/sathyam/media/media_files/2025/09/16/photos307-2025-09-16-12-04-26.jpg)
തിരുവനന്തപുരം : നിയമസഭയിൽ എത്തിയ രാഹുൽ മാങ്കൂട്ടത്തിലിനെ അനുഗമിച്ച യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം ഷജീറിനെതിരെ യൂത്ത് കോൺഗ്രസിലെ ഒരു വിഭാഗത്തിന് കടുത്ത അമർഷം. ഷജീറിനെതിരെ കെ.പി.സി.സി പരാതി നൽകാനാണ് ഇവരുടെ നീക്കം.
പാർട്ടി സസ്പെൻഡ് ചെയ്തയാൾക്ക് ഒപ്പം പോയത് തെറ്റായ സന്ദേശം നൽകിയെന്നാണ് പരാതി. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർക്കു പരാതി നൽകും.
ഷജീറിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെടും. പരാതി നൽകാൻ ഒരുങ്ങുന്നത് ചെന്നിത്തല വിഭാഗമെന്ന സൂചനകളാണ് പുറത്ത് വരുന്നത്.
നേമം ഷജീറിന് ഒപ്പമാണ് രാഹുൽ ഇന്നലെ നിയമസഭയിലെത്തിയത്. യൂത്ത് കോൺഗ്രസ് നേതാവ് രാഹുലിനെ അനുഗമിച്ചത് പാർട്ടിയെ വെട്ടിലാക്കിയിരുന്നു.
ഇതോടെ പാർട്ടിയുടെ പിന്തുണയോടെയാണ് രാഹുൽ നിയമസഭയിലേക്ക് എത്തിയത് എന്ന വ്യാഖ്യാനമുണ്ടായി. ഷജീറിനെതിരെ നടപടിക്ക് പാർട്ടി തയ്യാറാകുമോയെന്ന കാര്യം വ്യക്തമല്ല.
ഇതു സംബന്ധിച്ച ചോദ്യത്തിനു ഉത്തരം നൽകാൻ ഇന്നലെ കെ.പി.സി.സി അധ്യക്ഷനും തയ്യാറായിരുന്നില്ല. ഷജീറിന്റെ നടപടി പാർട്ടിക്ക് കടുത്ത ക്ഷീണമുണ്ടാക്കിയെന്നാണ് ഒരു പക്ഷത്തിന്റെ വിലയിരുത്തൽ.
ലൈംഗികാരോപണങ്ങളെ തുടർന്ന് കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സഭാ സമ്മമ്മേളനത്തിന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച നിയമസഭയിലെത്തിയില്ല. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി വിട്ടുനിൽക്കുന്നതായാണ് ലഭിക്കുന്ന വിശദീകരണം.
സമ്മേളനത്തിന്റെ ആദ്യ ദിവസമായ തിങ്കളാഴ്ച രാഹുൽ നിയമസഭയിലെത്തിയിരുന്നു. സഭയിൽ എത്തേണ്ടതില്ലെന്ന് പാർട്ടി രാഹുലിനെ അറിയിച്ചതായാണ് വിവരം.
പ്രതിപക്ഷം സർക്കാരിനെതിരേ കടന്നാക്രമണം നടത്തുന്ന ദിവസങ്ങളിൽ സഭയിലെത്തി പോരാട്ടത്തിന് തടസ്സമാകേണ്ടെന്ന വിലയിരുത്തലിലാണ് ഈ നിലപാടെടുത്തത്.
നിയമസഭയിൽ പോലീസ് അതിക്രമങ്ങളുമായി ബന്ധപ്പെട്ട വിഷയം ഉയർത്തി സർക്കാരിനെതിരേ ശക്തമായ പ്രക്ഷോഭം ഉയർത്തിക്കൊണ്ടുവരാനാണ് പ്രതിപക്ഷനീക്കം.
തിങ്കളാഴ്ച സഭയിലെത്തിയിരുന്നെങ്കിലും തുടർദിവസങ്ങളിൽ സഭയിൽ എത്തുമോയെന്ന ചോദ്യത്തിന് ഇന്നലെ രാഹുൽ മറുപടി നൽകിയിരുന്നില്ല.
നിയമസഭയിൽ വരുന്ന കാര്യത്തിൽ പാർട്ടിയിലെ ഒരു നേതാവുമായും ബന്ധപ്പെട്ടില്ലെന്നും സസ്പെൻഷനിലാണെങ്കിലും പാർട്ടിക്ക് പൂർണമായും വിധേയനാണ് താനെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
മാങ്കൂട്ടത്തിൽ വീണ്ടും സഭയിലെത്തിയാൽ സാഹചര്യമനുസരിച്ച് നേരിടാനാണ് ഭരണപക്ഷം തീരുമാനമെടുത്തത്.
രാഹുൽ രാജിവെക്കണമെന്ന ആവശ്യമുന്നയിച്ച് പ്രതിപക്ഷത്തെ സമ്മർദത്തിലാക്കാനും ആലോചനയുണ്ട്. വിഷയത്തിൽ പ്രതിപക്ഷത്തെ കടന്നാക്രമിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഭരണപക്ഷം.
തിങ്കളാഴ്ച ചേർന്ന എൽ.ഡി.എഫിന്റെയും സി.പി.എമ്മിന്റെയും പാർലമെന്ററി പാർട്ടിയോഗങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇതിനുള്ള സന്ദേശം നൽകിയതായുള്ള വിവരവും പുറത്തുവന്നിരുന്നു.