'സസ്പെൻഷൻ പോരാ പിരിച്ചു വിടണം, സർക്കാർ നീക്കം അംഗീകരിക്കില്ല'; സമരം തുടരുമെന്ന് വിഡി സതീശൻ

സുജിത്തിനെ ക്രൂരമായി മർദ്ദിച്ച മുൻ പൊലീസ് ഡ്രൈവറെ സർക്കാർ ഇപ്പോഴും ചേർത്ത് പിടിക്കുന്നത് ആർക്കു വേണ്ടിയാണ്?

New Update
 v d sateeshan 11

തിരുവനന്തപുരം: നാല് പോലീസുകാരെ സസ്പെൻഡ് ചെയ്ത് ക്രൂരമായ കസ്റ്റഡി മർദ്ദനത്തിന് നേതൃത്വം നൽകിയ നരാധമന്മാരെ സംരക്ഷിക്കാനുള്ള സർക്കാർ നീക്കം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

Advertisment

ഇപ്പോഴത്തെ തീരുമാനത്തെ ചെറിയൊരു നടപടിയായി മാത്രമേ കാണാനാകൂ. മാത്രമല്ല ഈ നടപടി രണ്ട് വർഷം മുൻപ് സ്വീകരിക്കേണ്ടതായിരുന്നുവെന്നും സതീശൻ കൂട്ടിച്ചേർത്തു.

ക്രൂര മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്ന ശേഷവും സർക്കാർ പൊലീസുകാരെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. സുജിത്തിനെ ക്രൂരമായി മർദ്ദിച്ച മുൻ പൊലീസ് ഡ്രൈവറെ സർക്കാർ ഇപ്പോഴും ചേർത്ത് പിടിക്കുന്നത് ആർക്കു വേണ്ടിയാണ്?

കൊടുംക്രൂരത കാട്ടിയ അഞ്ച് ക്രിമിനലുകളെയും സർവീസിൽ നിന്ന് പുറത്താക്കി നിയമ നടപടി സ്വീകരിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.

കണ്ണില്ലാത്ത ക്രൂരത കാട്ടിയ ഉദ്യോഗസ്ഥരെ പുറത്താക്കും വരെ യു.ഡി.എഫ് സമരം തുടരുമെന്നും സതീശൻ കൂട്ടിച്ചേർത്തു.

കടുത്ത പ്രതിഷേധം ഉയർന്നതോടെയാണ് കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സജിത്തിനെ കസ്റ്റഡിയിലെടുത്ത് മർദിച്ച നാല് പോലീസുകാരെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.

പ്രതികളായ എസ് ഐ നുഹ്മാൻ , സിപി ഒമാരായ ശശിധരൻ, കെജെ സജീവൻ, എസ് സന്ദീപ് എന്നിവരെയാണ് സസ്പെൻ്റ് ചെയ്ത് ഉത്തരവിറങ്ങിയത്.  

Advertisment