/sathyam/media/media_files/2025/09/19/photos317-2025-09-19-08-44-34.jpg)
തിരുവനന്തപുരം: ശബരിമല ദ്വാരപാലക ശിൽപ്പത്തിലെ സ്വർണ്ണപ്പാളിയുടെ തൂക്കം സംബന്ധിച്ച് വിവാദങ്ങൾ കത്തി നിൽക്കേ ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് നാളെ തിരിതെളിയും.
പമ്പ ത്രിവേണിയിലെ പ്രധാന വേദിയിൽ രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ സംഗമം ഉദ്ഘാടനം ചെയ്യും.
3500 പ്രതിനിധികളാണ് വിവിധയിടങ്ങളിൽ നിന്നായി പങ്കെടുക്കുന്നത്. രജിസ്‌ട്രേഷൻ അയ്യായിരം കടന്നതിനാലാണ് പ്രതിനിധികളുടെ എണ്ണം 500 കൂടി കൂട്ടിയത്.
പ്രവേശനം പാസുള്ളവർക്ക് മാത്രമായി നിജപ്പെടുത്തിയിട്ടുണ്ട്. രാവിലെ ആറ് മുതൽ ഒൻപത് വരെയാണ് രജിസ്‌ട്രേഷനുള്ള സമയം.
ഉദ്ഘാടന വേദിയിൽ മുഖ്യമ്രന്തി പിണറായി വിജയനും ദേവസ്വം മന്ത്രി വി.എൻ വാസവനുമൊപ്പം തമിഴ്‌നാട് മന്ത്രിമാരായ ബി.കെ. ശേഖർ ബാബു, പളനിവേൽ ത്യാഗരാജൻ, തന്ത്രി കണ്ഠര് മഹേഷ് മോഹനര്, എസ്. എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, എൻ. എസ്. എസ് വൈസ് പ്രസിഡന്റ് എൻ. സംഗീത്കുമാർ, കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, മലയരയ സമാജം ജനറൽ സെക്രട്ടറി പി.കെ. സജീവ്, കേരള ബ്രാഹ്മണസഭ ജനറൽ സെക്രട്ടറി കരിമ്പുഴ രാമൻ, ശിവഗിരി മഠത്തെ പ്രതിനിധീകരിച്ച് സ്വാമി പ്രബോധ തീർത്ഥ തുടങ്ങിയവർ പങ്കെടുക്കും.
അമ്പലപ്പുഴ, ആലങ്ങാട് പേട്ട സംഘങ്ങളുടെ പ്രതിനിധികളും ഉണ്ടാവും. ദേവസ്വം ബോർഡാണ് പരിപാടി സംഘടിപ്പിക്കുന്നതെങ്കിലും സർക്കാർ നിയന്ത്രണത്തിലാണ് സംഘാടനം നടക്കുന്നത്. അയ്യപ്പ സംഗമം നടത്താൻ ഏഴ് കോടി രൂപ ചെലവുണ്ടെന്നും ഈ തുക സ്‌പോൺസർഷിപ്പിലൂടെ കിട്ടിയെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.
എ.ഡി.ജി.പി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ 1000 പൊലീസുകാരെ സംഗമത്തിന്റെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.
കന്നിമാസ പൂജകൾക്ക് ശബരിമല നട തുറന്നിരിക്കുന്നതിനാൽ ഭക്തർക്ക് തടസമുണ്ടാവാത്ത വിധത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുള്ളത്.
സംഗമ പ്രതിനിധികളിൽ അയ്യപ്പദർശനം ആഗ്രഹിക്കുന്നവർക്ക് സൗകര്യം ചെയ്തുകൊടുക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഇതിനിടെ ആഗോള അയ്യപ്പ സംഗമവും സ്വർണ്ണപ്പാളിയുടെ തൂക്കം കുറഞ്ഞ സംഭവവും പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ച് ചർച്ചയാക്കും.
സ്വർണ്ണപ്പാളിയുടെ തൂക്കം കുറഞ്ഞതിലെ ഹൈക്കോടതി വിമർശനം ഉയർത്തി സർക്കാറിനെ പ്രതിക്കൂട്ടിൽ നിർത്താനാണ് പ്രതിപക്ഷത്തിന്റെ നീക്കം.
അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട പ്രതിപക്ഷ നിലപാട് ഇന്ന് നിയമസഭയിൽ പ്രഖ്യാപിക്കും. ശബരിമലയിലെ സ്വർണ്ണപ്പാളികളിലെ തൂക്കക്കുറവിൽ ഹൈക്കോടതി രൂക്ഷവിമർശനം ഉയർത്തിയിരുന്നു.
സ്വർണ്ണപ്പാളി ഉൾപ്പെട്ട ലോഹത്തിന്റെ ഭാരം നാലര കിലോഗ്രാം കുറഞ്ഞത് മനഃപ്പൂർവ്വം നടത്തിയ തിരിമറിയാകാമെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
2019 ൽ സ്വർണ്ണപ്പാളി തിരികെയെത്തിച്ചപ്പോൾ തൂക്കം മഹസറിൽ രേഖപ്പെടുത്തിയില്ലെന്നും ഇക്കാര്യത്തിൽ ഉദ്യോഗസ്ഥ, ഭരണതലത്തിൽ ഗുരുതര വീഴ്ച്ചയുണ്ടായെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
1999 ൽ സ്വർണ്ണം പൂശിയോ, 2019 ൽ ഉണ്ണികൃഷ്ണൻ പോറ്റി വഴിപാടായി സ്വർണ്ണം പൂശുമ്പോൾ എന്താണ് സംഭവിച്ചത്. എസ്പി റാങ്കിലുള്ള തിരുവതാംകൂർ ദേവസ്വം ബോർഡ് ചീഫ് വിജിലൻസ് ഓഫീസറോട് ഇക്കാര്യം അന്വേഷിച്ച് മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.
അന്വേഷണത്തിൽ സഹകരിക്കണമെന്ന് ദേവസ്വം ബോർഡിനോട് നിർദ്ദേശവും നൽകി. ദ്വാര പാലക ശില്പങ്ങളുടെ രണ്ട് പീഠങ്ങളുടെയും സ്‌പെയർ സ്‌ട്രോങ്ങ് റൂമിൽ ഉണ്ടോ എന്ന് പരിശോധിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.