/sathyam/media/media_files/LAsppTJ1EHTdOMHodgMp.jpg)
തിരുവനന്തപുരം :സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിക്കാനിരിക്കുന്ന സി.പി.ഐയുടെ പ്രവർത്തന റിപ്പോർട്ടിൽ ആഭ്യന്തരവകുപ്പിന് കടുത്ത വിമർശനമെന്ന് സൂചന.
പൊലീസിന്റെ നടപടികൾ പലയിടത്തും വിമർശനത്തിന് വഴിവെക്കുന്നുണ്ടെന്നും ഇത് സർക്കാരിന് ചീത്തപ്പേരുണ്ടാക്കുന്നതാണെന്നും റിപ്പോർട്ട് പറയുന്നു.
ജനങ്ങളുടെ പ്രശ്‌നങ്ങൾ ഉൾ ക്കൊള്ളുകയും യാഥാർഥ്യം മനസ്സിലാക്കുകയും ചെയ്യുന്നതാകണം റിപ്പോർട്ടെന്ന് കരട് ചർച്ച ചെയ്ത യോഗത്തിൽ കൗൺസിൽ അംഗങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു.
ആഭ്യന്തരവകുപ്പ് തികഞ്ഞ പരാജയമാണെന്നും മുഖ്യമന്ത്രിക്ക് അത് കൈകാര്യം ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ, റിപ്പോർട്ട് അത്രയും കടുപ്പിക്കേണ്ടെന്ന നിലപാടാണ് ബിനോയ് വിശ്വം എടുത്തത്.
എന്നാൽ പിന്നീട് കസ്റ്റഡി മർദ്ദനങ്ങളുടെ വീഡിയോയടക്കമുള്ള ദൃശ്യങ്ങൾ പ്രചരിച്ചത് ഇതിനൊരു കാരണമായിട്ടുണ്ട്.
ഇതിന് പുറമേ, തൃശ്ശൂർ പൂരം കലക്കൽ, ആർ.എസ്.എസ് നേതാക്കളുമായുള്ള എ.ഡി.ജി.പി എം. ആർ അജിത് കുമാറിന്റെ കൂടിക്കാഴ്ച്ച തുടങ്ങിയവ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സി.പി.ഐക്കുള്ളിൽ ഉയർന്ന രൂക്ഷമായ എതിർപ്പും വിമർശനവും കൂടി കണക്കിലെടുത്താണ് പൊതിഞ്ഞുപിടിച്ചാണെങ്കിലും ആഭ്യന്തര വകുപ്പിനെതിരായ വിമർശനം റിപ്പോർട്ടിൽ ഉൾപ്പെടുത്തിയത്.
എന്നാൽ ചർച്ചയിൽ ആഭ്യന്തര വകുപ്പിനും സംസ്ഥാനത്തെ പൊലീസിംഗിനും, പൊലീസിന്റെ പ്രവർത്തനങ്ങൾക്കുമെതിരെ രൂക്ഷ വിമർശനം ഉയരാനാണ് സാധ്യത.
മുഖ്യമ്രന്തി പിണറായി വിജയൻ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, സി.പി.എം നേതൃത്വം എന്നിവരുടെ സി.പി.ഐയോടുള്ള നയവും നിലപാടും അവരുടെ പൊതുവേയുള്ള ശൈലിയും വിമർശനവിധേയമായേക്കും.
സർക്കാരിന്റെ പ്രവർത്തനങ്ങളെ പൊതുവേ നല്ലരീതിയിലാണ് റിപ്പോർട്ടിൽ വിലയിരുത്തുന്നത്.
സിപിഐയുടെ നാല് മന്ത്രിമാർക്ക് റിപ്പോർട്ടിൽ വലിയ പ്രശംസയാണുള്ളത്. എന്നാൽ മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പിനെ വിമർശിക്കുന്നത് വഴി സി.പി.ഐ സംസ്ഥാന നേതൃത്വം വളഞ്ഞാണെങ്കിലും മുഖ്യമ്രന്തിയെ തന്നെ ലക്ഷ്യം വെയ്ക്കുന്നുവെന്ന വിലയിരുത്തലുമുണ്ട്.
പല കാര്യങ്ങളിലും സി.പി.ഐയുടെ അഭിപ്രായത്തെ മുഖവിലയ്‌ക്കെടുക്കാത്ത സി.പി.എമ്മിനെയും മുഖ്യമ്രന്തിയെയും സമ്മേളനകാലത്ത് വലിച്ചുകീറുകയെന്ന രാഷ്ട്രീയ തന്ത്രവും ഇതിന് പിന്നിലുണ്ടെന്നും കരുതപ്പെടുന്നു.
സി.പി.ഐ നേതൃതവം സി.പി.എമ്മിനും മുഖ്യമന്ത്രിക്കും കീഴ്‌പ്പെട്ട് നിൽക്കുന്നുവെന്ന വിമർശനത്തിന്റെ മൂർച്ച കുറയ്ക്കാനും ഇത് ഉപയോഗപ്പെട്ടേക്കും.
ഇതിനിടെ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്ന മന്ത്രി കെ.രാജൻ കാനം പക്ഷക്കാരനാണെന്നും അത് ബിനോയ് വിശ്വത്തിന്റെ അറിവോടെയുള്ള നീക്കമാണെന്നും വാദമുയർന്നു കഴിഞ്ഞു.
വിദ്യാർത്ഥി യുവജന നേതാക്കളെ ഒക്കെ ക്രൂരമായി മർദ്ദിക്കുന്ന പോലീസ് നയമല്ല എൽ.ഡി.എഫിന്റേതെന്നും സർക്കാരിന്റെ പ്രഖ്യാപിത പോലീസ് നയത്തിൽ ഇടിമുറികളും ലോക്കപ്പ് മർദ്ദനങ്ങളും ഇല്ലെന്നുമാണ് അദ്ദേഹം തുറന്നടിച്ചത്.
സർക്കാർ നയത്തിന് വിപരീതമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി എടുക്കേണ്ടിവരും. സി.പി.ഐ കൂടി ചേർന്ന് തയ്യാറാക്കിയതാണ് ഇടതുപക്ഷത്തിന്റെ പോലീസ് നയം.
ഇങ്ങനെ തയ്യാറാക്കിയ പോലീസ് നയം വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടു കൊണ്ടുപോകണം എന്നാണ് പാർട്ടിയുടെ അഭിപ്രായം.
നിലവിൽ പുറത്തുവന്ന പരാതികൾ ഈ സർക്കാരിന്റെ കാലത്ത് മാത്രമല്ല യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് നടന്ന മർദ്ദനങ്ങളുടെയും പരാതികളുണ്ട്.
പൊലീസ് നയം പാലിക്കണമെന്നത് ഉദ്യോഗസ്ഥർക്ക് നൽകുന്ന കർശന മുന്നറിയിപ്പ് തന്നെയാണ്.
പൊലീസിനെതിരെ പരാതി ഉയരുന്ന സാഹചര്യം ഗൗരവമുള്ളതാണ്. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ഉണ്ടാകണം.
പൊലീസിനെതിരെ ഉയർന്നുവരുന്ന പരാതികളെ കുറിച്ച് കൃത്യമായ അന്വേഷണം ഉണ്ടാവണമെന്നും,പൊതു സമൂഹത്തിന്റെ മുന്നിൽ പുകമറ ഉണ്ടാകാൻ പാടില്ലെന്നും സർക്കാർ നേരിട്ട് ഇടപെടേണ്ട ഘട്ടമുണ്ടായാൽ ഇടപെടണമെന്നുമായിരുന്നു മന്ത്രിയുടെ വിമർശനം.
കഴിഞ്ഞ തവണത്തേക്കാൾ 3594 അംഗങ്ങൾ കൂടിയെന്നും ഇതുകൊണ്ട് പാർട്ടി സജീവമായെന്ന് കണക്കാക്കാനാവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.