/sathyam/media/media_files/WV9bXKagNvVllEUgvJII.jpg)
തിരുവനന്തപുരം : ബീഡിയും ബീഹാറും എന്ന കെ.പി.സി സി ഡിജിറ്റൽ മീഡിയ സെല്ലിന്റെ വിവാദ പോസ്റ്റിൽ വി.ടി ബൽറാമിന് പിന്തുണയുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് രംഗത്ത്.
ബൽറാമിനെ തേജോധം ചെയ്യാൻ ശ്രമം നടക്കുകയാ ണെന്നും അദ്ദേഹം ഡിജിറ്റൽ മീഡിയ സെല്ലിന്റെ ചുമതല ഒഴിഞ്ഞിട്ടില്ലെന്നും ആണ് സണ്ണി ജോസഫ് വ്യക്തമാക്കുന്നത്. ഇതിനിടെവിവാദ സോഷ്യൽ മീഡിയ പോസ്റ്റില്‍ നിലപാട് വിശദീകരിച്ച് വി ടി ബൽറാം രംഗത്ത് വന്നു.
തന്‍റെ അറിവോടെയല്ല പോസ്റ്റെന്നും വിവാദങ്ങള്‍ അനാവശ്യമാണെന്നും വി ടി ബല്‍റാം പറഞ്ഞു. സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന ടീമിന് പറ്റിയ വീഴ്ചയാണ് അതെന്നും പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ തിരുത്തിച്ചത് താനാണെന്നും അദ്ദേഹം പറഞ്ഞു.
ദൈനംദിന കാര്യങ്ങളിൽ ഇടപെടാൻ കഴിയാത്തത് നേരത്തെ തന്നെ നേതൃത്വത്തെ ബോധ്യ പ്പെടുത്തിയതാണെന്നും ബൽറാം വ്യക്തമാക്കി.
കെ.പി സി.സി നേതൃയോഗത്തിലാണ് ഇത്തരമൊരു വിശദീകരണം അദ്ദേഹം നൽകിയത്.
അതേസമയം, ദേശീയ വിഷയങ്ങളിൽ സ്വന്തം നിലയ്ക്ക് പ്രതികരണം വേണ്ട എന്ന് സോഷ്യൽ മീഡിയ വിഭാഗത്തിന് കെ.പി.സി.സി നിർദേശം നല്‍കി.
കൂടാതെ പൊലീസ് അതിക്രമങ്ങൾക്ക് എതിരായ പ്രചാരണത്തില്‍ നിന്നും ശ്രദ്ധ മാറരുത് എന്നും നിർദേശം. നേതാക്കൾ ഈ വിഷയങ്ങളിൽ പ്രതികരണം തുടരണമെന്നും കെ.പി.സി.സി നേതൃയോഗത്തിൽ അധ്യക്ഷൻ അറിയിച്ചു.
ബീഹാറിനെയും ബീഡിയെയും തമ്മില്‍ താരതമ്യം ചെയ്ത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കേരളാ ഘടകം പങ്കുവെച്ച പോസ്റ്റ് വിവാദമായതിനെ തുടര്‍ന്നാണ് പിന്‍വലിച്ചത്.
ബീഡിയുടെ ജി.എസ്.ടി കുറച്ചപ്പോൾ ബീഹാർ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്തുള്ള പോസ്റ്റാണ് വിവാദമായത്.ബിഹാറിനെ ആക്ഷേപിച്ചു എന്ന വിമർശനം ദേശീയ തലത്തിൽ ബി.ജെ.പി ഉയർത്തിയതോടെ കെ.പി.സി.സി തന്നെ പ്രതിരോധത്തിലായിരുന്നു.
''ബീഡിയും ബീഹാറും ബിയിലാണ് തുടങ്ങുന്നത്. ഇനി പാപമായി കണക്കാക്കാന്‍ കഴിയില്ല'' എന്നായിരുന്നു കോണ്‍ഗ്രസ് പങ്കുവെച്ച പോസ്റ്റ്. പുകയിലെ ഉത്പന്നങ്ങളുടെ നിലവിലുള്ളതും നിര്‍ദ്ദിഷ്ട ജിഎസ്ടി നിരക്കുകളും വ്യക്തമാക്കുന്ന ഒരു പട്ടികയും അവര്‍ പങ്കുവെച്ചിരുന്നു.