/sathyam/media/media_files/2025/09/23/photos369-2025-09-23-23-40-37.jpg)
തിരുവനന്തപുരം: സംസ്ഥാന ആസ്ഥാനം ഉൾപ്പെടുന്ന ഭൂമിയെ ചുറ്റിപ്പറ്റിയുളള കേസുകളാലും വിവാദങ്ങളാലും നിരന്തരം പിന്തുടരപ്പെട്ട് സി.പി.എം.
ആദ്യ ആസ്ഥാനത്തിന് ഭീഷണി ഉയർത്തിയിരുന്ന കൈയ്യേറ്റാരോപണങ്ങളിൽ നിന്നും പരാതികളിൽ നിന്നും രക്ഷപ്പെടുന്നതിന് വേണ്ടി പുതിയ ഭൂമി വാങ്ങി കെട്ടിടം നിർമ്മിച്ചപ്പോഴും കേസും പരാതികളും വിടാതെ പിന്തുടരുന്നതാണ് സി.പി.എമ്മിൻെറ ദുര്യോഗം.
പഴയ എ.കെ.ജി സെന്റർ നിർമ്മിക്കാൻ കേരള സർവകലാശാലയുടെ ഭൂമി കൈയ്യേറിയെന്ന് ആയിരുന്നു പരാതി.
എന്നാൽ കേസിൽപ്പെട്ട ഭൂമി വാങ്ങിയെടുത്ത് ആസ്ഥാനം നിർമ്മിച്ചു എന്നതാണ് പുതിയ എ.കെ.ജി സെന്ററുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദം.
ഒരു പരാതിയിൽ നിന്ന് രക്ഷപ്പെടാനും ശാശ്വത പരിഹാരം ഉണ്ടാക്കുന്നതിനും കണ്ടെത്തിയ ഉപായം പുതിയ വിവാദത്തിൽ കൊണ്ടുചെന്ന് എത്തിച്ചു എന്നതാണ് വാസ്തവം. ഭൂമി കേസിൽ നിന്ന് പാർട്ടിക്ക് രക്ഷയില്ലെന്ന് വന്നതോടെ മിണ്ടാൻ പറ്റാത്ത അവസ്ഥയിലാണ് സംസ്ഥാന നേതൃത്വം.
എന്നാൽ പുതിയ ആസ്ഥാന മന്ദിരവുമായി ബന്ധപ്പെട്ട കേസും വിവാദങ്ങളും ക്ഷണിച്ചുവരുത്തിയതാണെന്ന ആക്ഷേപവും പാർട്ടിക്കുളളിൽ ശക്തമാണ്.
പുതിയ എ.കെ.ജി സെന്റർ സ്ഥിതിചെയ്യുന്ന ഭൂമിയുടെ ഉടമയായ സ്ത്രീ അന്നത്തെ പാർട്ടി സെക്രട്ടറിക്ക് എഴുതിയ കത്ത് പുറത്തുവന്നതാണ് ഈ ആക്ഷേപത്തിൻെറ അടിസ്ഥാനം.
ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കമുളള ഭൂമിയാണെന്നും വലിയ നിയമയുദ്ധങ്ങളിലേക്ക് പോകാൻ സാധ്യതയുണ്ടെന്നും കാണിച്ച് കൊണ്ട് ലഭിച്ച കത്ത് അവഗണിച്ചാണ് അന്ന് സി.പി.എമ്മിൻെറ സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ ഭൂമി രജിസ്ട്രേഷനുമായി മുന്നോട്ടുപോയത്.
ഭൂമിയുടെ ഉടമയും വിക്രം സാരാഭായി സ്പേസ് സെന്ററിലെ ശാസ്ത്രജ്ഞയുമായ ഇന്ദുഗോപനാണ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കമുണ്ടെന്ന് അറിയിച്ചുകൊണ്ട് പാർട്ടി നേതൃത്വത്തിന് കത്തയച്ചത്.
സമൂഹത്തിൽ വിശ്വാസ്യതയുളള വ്യക്തിയും പ്രമുഖ സ്ഥാപനത്തിലെ പ്രധാന തസ്തികയിൽ ഇരിക്കുന്ന വ്യക്തിയുടെ മുന്നറിയിപ്പ് അവഗണിച്ച് മുന്നോട്ട് പോയതിൻെറ ഭവിഷ്യത്താണ് ഇപ്പോൾ അനുഭവിക്കുന്നതെന്നാണ് പാർട്ടി നേതാക്കൾ തന്നെ ചൂണ്ടിക്കാട്ടുന്നത്.
നിയമക്കുരുക്കിൽ പെട്ട് കിടന്ന ഭൂമി പാർട്ടിയുടെ എല്ലാത്തലത്തിലുമുളള സ്വാധീനം ഉപയോഗിച്ച് കൈക്കലാക്കിയെന്ന ദുഷ്പേരാണ് സി.പി.എം നേരിടുന്നതെന്ന് നേതാക്കൾ തന്നെ ചൂണ്ടിക്കാട്ടുന്നു. കേസിൻെറ ഉടമസ്ഥാവകാശം സംബന്ധിച്ച് ഇന്ദു ഗോപൻ ഫയൽ ചെയ്ത കേസിൽ സുപ്രിംകോടതി സി.പി.എമ്മിന് നോട്ടീസ് അയച്ചിരിക്കുകയാണ്.
ഈമാസം 19ന് അയച്ച നോട്ടീസിന് ഒരാഴ്ച്ചക്കകം മറുപടി നൽകണമെന്നാണ് സുപ്രീം കോടതിയുടെ നിർദ്ദേശം.സുപ്രിം കോടതി ജസ്റ്റീസുമാരായ അരവിന്ദ് കുമാർ, മൻമോഹൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
കേസ് കടുക്കുമെന്ന് തിരിച്ചറിഞ്ഞ് സി.പി.എം പ്രമുഖ അഭിഭാഷകരെ ഇറക്കി പ്രതിരോധിക്കാനുളള ശ്രമത്തിലാണ്.ഹൈക്കോടതി ജഡ്ജി പദവി രാജിവെച്ച ശേഷം സുപ്രിംകോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന വി.ഗിരിയാണ് ഭൂമി തർക്കത്തിൽ സി.പി.എമ്മിന് വേണ്ടി വാദിക്കുന്നത്.
ഇപ്പോൾ സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ ആസ്ഥാനമായി പ്രവർത്തിക്കുന്ന പുതിയ എ.കെ.ജി സെന്റർ ഉൾപ്പെടുന്ന 32 സെന്റ് ഭൂമിയുടെ ആദ്യ ഉടമസ്ഥർ പോത്തൻസ് കുടുംബാംഗങ്ങളായിരുന്നു.
കുടുംബം ഫിനാൻസ് ആന്റ് ഇൻവെസ്റ്റമെന്റ് കോർപ്പറേഷനിൽ നിന്ന് എടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെ ജപ്തി നടപടികൾ നേരിടേണ്ടി വന്നു.ഇതിനിടെ പോത്തൻസ് കുടുംബത്തിൽ നിന്ന് ഇന്ദു ഗോപനും അപ്പുപ്പനും ഈ ഭൂമി വാങ്ങി.
1998 ഏപ്രിൽ 6ന് ഇന്ദു ഗോപൻ 16 സെൻറും 2000 സെപ്റ്റംബർ 3ന് അപ്പൂപ്പൻ പി.ജനാർദ്ദനൻ പിളള ബാക്കി 16സെന്റും വിലയ്ക്ക് വാങ്ങി. ബാധ്യതകളൊന്നുമില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് ഭൂമി വാങ്ങിയതെന്നാണ് ഇന്ദുവിൻെറയും കുടുംബത്തിൻെറയും അവകാശവാദം.
ഇന്ദുവിൻെറ കൈവശമിരിക്കെത്തന്നെ ഭൂമി ലേലം ചെയ്യപ്പെട്ടു.പോത്തൻസ് കുടുംബം വായ്പാ തിരിച്ചടക്കാത്തതിൻെറ പേരിലായിരുന്നു കോടതി ഇടപെട്ട് ലേലം ചെയ്തത്. എന്നാൽ നടപടിക്രമങ്ങൾ പാലിക്കാതെയാണ് കോടതി ലേലം പൂർത്തീകരിച്ചതെന്നാണ് ഇന്ദുവിൻെറ പരാതി.
ലേല നടപടികൾ സുതാര്യമല്ലെന്ന് ചൂണ്ടിക്കാട്ടി ഇന്ദു ഗോപൻ സുപ്രിംകോടതിയിൽ ഫയൽ ചെയ്ത പരാതിയിലാണ് ഇപ്പോൾ സി.പി.എമ്മിന് നോട്ടീസ് ലഭിക്കുകയും വിവാദം ഉണ്ടാകുകയും ചെയ്തിരിക്കുന്നത്.
ലേല നടപടികൾ സുതാര്യമല്ലെന്നും ഇക്കാരണം കൊണ്ടുതന്നെ ലേലം റദ്ദാക്കണമെന്നുമാണ് പരാതിക്കാരിക്ക് വേണ്ടി സുപ്രിം കോടതിയിൽ ഹാജരായ മുതിർന്ന അഭിഭാഷകൻ വി.ചിദംബരേഷിൻെറ വാദം.
തർക്കത്തിൽപ്പെട്ട ഭൂമി പാർട്ടി വാങ്ങുന്നുവെന്ന് അറിഞ്ഞ് അന്നത്തെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നിയമപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കത്തയച്ചിരുന്ന വിവരവും വാദത്തിൽ ഉന്നയിച്ചിട്ടുണ്ട്.
നിയമപോരാട്ടത്തിൻെറ അന്ത്യമെന്ത് തന്നെയായാലും സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുന്ന വാദമാണിത്.കേസിൽപ്പെട്ട ഭൂമിയാണെന്ന് അറിഞ്ഞിട്ടും അത് വാങ്ങി ആസ്ഥാനമന്ദിരം നിർമ്മിച്ചതിന് പിന്നിലെ ഉദ്ദേശം എന്തായിരുന്നു എന്ന ചോദ്യമാണ് സി.പി.എമ്മിന് നേരെ ഉയരുന്നത്.
ഭൂമി രജിസ്റ്റർ ചെയ്യുന്നതിന് 3 മാസം മുൻപ് തന്നെ കേസുളള വിവരം സി.പി.എമ്മിൻെറ ശ്രദ്ധിയിൽ എത്തിയിരുന്നു എന്നതിന് തെളിവാണ് ഇന്ദുഗോപൻ അന്നത്തെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അയച്ച കത്ത്.
2020 സെപ്റ്റംബർ 25നാണ് പുതിയ എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന 32 സെന്റ് ഭൂമി സി.പി.എം രജിസ്റ്റർ ചെയ്ത് വാങ്ങുന്നത്.
അതിനും മൂന്ന് മാസം മുൻപ് തന്നെ വാങ്ങാൻ പോകുന്ന ഭൂമി തർക്കത്തിലുളള ഭൂമിയാണെന്ന വിവരം കത്ത് മുഖേന സി.പി.എമ്മിൻെറ ശ്രദ്ധയിൽ എത്തിയിരുന്നു.കൃത്യമായി പറഞ്ഞാൽ 2020 ജൂൺ 9നാണ് ഭൂമിയുടെ ഉടമസ്ഥാവകാശത്തിൽ തർക്കമുണ്ടെന്ന് അറിയിച്ചുകൊണ്ടുളള കത്ത് സി.പി.എം സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന് ലഭിക്കുന്നത്.
തർക്ക ഭൂമി പാർട്ടി വാങ്ങുന്നുവെന്ന് മനസിലാക്കിയാണ് വിവരം അറിയിക്കുന്നതെന്നും കത്തിൽ വ്യക്തമാക്കിയിരുന്നു.ഇതെല്ലാം അവഗണിച്ചാണ് ഭൂമി വാങ്ങലുമായി സി.പി.എം മുന്നോട്ട് പോയത്.
പാർട്ടി ഭരണത്തിലിരിക്കുന്നതിൻെറയും സംഘടനാ സ്വാധീനത്തിൻെറയും ആത്മവിശ്വാസത്തിലാണ് ഭൂമി വാങ്ങിയതെന്നാണ് ഉയരുന്ന ആക്ഷേപം.