അടി തൊഴി ആഭ്യന്തരം. കസ്റ്റഡി മർദ്ദനത്തിൽ വിറങ്ങലിച്ച് കേരളം. പ്രതിച്ഛായ നഷ്ടപ്പെട്ട് ആഭ്യന്തര വകുപ്പ്. മൗനം തുടർന്ന് മുഖ്യമന്ത്രിയും സർക്കാരും

കസ്റ്റഡിമർദ്ദനം സംബന്ധിച്ച് കാര്യങ്ങൾ ഒന്നിനുപിറകേ ഒന്നായി  പുറത്തുവന്നതോടെ പിണറായി സർക്കാരിൻറെ പ്രതിച്ഛായക്ക് കാര്യമായ മങ്ങലേറ്റു. 

New Update
photos(190)

തിരുവനന്തപുരം: സംസ്ഥാനത്താകെ നടക്കുന്ന കസ്റ്റഡി മർദ്ദനങ്ങളിൽ വിറങ്ങലിച്ച് രണ്ടാം പിണറായി സർക്കാർ.

Advertisment

കുന്നംകുളം പോലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവിനെ ക്രൂരമായി മർദ്ദിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ നിന്ന് പോലീസ് ക്രൂരതയുടെ തെളിവുകളും പരാതികളും പ്രവഹിക്കുമ്പോഴും മുഖ്യമന്ത്രിയും സർക്കാരും മൗനം അവലംബിക്കുകയാണ്.


പോലീസ് മർദ്ദനത്തിന്റെ കഥകൾ തലങ്ങും വിലങ്ങും പറഞ്ഞ പ്രചരിപ്പിച്ച് അധികാരത്തിലെത്തിയ സിപിഎം ഭരണം നടത്തുമ്പോഴാണ് സംസ്ഥാനത്ത് അങ്ങോളമിങ്ങോളം പോലീസ് അഴിഞ്ഞാടുന്നത്. 


സ്റ്റേഷനിൽ എത്തുന്നവരുടെ പോലീസുകാർ മാന്യമായി പെരുമാറണമെന്ന് മുമ്പ് പലതവണ ആവർത്തിച്ച് പറഞ്ഞിട്ടുള്ള മുഖ്യമന്ത്രി പുറത്തുവന്ന കസ്റ്റഡി മർദ്ദന ദൃശ്യങ്ങളെ കുറിച്ച് ഇതുവരെ പ്രതികരിക്കാതിരിക്കുന്നത് പ്രതിപക്ഷം ആയുധമാക്കി കഴിഞ്ഞു.

കുന്നംകുളം സംഭവത്തിന് പിന്നാലെ മൂവാറ്റുപുഴ, പീച്ചി കൊല്ലം, കോഴിക്കോട് എന്നിവിടങ്ങളിൽ കസ്റ്റഡി  മർദ്ദനമേറ്റ ആളുകളും രംഗത്തിറങ്ങി കഴിഞ്ഞു.


കുന്നംകുളം ചൊവ്വന്നൂർ മണ്ഡലം പ്രസിഡൻറ് വി എസ് സുജിത്തിനെ മർദ്ദിച്ച പോലീസുകാരെ സർവീസിൽ നിന്നും പിരിച്ചുവിടുന്നത് വരെ സമരം തുടരുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. 


കസ്റ്റഡിമർദ്ദനം സംബന്ധിച്ച് കാര്യങ്ങൾ ഒന്നിനുപിറകേ ഒന്നായി  പുറത്തുവന്നതോടെ പിണറായി സർക്കാരിൻറെ പ്രതിച്ഛായക്ക് കാര്യമായ മങ്ങലേറ്റു. 

കുന്നംകുളത്തെ മൃഗീയ മർദ്ദനത്തിന് പിന്നാലെ പലയിടങ്ങളിൽ നിന്നുമുള്ള മർദ്ദന ദൃശ്യങ്ങൾ പുറത്തുവന്നതും സർക്കാരിനും ആഭ്യന്തരവകുപ്പിനും പോലീസ് സേനയ്ക്കും വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിട്ടുള്ളത്.

 ഇതൊരു പിന്നാലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് സംസ്ഥാന വിവരാവകാശ കമ്മീഷനിലേക്ക് അപ്പീലുകൾ പ്രവഹിക്കുകയാണ്.

കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് തനിക്ക് നേരെയുള്ള ആരോപണം ശരിയല്ലെന്ന് തെളിയിക്കാൻ നിയമ പോരാട്ടം നടത്തുന്ന ഒരു പോലീസ് ഉദ്യോഗസ്ഥ ഉൾപ്പെടെ 12ലേറെ അപ്പീലുകൾ കമ്മീഷന്റെ വിവിധ ബെഞ്ചുകളിൽ പരിഗണനയിൽ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം.

കുന്നംകുളത്തെ സുജിത്തിന്റെ വിവരാവകാശ അപ്പീലിൽ നേരത്തെ അനുകൂല ഉത്തരവ് നൽകിയിരുന്നെങ്കിൽ സാങ്കേതിക കാര്യങ്ങൾ പറഞ്ഞാൽ പോലീസ് ദൃശ്യങ്ങൾ നൽകാൻ തയ്യാറായിരുന്നില്ല.


തുടർന്ന് മറ്റൊരാപ്പിയിൽ വിവരാവകാശ കമ്മീഷണർ സോണിച്ചൻ പി ജോസഫിന്റെ മുന്നിൽ എത്തിയതോടെ വീണ്ടും അനുകൂല ഉത്തരം ഉണ്ടാവുകയും ദൃശ്യങ്ങൾ നൽകാൻ പോലീസ് തയ്യാറാവുകയും ചെയ്തത്.


കസ്റ്റഡി മർദ്ദനങ്ങളിൽ കടുത്ത നടപടി ഉണ്ടാകുമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡാ ചന്ദ്രശേഖർ വ്യക്തമാക്കുമ്പോഴും രാഷ്ട്രീയ നേതൃത്വം പാലിക്കുന്ന മൗനം ദുരൂഹമാണെന്ന് ആരോപണമാണ് പ്രതിപക്ഷം ഉയർത്തുന്നത്.

മുമ്പ് നവകേരള സദസ്സിനിടെ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടും യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.

പോലീസിന് പുറമേ ഡിവൈഎഫ്ഐ സിപിഎം പ്രവർത്തകരും അന്ന് മർദ്ദനത്തിനായി രംഗത്തിറങ്ങിയിരുന്നു. നിലവിൽ സർക്കാർ പൂർണ്ണ പ്രതിസന്ധിയിൽ ആയിട്ടും മുഖ്യമന്ത്രിയോ പാർട്ടി നേതൃത്വമോ കസ്റ്റഡി മർദ്ദനം സംബന്ധിച്ച് പുറത്തുവന്ന ദൃശ്യങ്ങളെ പറ്റി പ്രതികരിക്കാൻ തയ്യാറായിട്ടില്ല എന്നതാണ് യാഥാർത്ഥ്യം

Advertisment