/sathyam/media/media_files/2025/09/16/photos308-2025-09-16-12-11-02.jpg)
തിരുവനന്തപുരം: പ്രവാസികളെ ജനാധിപത്യപ്രക്രിയയുടെ ഭാഗമാക്കി മാറ്റാൻ പ്രോക്‌സി വോട്ടുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ.
30ലധികം വർഷമായി സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രകിയയിൽ പങ്കെടുക്കാൻ അവസരം ലഭിക്കാത്ത വോട്ടർമാർക്കാവും ഇതോടെ അവസരം ലഭിക്കുക.
2023ലെ കേരള മൈഗ്രേഷൻ സർവേ പ്രകാരം 22 ലക്ഷത്തോളം കേരളീയർ വിദേശത്തുണ്ട്. 30 ലക്ഷത്തോളം പേർ ഇന്ത്യയിലെത്തന്നെ വിവിധ സംസ്ഥാനങ്ങളിലും കഴിയുന്നു.
എന്നാൽ കരട് പട്ടികയിൽ വോട്ടുള്ള പ്രവാസികളുടെ എണ്ണം 2087 മാത്രമാണ്. തദ്ദേശ കരട് വോട്ടർപട്ടിക പ്രകാരം 2.83 കോടി വോട്ടർമാരാണ് കേരളത്തിലുള്ളത്.
അതേസമയം അരക്കോടിയിലേറെ വോട്ടർമാർ പുറത്തുണ്ട്. പല മണ്ഡലങ്ങളിലെയും ഫലങ്ങളെ സ്വാധീനിക്കാവുന്നത്രയും പൗരൻമാർ വോട്ടെടുപ്പു പ്രക്രിയയ്ക്ക് പുറത്താണെന്നതാണ് യാഥാർത്ഥ്യം.
മലബാറിലെ ചില മണ്ഡലങ്ങളിൽ വോട്ടറുമാർക്ക് വേണ്ടി പ്രത്യേക ചാർട്ടേഡ് വിമാനങ്ങൾ സ്ഥാനാർത്ഥികൾ ഒരുക്കാറുണ്ടെങ്കിലും ഭൂരിഭാഗം പേർക്കും വോട്ട് ചെയ്യാൻ അവസരം ലഭിക്കാറില്ല. അതുകൊണ്ട് തന്നെയാണ് ഇതിന് പ്രാധാന്യമേറുന്നത്.
രാജ്യത്ത് തന്നെ മറ്റിടങ്ങളിൽ മാറിത്താമസിക്കുന്നവർക്കും നാട്ടിലെ ജനാധിപത്യപ്രക്രിയയിൽ പങ്കെടുക്കാനാവുന്നില്ല. ഒരു ചെറിയ വിഭാഗം നാട്ടിലെത്തി വോട്ടുചെയ്ത് പോകും. എന്നാൽ വിദേശരാജ്യങ്ങളിലുള്ളവർക്ക് അതു സാധിക്കാറില്ല.
മുപ്പതും നാൽപ്പതും വർഷമായി വോട്ടുചെയ്യാത്ത ആയിരക്കണക്കിനു പ്രവാസികൾ കേരളത്തിലുണ്ട്. 2026-ലെ നിയമസഭാതിരഞ്ഞെടുപ്പിലെങ്കിലും പ്രവാസികൾക്കുവേണ്ടി വീട്ടിലുള്ള ഒരാൾക്ക് പ്രോക്സി വോട്ട് ചെയ്യാൻ അവസരം കൊടുക്കാമെന്ന നിലപാടിലാണ് ഇപ്പോൾ തിരഞ്ഞെടുപ്പുകമ്മിഷൻ.
വോട്ടർപട്ടികയിൽ പേരുചേർക്കുന്ന കാര്യത്തിൽ പ്രവാസികൾക്ക് ചില വിട്ടുവീഴ്ചകളെല്ലാം തിരഞ്ഞെടുപ്പു കമ്മിഷൻ നൽകിയിട്ടുണ്ട്.
നിലവിൽ പട്ടികയിൽ പേരുള്ളവർക്ക് ഇങ്ങനെ പ്രവാസി വോട്ട് ചേർത്തുകഴിഞ്ഞാൽ പിന്നെ അടുത്തതവണ ഹിയറിങ്ങിന് ഹാജരായിട്ടില്ലെങ്കിലും പട്ടികയിൽനിന്ന് പുറത്താവില്ല.
എന്നാൽ തിരഞ്ഞെടുപ്പുകാലത്ത് ഇത്രയുംപേർ നാട്ടിലെത്തി വോട്ടുചെയ്തു മടങ്ങുകയെന്നത് പ്രായോഗികമല്ല.
വിദേശത്ത് എംബസിയിൽ വോട്ടുചെയ്യുന്നതടക്കം പല സൗകര്യങ്ങളും ഒരുക്കുമെന്നെല്ലാം പലപ്പോഴും അധികൃതർ പറഞ്ഞിരുന്നു. ഇക്കാലമായിട്ടും ഒന്നും നടന്നിട്ടില്ല. കേന്ദ്രം പരിഹരിക്കേണ്ട പ്രശ്നമാണിത്.
എന്താണ് പ്രോക്‌സി വോട്ട്
ഒരു വോട്ടർ തന്റെ ജനാധിപത്യ അവകാശം നിറവേറ്റാൻ മറ്റൊരാളെ ചുമതലപ്പെടുത്തുന്നതിനെയാണ് പ്രോക്‌സി വോട്ട് എന്ന് പറയുന്നത്. ഇത് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും വാദമുയരുന്നുണ്ട്.