തിരൂർ ഡെപ്യൂട്ടി തഹസിൽദാർ പി.ബി. ചാലിബിനെ കാണാതായ സംഭവത്തിൽ വൻ ട്വിസ്റ്റ്; വ്യാജ പോക്സോ കേസിൽ 10 ലക്ഷം തട്ടിയെടുത്തു; മൂന്നുപേർ അറസ്റ്റിൽ

New Update
thahasildar

തിരൂർ: തിരൂർ ഡെപ്യൂട്ടി തഹസിൽദാർ പി.ബി. ചാലിബിനെ കാണാതായ സംഭവത്തിൽ വൻ ട്വിസ്റ്റ്. കേസിൽ കുടുക്കുമെന്ന് ബ്ലാക്ക്മെയിൽ സംഘം നിരന്തരം ഭീഷണിപ്പെടുത്തുകയും പണം തട്ടുകയും ചെയ്തതാണ് ചാലിബിനെ നാടുവിടാൻ പ്രേരിപ്പിച്ചത്. ഭീഷണിപ്പെടുത്തി പണംതട്ടിയ കേസിൽ രണ്ടുപേരെ തിരൂർ പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു.

Advertisment

10,30,000 രൂപയാണ് ഡെപ്യൂട്ടി തഹസിൽദാറിൽ നിന്ന് പ്രതികൾ തട്ടിയെടുത്തത്. കേസിൽ പൂവഞ്ചിന സ്വദേശി പാലക്കൽ മുഹമ്മദ് അജ്മൽ (34), രണ്ടത്താണി സ്വദേശി തയ്യിൽ മുഹമ്മദ് ഫൈസൽ (43) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മൂന്നു തവണയായാണ് പ്രതികൾ പണം കൈക്കലാക്കിയത്.

പണം കൈക്കലാക്കിയതിനു ശേഷം പ്രൈവറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസി എന്ന പേരിൽ ചാലിബിനെ വിളിച്ച് ഭീഷണിപ്പെടുത്തുകയും മാനസിക സമ്മർദത്തിലാക്കുകയും ചെയ്തു. തുടർന്നാണ് നാട്ടിൽനിന്ന് പോകാൻ അദ്ദേഹം തീരുമാനിച്ചത്.

പ്രതികളിലൊരാൾ നവംബർ ആറിന് വിളിച്ച് ഭീഷണിപ്പെടുത്തിയതിനു ശേഷമാണ് ചാലിബ് തിരൂരിൽ നിന്ന് മംഗലാപുരത്തേക്ക് പോയത്. വെള്ളിയാഴ്ച രാത്രി തിരിച്ചെത്തി പൊലീസിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസിലെ മറ്റൊരു പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

Advertisment