/sathyam/media/media_files/2025/04/16/kYmM4BofYxApVle2yOBr.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്ന് രണ്ടു പേര്‍ കൂടി മരിച്ചതായി ആരോഗ്യവകുപ്പ്. തിരുവന്തപുരം മുട്ടത്തറ സ്വദേശിയായ 52 വയസ്സുകാരിയും കൊല്ലം വെള്ളിനല്ലൂര്‍ സ്വദേശിയായ 91 വയസുകാരനുമാണ് മരിച്ചത്.
ഈ മാസം 11 ന് ആയിരുന്നു ഇരുവരുടെയും മരണം. ഇതോടെ സംസ്ഥാനത്ത് ഈ വര്‍ഷം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം 19 ആയി. ഇന്നലെ രണ്ടുപേര്‍ക്കും കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, അമീബിക് മസ്തിഷ്‌ക ജ്വരവുമായി ബന്ധപ്പെട്ട ജേണലില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് രംഗത്തെത്തി.
പഠനം നടന്നത് 2013ല്‍ തന്നെയെന്നും റിപ്പോര്‍ട്ടില്‍ അന്നത്തെ സര്‍ക്കാര്‍ യാതൊരു നടപടിയും എടുത്തില്ലെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം വര്‍ധിക്കുന്നതില്‍ ആരോഗ്യവകുപ്പ് നിഷ്‌ക്രിയമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ പറഞ്ഞിരുന്നു.
രോഗകാരണത്തെക്കുറിച്ച് ആരോഗ്യവകുപ്പിന് വ്യക്തതയില്ലെന്നും സര്‍ക്കാരിന് എങ്ങനെ നിസംഗമായിരിക്കാന്‍ കഴിയുമെന്നും സതീശന്‍ ചോദിച്ചു. വിഷയം നിയമസഭയില്‍ ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.