/sathyam/media/media_files/2025/09/08/photos206-2025-09-08-22-03-33.jpg)
തിരുവനന്തപുരം: പഴം പച്ചക്കറി വിപണിയിൽ ഇത്തവണയും താരമായി കൃഷി വകുപ്പിന്റെ കർഷക ചന്തകൾ. കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ ഒന്നു മുതൽ നാലുവരെ സംസ്ഥാനത്തുടനീളം 2000 വിപണന കേന്ദ്രങ്ങൾ വഴിയാണ് ആകെ 3446 മെട്രിക് ടൺ പച്ചക്കറികൾ സംഭരിച്ചത്.
ഇതിൽ 2510 മെട്രിക് ടൺ സംഭരിച്ചത് നേരിട്ട് കർഷകരിൽ നിന്നാണ്. സംഭരണ തുകയായ 10.05 കോടി രൂപയിൽ ഭൂരിഭാഗവും കർഷകർക്ക് ഇതിനോടകം വിതരണം ചെയ്തിട്ടുണ്ട്.
ഓണവിപണിയിലെ അനിയന്ത്രിതമായ വിലക്കയറ്റം തടയാനും കർഷകർ ഉത്പാദിപ്പിച്ച ഉൽപ്പന്നങ്ങൾക്ക് മികച്ച വില ഉറപ്പു വരുത്താനും ഉദ്ദേശിച്ച് നടപ്പിലാക്കുന്ന കർഷകച്ചന്തകളിലൂടെ ഓണക്കാലത്ത് പരമാവധി സുരക്ഷിത ഭക്ഷണം പൊതുജനത്തിന് ഉറപ്പു വരുത്തുന്നതിനാണ് കൃഷി വകുപ്പ് ലക്ഷ്യം വെക്കുന്നത്.
ഇത്തവണ സംസ്ഥാനത്തെ കർഷക ചന്തകളിലൂടെ ആകെ സംഭരിച്ചത് 1533.14 ലക്ഷം രൂപ മൂല്യമുള്ള 3446 മെട്രിക് ടൺ പഴം/പച്ചക്കറികൾ എന്നിവയാണ്. ഇതിൽ 1840 മെട്രിക് ടൺ കൃഷിഭവനുകൾ സംഘടിപ്പിച്ച കർഷക ചന്തകൾ മുഖേനയും, 1352 ടൺ ഹോർട്ടികോർപ്പ് മുഖേനയും 254 മെട്രിക് ടൺ VFPCK മുഖേനയും സംഭരിച്ചു.
ഈ ഓണം കേരള ഗ്രോക്കൊപ്പം എന്ന ആശയം അവതരിപ്പിച്ച ഈ വർഷത്തെ കർഷക ചന്തകളിലൂടെ 18.5 ലക്ഷം രൂപയുടെ കേരളഗ്രോ മൂല്യവർധിത ഉൽപ്പന്നങ്ങളും വിറ്റഴിക്കാൻ കഴിഞ്ഞു.
കൃഷിഭവനുകൾ കേന്ദ്രികരിച്ച് 1076 വിപണികളും, ഹോർട്ടികോർപ്പിന്റെ 764 വിപണികളും വിഎഫ്പിസികെ നടപ്പിലാക്കുന്ന 160 വിപണികളും ഉൾപ്പെടെ ആകെ 2000 കർഷക ചന്തകളാണ് ഈ വർഷം കൃഷിവകുപ്പ് ഒരുക്കിയത്.
പൊതുവിപണിയിലെ വിലയുടെ 10% അധികം വില നൽകി കർഷകരിൽ നിന്നും സംഭരിച്ച പഴം പച്ചക്കറികൾ വിപണി വിലയേക്കാൾ 30% വരെ വില കുറച്ചാണ് പൊതുജനങ്ങൾക്ക് ലഭ്യമാക്കിയത്.