/sathyam/media/media_files/2025/09/21/voters-2025-09-21-01-08-21.jpg)
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്ഥാപന പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് രാഷ്ട്രീയപാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ കരട് വിജ്ഞാപനം പുറപ്പെടുവിച്ചു.
അതു സംബന്ധിച്ച ആക്ഷേപങ്ങൾ വിജഞാപന തീയതി മുതൽ 15 ദിവസത്തിനകം കമ്മീഷൻ സെക്രട്ടറിക്ക് രേഖാമൂലം സമർപ്പിക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു.
കരട് വിജ്ഞാപനം www.sec.kerala.gov.in വെബ് സൈറ്റിൽ പരിശോധിക്കാം. 2025 ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് രാഷ്ട്രീയപാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്.
ഒന്നാം പട്ടികയിൽ ദേശീയപാർട്ടികളായ ആം ആദ്മി പാർട്ടി (ചൂല്) ,ബഹുജൻ സമാജ് പാർട്ടി (ആന), ഭാരതീയ ജനതാ പാർട്ടി (താമര), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) (ചുറ്റികയും അരിവാളും നക്ഷത്രവും), ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ), നാഷണൽ പീപ്പിൾസ് പാർട്ടി (ബുക്ക്) എന്നിവർക്കും രണ്ടാം പട്ടികയിൽ കേരള സംസ്ഥാന പാർട്ടികളായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (ധാന്യക്കതിരും അരിവാളും), ജനതാദൾ (സെക്യുലർ) (തലയിൽ നെൽക്കതിരേന്തിയ കർഷക സ്ത്രീ), ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് (ഏണി), കേരള കോൺഗ്രസ് (എം) (രണ്ടില), കേരളകോൺഗ്രസ് (ഓട്ടോറിക്ഷ), റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (മൺവെട്ടിയും മൺകോരിയും) എന്നിവർക്കും ചിഹ്നങ്ങൾ അനുവദിച്ചു.
മൂന്നാം പട്ടികയിൽ, മറ്റ് സംസ്ഥാനങ്ങളിലെ അംഗീകൃത പാർട്ടികളും കേരള അസംബ്ലിയിലൊ സംസ്ഥാനത്തെ ഏതെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനത്തിലൊ അംഗങ്ങളുളളതും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തിട്ടുളളതുമായ 28 രാഷ്ട്രിയ പാർട്ടികൾക്കും ചിഹ്നം അനുവദിച്ചിട്ടുണ്ട്.
പട്ടിക നാലിലുള്ള 73 എണ്ണം സ്വതന്ത്ര ചിഹ്നങ്ങളിൽ 1, 2, 3 പട്ടികകളിൽ ഉൾപ്പെടാത്തതും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തിട്ടുളളതുമായ രാഷ്ട്രിയ പാർട്ടികൾക്ക് അവർ ആവശ്യപ്പെട്ട പ്രകാരമുളള സ്വതന്ത്ര ചിഹ്നങ്ങൾ മുൻഗണനാ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്.
ഇതിനകം ചിഹ്നം അനുവദിച്ചിട്ടില്ലാത്ത രാഷ്ട്രിയ പാർട്ടികൾക്ക് ആവശ്യമെങ്കിൽ അപേക്ഷിക്കുന്ന മുറക്ക് സ്വതന്ത്ര ചിഹ്നം അനുവദിക്കും.
അപേക്ഷയോടൊപ്പം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പും സ്റ്റേറ്റ് ഭാരവാഹിയെ ചുമതലപ്പെടുത്തിയ അധികാര പത്രവും നൽകണം.
സ്വതന്ത്ര ചിഹ്നങ്ങളുടെ പട്ടികയിലുളളതും മറ്റ് രാഷ്ട്രീയ പാർട്ടികൾക്ക് നൽകാത്തതുമായ ചിഹ്നമാണ് മുൻഗണനാ അടിസ്ഥാനത്തിൽ അനുവദിക്കുന്നത്.