/sathyam/media/media_files/2025/06/29/congress-2025-06-29-18-51-34.jpg)
തിരുവനന്തപുരം: കോൺഗ്രസ് പുനഃസംഘടന നീണ്ടു പോകുന്നതിൽ പാർട്ടിക്കുള്ളിൽ അസ്വസ്ഥത പുകയുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് കാലം മുതൽ ആവശ്യപ്പെടുന്ന പുനഃസംഘടന തർക്കങ്ങളിൽ വഴിമുട്ടിയതോടെയാണ് പാർട്ടിക്കുള്ളിൽ കലാപ സാധ്യത ഉരിത്തിരിയുന്നത്.
ഡി.സി.സി അധ്യക്ഷന്മാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ചർച്ചകൾ വഴിമുട്ടാൻ കാരണമായതെന്ന് പറയപ്പെടുന്നത്.
നിലവിൽ കേരളത്തിൻറെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി നേതാക്കൾക്കിടയിൽ നടക്കുന്ന ചർച്ചകളുടെ ഏകോപനം നിർവഹിക്കുകയാണ്.
രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വിഷയത്തിൽ പാർട്ടിക്കുള്ളിൽ തന്നെ ചേരിതിരിവ് ഉണ്ടായ സാഹചര്യത്തിൽ രഹസ്യമായാണ് ചർച്ചകൾ നടക്കുന്നതെന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട്.
പുനഃസംഘടന ചർച്ചകളെ പിൻപറ്റി മാധ്യമങ്ങളിൽ വാർത്തകൾ വരുന്നത് ഭൂഷണമല്ല എന്നും അതുകൊണ്ടുതന്നെ ചർച്ചകൾ രഹസ്യമായി നടത്തണമെന്നും നേതാക്കൾക്കിടയിൽ ധാരണകൾ രൂപപ്പെട്ടിട്ടുണ്ട്. ഇതിൻറെ അടിസ്ഥാനത്തിൽ ചർച്ചകൾ പുരോഗമിക്കുന്നുണ്ട് എന്ന് തന്നെയാണ് അറിയാൻ സാധിക്കുന്നത്.
പുനസംഘടന വൈകുന്നതിൽ വിഘടിച്ചു നിൽക്കുന്ന എ വിഭാഗത്തിലടക്കം അമർഷമുണ്ട്. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ പിന്തുണയ്ക്കുന്ന വിഭാഗവും നിരാശരാണ്.
രമേശ് ചെന്നിത്തലയ്ക്കും മുൻ കെപിസിസി അധ്യക്ഷൻ കെ സുധാകരനും ഒപ്പം നിൽക്കുന്നവരും പുനസംഘടന ഉടൻ നടത്തണമെന്ന് ആഗ്രഹം പങ്കുവെക്കുന്നുണ്ട്.
14 ജില്ലകളിലും ഡിസിസി അധ്യക്ഷന്മാർ മാറണമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത കൈവന്നിട്ടില്ല. നിലവിൽ 23 ജനറൽ സെക്രട്ടറിമാരാണ് ഉള്ളത്.
ഇതിന് ആനുപാതികമായി സെക്രട്ടറിമാരെ നിയമിക്കണമെന്ന ആവശ്യവും ഉയർന്നിരുന്നു. എന്നാൽ ജനറൽ സെക്രട്ടറിമാരുടെ അംഗസംഖ്യയിൽ മാറ്റം വരുത്തുന്ന രീതിയിലുള്ള ചർച്ചയും പുരോഗമിക്കുകയാണ്.
പുനസംഘടന നടന്നില്ലെങ്കിൽ സംഘടനാതലത്തിൽ ശുഷ്കിച്ചു നിൽക്കുന്ന പാർട്ടിക്ക് വരുന്ന രണ്ട് നിർണായക തിരഞ്ഞെടുപ്പുകളിൽ വേണ്ട രീതിയിൽ പ്രവർത്തിക്കാൻ ആവില്ലെന്ന് 10 വർഷം അധികാരത്തിന് പുറത്തുനിന്നിട്ടും നേതാക്കൾക്ക് ഏകോപനത്തോടെ പുനഃസംഘടന നടത്താനാവാത്തത് എന്തുകൊണ്ടാണെന്നും ചോദ്യം ഉയരുന്നുണ്ട്.
പുനസംഘടന ഉണ്ടെങ്കിൽ അത് രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകുമെന്നും ഇല്ലെങ്കിൽ നടക്കില്ലെന്നുമാണ് കെ സി വേണുഗോപാലിനെ പിന്തുണയ്ക്കുന്നവർ വ്യക്തമാക്കുന്നത്.