/sathyam/media/media_files/2026/01/06/theft-attempt-2026-01-06-22-35-16.jpg)
എഐ നിര്‍മ്മിത ചിത്രം
കോട്ടയം: കോട്ടയത്ത് മോഷ്ടാക്കള്‍ വിലസുന്നു. സ്വര്‍ണത്തിനു വില കൂടിയതോടെ സ്വര്‍ണം ലക്ഷ്യമിട്ടുള്ള കവര്‍ച്ചകളാണു ഏറെയും നടക്കുന്നത്.
രാമപുരം ആനിച്ചുവട്ടിലും പരിസരപ്രദേശങ്ങളിലും മോഷണം പെരുകുകയാണ്. കഴിഞ്ഞ രാത്രി ആനിച്ചുവട് തെങ്ങുംപറമ്പില്‍ സിറിയക്കിന്റെ വീട്ടില്‍ മോഷണം നടന്നു.
അടുക്കളവാതില്‍ തകര്‍ത്ത കള്ളന്‍ സ്വര്‍ണാഭരണങ്ങളും പണവും അപഹരിച്ചു. അമനകര ആനിച്ചുവട് ആലഞ്ചേരില്‍ വീട്ടിലും സമീപകാലത്ത് മോഷണം നടന്നിരുന്നു.
വൈക്കം നഗരത്തിലും മോഷണം പതിവായി. കഴിഞ്ഞ ദിവസം രണ്ടു ക്ഷേത്രങ്ങളില്‍ മോഷണം നടന്നു. ഞായറാഴ്ച പുലര്‍ച്ച ഒന്നിനും 2.30 നും ഇടയിലാണു സംഭവം.
വൈക്കം തെക്കേനട കണ്ണന്‍കുളങ്ങര ശാസ്ത ക്ഷേത്രത്തിലും കാളിയമ്മ നട ദേവി ക്ഷേത്രത്തിലുമാണ് മോഷണമുണ്ടായത്.
കണ്ണന്‍കുളങ്ങര ക്ഷേത്രത്തിലെ സ്റ്റീല്‍ കാണിക്ക വഞ്ചി എടുത്തു കൊണ്ടുപോയി പണം എടുക്കുന്നതും കാളിയമ്മ നട ക്ഷേത്രത്തില്‍ മോഷണത്തിനായി ഗേറ്റ് തുറക്കാന്‍ ശ്രമിക്കുന്നതും സി.സി ടി.വി യില്‍ പതിഞ്ഞിട്ടുണ്ട്. പാന്റ്‌സും ഷര്‍ട്ടും ധരിച്ച് മുഖം മറക്കാതെയാണു മോഷ്ടാവ് എത്തിയത്.
രണ്ടു മോഷണത്തിനും പിന്നില്‍ ഒരാളാണെന്നു സംശയിക്കുന്നു. ഇരു ക്ഷേത്രങ്ങളിലും അടുത്ത ദിവസം കാണിക്ക വഞ്ചിയിലെ പണം എടുത്തിരുന്നതിനാല്‍ കാര്യമായ നഷ്ടം സംഭവിച്ചിട്ടില്ലെന്നാണു ക്ഷേത്രം ഭാരവാഹികള്‍ പറയുന്നത്. വൈക്കം പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
അതേസമയം, സ്വര്‍ണത്തിനു വില കൂടിയതോടെ മോഷണം വ്യാപകമായതു പോലീസിനു തലവേദനയാണ്. മോഷ്ടാക്കളെ ഭയന്നു പലരും സ്വര്‍ണം ലോക്കറുകളിലേക്കു മാറ്റിയിരുന്നു. എന്നാല്‍, വീടുകളില്‍ സ്വര്‍ണം സൂക്ഷിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ ഏറെയാണെന്നാണു പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us