നിയമസഭയിൽ നിലതെറ്റുമോ. കസ്റ്റഡി മർദ്ദനം നിയമസഭയിൽ ഉന്നയിക്കാൻ തയ്യാറെടുത്തു പ്രതിപക്ഷം. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ ഉയർത്തി പ്രതിരോധിക്കാൻ ഭരണപക്ഷം. കസ്റ്റഡി മർദ്ദനങ്ങളിൽ ആഭ്യന്തരവകുപ്പിന്റെ നിസ്സംഗത സി.പി.എമ്മിനുള്ളിൽ ചർച്ചയാവുന്നു. എൽഡിഎഫിലും അമർഷം. കണ്ണടച്ചിരുട്ടാക്കി സിപിഎം നേതൃത്വം

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് ശേഷം ആദ്യമായി ചേരുന്ന നിയമസഭയിൽ പ്രതിപക്ഷ ഭരണപക്ഷ ബെഞ്ചുകളുടെ ഏറ്റുമുട്ടലിൽ തീ പാറു എന്നാണ് കരുതപ്പെടുന്നത്.

New Update
photos(191)

തിരുവനന്തപുരം: ദിവസേന പുറത്തുവരുന്ന കസ്റ്റഡി മർദ്ദന വാർത്തകൾ സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചു കുലുക്കുമ്പോഴും സി.പി.എം, എൽ.ഡി.എഫ് നേതൃത്വങ്ങൾ പാലിക്കുന്ന മൗനത്തിനെതിരെ പാർട്ടിയിലും മുന്നണിയിലും രോഷമുയയിരുന്നു.

Advertisment

ഈ മാസം 15ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ വിഷയം ഉന്നയിക്കാൻ പ്രതിപക്ഷം തയ്യാറെടുക്കുന്നതിനിടെയാണ് പാർട്ടിയിലും മുന്നണിയിലും കസ്റ്റഡി മർദ്ദനത്തെപ്പറ്റി ചൂടേറിയ ചർച്ചകൾ നടക്കുന്നത്.


യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന സ്ത്രീ പീഡന ആരോപണങ്ങൾ സർക്കാരും സിപിഎമ്മും ഭരണപരമായും രാഷ്ട്രീയമായും ഉപയോഗപ്പെടുത്തി മുന്നോട്ടു പോകുന്നതിനിടയിലാണ് കസ്റ്റഡി മർദ്ദനം സംബന്ധിച്ച വാർത്തകൾ സർക്കാരിനെയും പാർട്ടിയെയും മുന്നണിയെയും ഒരുപോലെ പ്രതിരോധത്തിൽ ആക്കുന്നത്.


നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് ശേഷം ആദ്യമായി ചേരുന്ന നിയമസഭയിൽ പ്രതിപക്ഷ ഭരണപക്ഷ ബെഞ്ചുകളുടെ ഏറ്റുമുട്ടലിൽ തീ പാറു എന്നാണ് കരുതപ്പെടുന്നത്.

കുന്നംകുളത്തെ യൂത്ത് കോൺഗ്രസ് നേതാവിന് നേരിട്ട പോലീസ് മർദ്ദനം അടക്കം വിവിധ കസ്റ്റഡി മർദ്ദനങ്ങൾ ഉന്നയിച്ച് സർക്കാരിനെ രാഷ്ട്രീയമായി വരിഞ്ഞു മുറുക്കാനുള്ള നീക്കങ്ങളുമായാവും യുഡിഎഫ് കളം നിറയുക.


എന്നാൽ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന സ്ത്രീ പീഡന ആരോപണങ്ങൾ ഉയർത്തി എത്രമാത്രം പ്രതിപക്ഷത്തിന് മുമ്പിൽ സർക്കാരിന് പിടിച്ചുനിൽക്കാനാവും എന്നതും കണ്ടറിയേണ്ടതുണ്ട്. 


ആഭ്യന്തരവകുപ്പിനെ പ്രതിക്കൂട്ടിൽ നടത്തുന്ന കസ്റ്റഡി മർദ്ദനങ്ങളിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് ആവശ്യം പ്രതിപക്ഷം മുന്നോട്ടു വെച്ചേക്കും.

നിയമസഭാ സമ്മേളനത്തിന് മുമ്പായി എൽഡിഎഫ് യോഗം വിളിച്ചുകൂട്ടി കാര്യങ്ങൾ വിശദീകരിച്ച് മുന്നണി നേതാക്കളെ ഒറ്റക്കെട്ടായി യുഡിഎഫിനെതിരെ അണിനിരത്താനും സി.പി.എം ശ്രമിച്ചേക്കും.

എന്നാൽ തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ സംസ്ഥാന പോലീസിന്റെ വഴിവിട്ട നടപടികൾ സർക്കാരിന് ഉണ്ടാക്കിയ തലവേദനയിൽ എൽഡിഎഫിലും അതൃപ്തി പുകയുകയാണ്.

നിർണായക രാഷ്ട്രീയ നീക്കങ്ങൾ നടത്തേണ്ട സമയത്ത് സർക്കാരിനെതിരായ ആരോപണങ്ങളിൽ മറുപടി പറയേണ്ട അവസ്ഥയാണ് മുന്നണി നേതൃത്വത്തിന് വന്നിട്ടുള്ളതെന്നും ഇത് രാഷ്ട്രീയമായി തിരിച്ചടിക്കുമെന്നുമാണ് ചില എൽഡിഎഫ് നേതാക്കൾ വ്യക്തമാക്കുന്നത്.


പോലീസിനെ ഇത്തരത്തിൽ കയറൂരി വിടുന്ന ആഭ്യന്തരവകുപ്പിന്റെ നടപടിക്കെതിരെയും രോഷമുയർന്നിട്ടുണ്ട്. നിയമസഭാ സമ്മേളനത്തിന് മുമ്പ് എൽ.ഡി.എഫ് വിളിച്ചു ചേർത്താൽ മുന്നണി യോഗത്തിൽ രോഷപ്രകടനം ഉയർന്നേക്കുമോ എന്ന് ആശങ്കയും സി പി.എമ്മിനുണ്ട്. 


പല നേതാക്കളും അനൗദ്യോഗികമായ ആശയവിനിമയത്തിലൂടെ ഇത് സിപിഎം നേതൃത്വത്തെ അറിയിക്കാൻ ശ്രമിച്ചിട്ടും അവർ കണ്ണടച്ച് ഇരുട്ടാക്കി മുന്നോട്ടു പോകുകയാണ്.

എൽഡിഎഫിലെ രണ്ടാം കക്ഷിയായ സിപിഐ ഇക്കാര്യത്തിൽ സ്വീകരിക്കുന്ന നിലപാടും നിർണായകമാവും. പല വിഷയങ്ങളിലും സിപിഐയുടെ അഭിപ്രായത്തെ മാനിക്കാതെയാണ് സി.പി.എം മുന്നോട്ടുപോകുന്നതെന്ന് ആരോപണവും സി.പി.ഐ നേതൃത്വത്തിൽ പ്രകടമാണ്.

അതുകൊണ്ടുതന്നെ കസ്റ്റഡി മർദ്ദനം സംബന്ധിച്ച വിഷയങ്ങളിൽ സിപിഐ കടുത്ത നിലപാട് സ്വീകരിക്കാനും സാധ്യതകളുണ്ട്. എന്തായാലും തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി നടക്കുന്ന നിയമസഭാ സമ്മേളനത്തിൽ രാഷ്ട്രീയ പോർവിളികൾ ഉയരുമെന്നുള്ളതിൽ തർക്കമില്ല.

Advertisment