രൂപ വിലയുണ്ട്.