/sathyam/media/media_files/2025/06/13/yIHk9AMlzXLb5Z9aOcZf.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ മഴ വീണ്ടും സജീവമാകാൻ സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നുണ്ട്.
നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയാണ് കണക്കുകൂട്ടുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കൊച്ചിയിൽ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ മഴ ലഭിച്ചിരുന്നു.
മഴയോടൊപ്പം ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ വ്യാഴാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇടിമിന്നൽ അപകടകാരികളാണ്.
അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. അതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.