/sathyam/media/media_files/2025/09/20/photos23-2025-09-20-14-58-10.png)
തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിനെതിരെ കേരളം. ഈ മാസം 29ന് നിയമസഭയിൽ പ്രമേയം കൊണ്ടുവരും. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച രാഷ്ട്രീയപ്പാർട്ടികളുടെ യോഗത്തിൽ എസ്.ഐ.ആറിനെതിരെ സിപിഎമ്മും കോൺഗ്രസും രംഗത്തെത്തി.
ബിഹാർ മാതൃക നടപ്പാക്കാൻ ആകില്ലെന്നാണ് സിപിഎം പ്രതിനിധി എം.വി ജയരാജൻ പറഞ്ഞത്. ജീവിച്ചിരിക്കുന്നവർ പോലും എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് നൽകണം എന്ന് പറയുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ലെന്നും 2002ലെ വോട്ടർ പട്ടികയ്ക്ക് പകരം 2024ലെ വോട്ടർപട്ടിക അടിസ്ഥാന രേഖയാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എസ്‌ഐആർ നടപ്പാക്കുന്നത് പ്രായോഗികമായി ബുദ്ധിമുട്ടാണെന്നായിരുന്നു കോൺഗ്രസ് പ്രതിനിധി പിസി വിഷ്ണുനാഥിന്റെ ഭാഗം.
നിലവിൽ വോട്ട് ചെയ്യുന്ന വോട്ടർമാർ വീണ്ടും ഇത്തരം നടപടികളിലൂടെ പോകണം എന്നത് അനീതിയാണെന്നും വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി. രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിക്കുന്നതിന് മുമ്പ് അഞ്ച് ജില്ലകളിൽ ജില്ലാ കലക്ടർമാർ യോഗം നടത്തിയതിലും വിമർശനമുയർന്നു.
ഇരട്ട വോട്ട് ചേർത്തെന്ന ആരോപണത്തിന് പരിഹാരം എസ്‌ഐആർ ആണെന്നായിരുന്നു യോഗത്തിലുയർന്ന ആശങ്കകൾക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കറുടെ മറുപടി.
അതേസമയം സിപിഎമ്മും കോൺഗ്രസും എതിർപ്പറിയിച്ചെങ്കിലും എസ്‌ഐആറിനെ സ്വാഗതം ചെയ്യുന്ന നിലപാടാണ് ബിജെപി സ്വീകരിച്ചത്.
വോട്ടർ പട്ടികയിൽ നിന്ന് ആരെയും ഒഴിവാക്കുന്നില്ലെന്നും യോഗ്യത ഇല്ലാത്തവർ പട്ടികയിൽ വരാൻ പാടില്ലെന്നും ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണൻ യോഗത്തിൽ അറിയിച്ചു. പൗരത്വം നിർബന്ധമാക്കണം, കുടിയേറ്റക്കാർ എന്ന നിർവചനം കൃത്യമാക്കണം എന്നതായിരുന്നു ബിജെപി യോഗത്തിൽ ഉന്നയിച്ച പ്രധാന ആവശ്യങ്ങൾ.