ഡിജിറ്റൽ മീഡിയ സെല്ലിനെ ചൊല്ലി കോൺ​ഗ്രസിൽ പുതിയ വിവാദം. പ്രതിപക്ഷ നേതാവിനെ ഉന്നം വച്ച് പുതിയ നിര. സൈബർ ആക്രമണങ്ങൾ ഭയന്ന് ഷാഫി - രാഹുൽ ടീമിനെ വിമർശിക്കാൻ പോലും മടിച്ച് നേതാക്കൾ. കോൺഗ്രസിനെ ഹൈജാക് ചെയ്യാൻ ഒരു വിഭാഗം

ബിഹാർ തിരഞ്ഞെടുപ്പ് മുൻനിർത്തി കോൺഗ്രസ് പുറത്തുകൊണ്ടുവന്ന വോട്ടർ പട്ടിക ആക്രമിക്കയുടെ അടക്കമുള്ള ആക്ഷേപങ്ങളെ പിറകോട്ട് വലിക്കുന്നതാണ് ബീഡി പരാമർശം എന്നാണ് പൊതുവേ ഉയർന്ന വിമർശനം. 

New Update
photos(237)

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്ക് എതിരായ ലൈംഗിക പീഡന ആരോപണത്തോടെ കലുഷിതമായ  സംസ്ഥാന കോൺഗ്രസിൽ പുതിയ വിവാദം. 

Advertisment

ഡിജിറ്റൽ മീഡിയ സെല്ലിനെ ചൊല്ലിയാണ് പാർട്ടിയിൽ പുതിയ വിവാദം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. ബിഹാറിനെയും ബീഡിയേയും ബന്ധപ്പെടുത്തിക്കൊണ്ട് സംസ്ഥാന കോൺഗ്രസിന്റെ ഔദ്യോഗിക പേജിൽ വന്ന ട്വീറ്റിനെ ചൊല്ലിയാണ് വിവാദം. 

ബിഹാർ തിരഞ്ഞെടുപ്പ് മുൻനിർത്തി കോൺഗ്രസ് പുറത്തുകൊണ്ടുവന്ന വോട്ടർ പട്ടിക ആക്രമിക്കയുടെ അടക്കമുള്ള ആക്ഷേപങ്ങളെ പിറകോട്ട് വലിക്കുന്നതാണ് ബീഡി പരാമർശം എന്നാണ് പൊതുവേ ഉയർന്ന വിമർശനം. 


കോൺഗ്രസിന്റെ ഡിജിറ്റൽ മീഡിയ സെൽ ചുമതലയിൽ നിന്ന് ഒഴിയാൻ സന്നദ്ധത പ്രകടിപ്പിച്ച് വിടി ബൽറാം രംഗത്ത് വരികയും ചെയ്തിരുന്നു. ബൽറാമിന് നേരിട്ട് പങ്കില്ലാത്ത വിഷയം ആണെങ്കിലും ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്തായിരുന്നു ചുമതല ഉഴിയാൻ സന്നദ്ധനായത്. 


എന്നാൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇതിനിടെ നടത്തിയ ഒരു പരാമർശമാണ് പാർട്ടിക്കകത്ത് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. കോൺഗ്രസിന് ഡിജിറ്റൽ മീഡിയ സെൽ ഇല്ലെന്നായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ പരാമർശം.

പ്രതിപക്ഷ നേതാവിന്റെ ഈ പരാമർശത്തിൽ കോൺഗ്രസിൽ അതൃപ്തി പുകയുകയാണ്.സതീശന്റെ പരാമർശം അനവസരത്തിൽ ഉള്ളതാണെന്നാണ് പാർട്ടിക്കുള്ളിൽ ഉയരുന്ന വിമർശനം. 

വി.ഡി സതീശൻ ഡിജിറ്റൽ മീഡിയ സെൽ ഇല്ല എന്ന് പറഞ്ഞതിന്റെ തൊട്ടടുത്ത ദിവസമായ ഇന്നലെ കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് ഇത് തിരുത്തുന്ന പരാമർശവുമായി രംഗത്തുവന്നു. 


സംസ്ഥാന കോൺഗ്രസിൽ ഡിജിറ്റൽ മീഡിയ സെൽ പ്രവർത്തിക്കുന്നു എന്ന്   വ്യക്തമാക്കുന്നതായിരുന്നു കെപിസിസി അധ്യക്ഷന്റെ പ്രതികരണം.ഔദ്യോഗിക പേജിൽ വന്ന പരാമർശത്തിൽ വിടി ബൽറാമിന് ഉത്തരവാദിത്തമില്ലെന്നും സണ്ണി ജോസഫ് പത്രക്കുറിപ്പിൽ വ്യക്തമാക്കി. ഇതോടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വീണ്ടും പ്രതിരോധത്തിലായി.


കോൺഗ്രസിന് ഡിജിറ്റൽ മീഡിയ സെൽ ഇല്ലെന്ന് പ്രതിപക്ഷ നേതാവിന്റെ പരാമർശത്തിന് എതിരെ സമൂഹിക മാധ്യമങ്ങളിലും എതിർപ്പ് ഉയരുന്നുണ്ട്. മീഡിയ സെൽ അംഗങ്ങൾ തന്നെ സതീശനെതിരെ വിമർശനവുമായി രംഗത്തെത്തി.പ്രതിപക്ഷ നേതാവിന്റെ പ്രതികരണം വസ്തുതാപരമല്ലെന്നാണ് അംഗങ്ങൾ ചൂണ്ടിക്കാട്ടുന്നത്. 


ഏത് വിഷയത്തിലും  സ്വന്തം പ്രതിച്ഛായ വർധിപ്പിക്കുന്നതിനാണ് വി.ഡി സതീശൻ ശ്രമിക്കുന്നതെന്നും പാർട്ടിക്കുള്ളിൽ വിമർശനമുണ്ട്. രാഹുൽ മാങ്കൂറ്റത്തിന് എതിരായ ലൈംഗിക പീഡന ആരോപണങ്ങളിൽ കർശന സമീപനം സ്വീകരിച്ചതോടെ കോൺഗ്രസിലെ ഒരു വിഭാഗം സതീശനെതിരെ നീക്കം ആരംഭിച്ചിട്ടുണ്ട്. 


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് നിലപാടെടുത്തതാണ് ഈ വിഭാഗത്തെ പ്രകോപിപ്പിച്ചത്. കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ഷാഫി പറമ്പിൽ എംപിയുടെ നേതൃത്വത്തിലാണ് സതീശന് എതിരെ സൈബർ രംഗത്ത് വിദ്വേഷ ക്യാമ്പയിൻ ആരംഭിച്ചിരിക്കുന്നത്.

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സൈബർ ടീമും സതീശൻ വിരുദ്ധ ക്യാമ്പയിനിൽ സജീവമായി ഇടപെടുന്നുണ്ട്. ഏത് വിഷയത്തിലും സതീശനെതിരെ ആക്രമണം തിരിച്ചു വിടുകയാണ് ഈ വിഭാഗം അവലംബിക്കുന്ന രീതി. 


കുന്നംകുളം പോലീസ് സ്റ്റേഷനിലെ മർദ്ദനത്തിന്റെ ദൃശ്യങ്ങൾ അടക്കമുള്ള വിവരങ്ങൾ പുറത്തുവന്നപ്പോഴും സൈബർ രംഗത്ത് സതീശന് എതിരെ ക്യാമ്പയിൻ നടന്നു. പൊലീസിൽ നിന്നുള്ള ക്രൂരമായ ആ പീഡനത്തെക്കുറിച്ച് അറിയിച്ചിട്ടും സതീശൻ ഇടപെട്ടില്ല എന്നായിരുന്നു സൈബർ ഹാൻഡിലുകൾ മുന്നോട്ടുവെച്ച ആക്ഷേപം. 


പ്രതിപക്ഷ നേതാവ് എന്ന നിലയിൽ വിഷയത്തെ ഗൗരവമായി സമീപിക്കുന്നതിൽ സതീശന് പാളിച്ച സംഭവിച്ചെന്നും സാമൂഹിക മാധ്യമങ്ങളിൽ ആക്ഷേപം വന്നിരുന്നു. എന്നാൽ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷനായിരുന്ന ഷാഫി പറമ്പിൽ എംപിയെ ആറ് തവണ നേരിൽ കണ്ട് മർദ്ദനവിവരം ശ്രദ്ധയിൽപ്പെടുത്തിയിട്ടും കാര്യമായ ഇടപെടൽ ഉണ്ടായില്ല. 

യൂത്ത് കോൺഗ്രസ് അധ്യക്ഷനായി വന്ന രാഹുൽ മാങ്കൂട്ടത്തിലും വിഷയം പുറത്തുകൊണ്ടുവരാൻ ഇടപെട്ടില്ല. ഈ വസ്തുതകൾ മറച്ചുവെച്ചു കൊണ്ടാണ് കുന്നംകുളം മർദ്ദന വിഷയത്തിൽ പ്രതിപക്ഷ നേതാവിനെതിരെ  സൈബർ രംഗത്ത് വിദ്വേഷ പ്രചാരണം നടക്കുന്നത്. 

യൂത്ത് കോൺഗ്രസിന്റെ ഭാരവാഹിത്വം ഒഴിഞ്ഞ കെ എസ് ശബരിനാഥനെതിരെയും ഇത്തരത്തിൽ സൈബർ ആക്രമണം നടക്കുന്നുണ്ട്.


വിദ്വേഷാപ്രചാരണത്തിൽ മുന്നിൽ നിൽക്കുന്ന സൈബർ ഹാൻറിലുകളുടെ എല്ലാം ഐപി അഡ്രസ്സ് ഗൾഫ് രാജ്യങ്ങളാണ്. ഒരു വിഭാഗം നേതാക്കളെ ഉന്നം വെച്ച് നടത്തുന്ന ആക്രമണമാണ് ഇതെന്ന് ഇതിലൂടെ വ്യക്തമായിട്ടുണ്ട്. 


ഷാഫി രാഹുൽ ടീമിനെ എതിർക്കാനും വിമർശിക്കാനും നേതാക്കൾ മടി കാണിക്കുന്നതും ഇത്തരം സൈബർ ആക്രമണങ്ങൾ ഭയന്നിട്ടാണ്.

എന്നാൽ സൈബർ ആക്രമണങ്ങൾ തളർത്തില്ലെന്നും കേരളം മുഴുവൻ ഇളകി വന്നാലും പീഡന പരാതികളിൽ സ്വീകരിച്ച നിലപാടിൽ ഉറച്ചുനിൽക്കും എന്നുമാണ് പ്രതിപക്ഷ നേതാവ് സതീശന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണം. ഇതിനിടെ വി.ഡി സതീശനെ അനുകൂലിച്ചും സമൂഹ മാധ്യമങ്ങളിൽ പ്രചരണം സജീവമാണ്.

Advertisment