ബലവാനോ ബിനോയി'. സി.പി.ഐ സംസ്ഥാന സമ്മേളനത്തിൽ നടക്കാനിരിക്കുന്നത് ശാക്തിക ചേരികളുടെ ബലാബലം. ബിനോയ് വിശ്വത്തെ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റാനായില്ലെങ്കിൽ സംസ്ഥാന കൗൺസിലിൽ നിർണായക പ്രാതിനിധ്യം ഉറപ്പിക്കാൻ കാനം വിരുദ്ധപക്ഷം. വിമർശനവുമായി വന്ന ഇസ്മായിലും നൽകുന്നത് ചില ഗൗരവതരമായ സൂചനകൾ. പാർട്ടി പിടിക്കുമോ പടനീക്കം പൊളിയുമോ എന്ന് കാണാൻ കാത്തിരുന്ന് രാഷ്ട്രീയ കേരളം

എന്തായാലും ആലപ്പുഴ സംസ്ഥാന സമ്മേളനത്തോടെ തിരഞ്ഞെടുക്കപ്പെടുന്ന കൗൺസിലിന്റെ ഘടന പാർട്ടിയിൽ ഒരു പുതിയ ചേരിക്ക് രൂപം നൽകിയേക്കുമെന്നാണ് കരുതപ്പെടുന്നത്

New Update
binoy viswam cpi

തിരുവനന്തപുരം : സി.പി.ഐയുടെ 25-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനം ഇന്ന് തുടങ്ങാനിരിക്കെ പാർട്ടിക്കുള്ളിൽ നടക്കുന്നത് ശാക്തിക ചേരികളുടെ ബലാബലം.

Advertisment

കാനം പക്ഷവും കാനം വിരുദ്ധ പക്ഷവുമാണ് ആലപ്പുഴയിൽ തുഴയെറിയാൻ കാത്തു നിൽക്കുന്നത്.

നിലവിൽ കാനം പക്ഷത്തുള്ള സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ മാറ്റണമെന്ന ചർച്ചകൾ പല ജില്ലാസമ്മേളനങ്ങളിലും ഉയർന്ന് കേട്ടിരുന്നു.

എന്നാൽ നിലവിൽ അതിനുള്ള സാധ്യത ഇല്ലാത്തതിനാൽ തന്നെ കാനം വിരുദ്ധ പക്ഷം പാർട്ടി സംസ്ഥാന കൗൺസിലിൽ നിർണായക പ്രാതിനിധ്യമുറപ്പിക്കാനുള്ള നീക്കങ്ങളിലാണ്. 

പാർട്ടി സംസ്ഥാന കൗൺസിലിൽ ഭൂരിപക്ഷം ലഭിക്കുന്നവർ പാർട്ടി വരുതിയിലാക്കും.

കൗൺസിലിൽ ഭൂരിപക്ഷം നേടിയാൽ എക്‌സിക്യൂട്ടീവ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിലും അസിസ്റ്റന്റ് സെക്രട്ടറിമാരുടെ തിരഞ്ഞെടുപ്പിലും അത് പ്രതിഫലിക്കുകയും പാർട്ടിയുടെ ആകെ നിയന്ത്രണം അതേ പക്ഷത്തിന്റെ കൈകളിൽ എത്തുകയും ചെയ്യും.

കാനത്തിന്റെ മരണത്തോടെയാണ് ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് എത്തിയത്.

കാനം മരിക്കും മുമ്പ് തന്നെ ബിനോയിക്ക് സെക്രട്ടറിയുടെ താൽക്കാലിക ചുമതല നൽകിയിരുന്നു.

കാനം പക്ഷത്ത് നിന്നാണ് അദ്ദേഹത്തിന്റെ വരവെങ്കിലും കാനം വിരുദ്ധപക്ഷവുമായി എതിരിടാൻ തുനിയാതെ സമവായത്തിന്റെ പാതയായിരുന്ന ബിനോയ് സ്വീകരിച്ചത്.

നിലവിലെ സംസ്ഥാന സെക്രട്ടറിക്കൊപ്പം അസി. സെക്രട്ടറി പി.പി സുനീർ, ദേശീയ നിർവാഹക സമിതിയംഗം പി.സന്തോഷ്‌കുമാർ, മന്ത്രിമാരായ കെ.രാജൻ, പി.പ്രസാദ് എന്നിവരാണുള്ളത്. 

കാനം വിരുദ്ധ പക്ഷത്ത് 75 വയസ് പ്രായപരിധിയിൽ ഈ സമ്മേളനത്തിൽ നിന്നും പുറത്ത് പോകുന്ന അസി. സെക്രട്ടറി ഇ. ചന്ദ്രശേഖരൻ, ദേശീയ നിർവാഹകസമിതിയംഗമായ കെ.പ്രകാശ് ബാബു, കൊല്ലം ജില്ലാ സെക്രട്ടറി പി.എസ് സുപാൽ, മുൻമന്ത്രി വി.എസ് സുനിൽകുമാർ എന്നിവരാണ് അണിയറയിൽ കരുക്കൾ നീക്കുന്നത്.

സംസ്ഥാന സമ്മേളനത്തിൽ ബിനോയ് വിശ്വത്തിനെതിരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കാസർകോട് എന്നീ ജില്ലകളിൽ നിന്നും വിമർശനമുയരുമെന്ന് കരുതപ്പെടുന്നു.

ബിനോയിക്ക് പകരം പ്രകാശ് ബാബു സംസ്ഥാന സെക്രട്ടറിയാകണമെന്നാണ് കാനം വിരുദ്ധപക്ഷത്തിന്റെ തീരുമാനം.

എന്നാൽ സംസ്ഥാന സമ്മേളനത്തിൽ മത്എസരം സംഘടിപ്പിക്കാൻ താൻ ഒരുക്കമല്ലെന്ന സന്ദേശമാണ് പ്രകാശ് ബാബു നൽകുന്നത്. 

സംസ്ഥാന കൗൺസിലിലെ ഭൂരിപക്ഷം അംഗങ്ങളെയും ജില്ലകളിൽ നിന്നുള്ള പ്രതിനിധികളിൽ നിന്നാണ് തിരഞ്ഞെടുക്കുന്നത്.

 എന്നാൽ കേന്ദ്രക്വാട്ട എന്ന നിലയിൽ ഏതാനും പേരെ പാർട്ടി സംസ്ഥാന സെന്ററിന് നിശ്ചയിക്കാനാവും.

ശാക്തിക ചേരികൾ തമ്മിലുള്ള ബലാബലം നടക്കുന്നതിനാൽ തന്നെ ആലപ്പുഴയിൽ കൗൺസിൽ അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള പ്രതിനിധി സമ്മേളനത്തിനിടെ നാടകീയ രംഗങ്ങളും പ്രതീക്ഷിക്കപ്പെടുന്നു.

കൗൺസിലിൽ ആധിപത്യമുറപ്പിക്കാൻ സംസ്ഥാന നേതൃതവം കേന്ദ്ര ക്വാട്ട എന്ന കുറുക്കുവഴി തലിരഞ്ഞെടുക്കുമോ എന്നും കണ്ടറിയേണ്ടതുണ്ട്.

 എന്തായാലും ആലപ്പുഴ സംസ്ഥാന സമ്മേളനത്തോടെ തിരഞ്ഞെടുക്കപ്പെടുന്ന കൗൺസിലിന്റെ ഘടന പാർട്ടിയിൽ ഒരു പുതിയ ചേരിക്ക് രൂപം നൽകിയേക്കുമെന്നാണ് കരുതപ്പെടുന്നത്.

Advertisment