നവരാത്രി പൂജ; വിഗ്രഹ ഘോഷയാത്രയ്ക്ക് തുടക്കമായി

നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്തിന് മുന്നോടിയായുള്ള ഉടവാൾ കൈമാറ്റം പത്മനാഭപുരം കൊട്ടാരത്തിലെ ഉപരിക മാളികയിൽ നടന്നു.

New Update
navarathri khoshayathra

തിരുവനന്തപുരം: നവരാത്രി പൂജയുമായി ബന്ധപ്പെട്ട് പത്മനാഭപുരത്ത് നിന്നുള്ള നവരാത്രി വിഗ്രഹങ്ങളുടെ ഘോഷയാത്രയ്ക്ക് ഭക്തിനിർഭരമായ തുടക്കം. 

Advertisment

നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്തിന് മുന്നോടിയായുള്ള ഉടവാൾ കൈമാറ്റം പത്മനാഭപുരം കൊട്ടാരത്തിലെ ഉപരിക മാളികയിൽ നടന്നു. ഉപരിക മാളികയിൽ പട്ടുവിരിച്ച പീഠത്തിൽ സൂക്ഷിച്ച ഉടവാൾ സംസ്ഥാന പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ ദിനേശനിൽ നിന്നും പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സ്വീകരിച്ചു. 


തുടർന്ന് തമിഴ്‌നാട് ക്ഷീരവികസന വകുപ്പ് മന്ത്രി മനോ തങ്കരാജും കന്യാകുമാരി എം പി വിജയ് വസന്തും വാൾ ഏറ്റുവാങ്ങിയതിനു ശേഷം ആചാരപ്രകാരം തമിഴ്‌നാട് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ്സ് വകുപ്പ് ജോയിന്റ് കമ്മീഷണർ ജാൻസി റാണിക്ക് കൈമാറി. 


എംഎൽഎ മാരായ സി.കെ ഹരീന്ദ്രൻ, എ വിൻസന്റ്, കന്യാകുമാരി ജില്ലാ കളക്ടർ ആർ അളഗമീന, സബ്കളക്ടർ വിനയ് കുമാർ മീണ, കന്യാകുമാരി ദേവസ്വം ബോർഡ് ചെയർമാൻ പ്രഭാരാമകൃഷ്ണൻ, തിരുവിതാംകൂർ കൊട്ടാരം പ്രതിനിധി രാജരാജ വർമ്മ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായി.

കേരള, തമിഴ്നാട് സായുധ പോലീസിന്റെ ഗാർഡ് ഓഫ് ഓണറിന് ശേഷം ഘോഷയാത്ര കൊട്ടാരമുറ്റത്തേക്ക് നീങ്ങി. 


തുടർന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. രാവിലെ ഒൻപതോടെ തേവാരക്കെട്ട് സരസ്വതിദേവി വിഗ്രഹം ആനപ്പുറത്തേറി ഘോഷയാത്രയായി പുറത്തേക്ക് എഴുന്നള്ളി. 


തൊട്ടുപിന്നാലെ അലങ്കരിച്ച ഇരുപല്ലക്കുകളിലായി വേളിമല കുമാര സ്വാമിയും ശുചീന്ദ്രം മുന്നൂറ്റി നങ്കയും നീങ്ങി. രാത്രിയോടെ കുഴിത്തുറ മഹാദേവക്ഷേത്രത്തിൽ എത്തുന്ന വിഗ്രഹങ്ങൾ അവിടെ ഇറക്കി പൂജ നടത്തും. 

അടുത്ത ദിവസം (സെപ്റ്റംബർ 21) ഉച്ചയ്ക്ക് 12ന് കളിയിക്കാവിളയിൽ എത്തുന്ന ഘോഷയാത്രയെ കേരള പോലീസ്, റവന്യൂ, ദേവസ്വം അധികൃതർ ചേർന്ന് സ്വീകരിക്കും. 


പാറശാല മഹാദേവ ക്ഷേത്രത്തിൽ വിഗ്രഹങ്ങൾ ഇറക്കി  പൂജ നടത്തും. തുടർന്ന് ഘോഷയാത്ര നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെത്തും.


ഘോഷയാത്ര 22 ന് വൈകിട്ട് തിരുവനന്തപുരത്ത് എത്തുന്നതോടെ നവരാത്രി ആഘോഷങ്ങൾ തുടങ്ങും. 

സന്ധ്യയോടെ ഘോഷയാത്ര കിഴക്കേക്കോട്ടയിൽ എത്തുമ്പോൾ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഉടവാൾ ഏറ്റുവാങ്ങി ആചാരപ്രകാരം വരവേൽക്കും. 


പദ്മതീർഥത്തിലെ ആറാട്ടിനുശേഷം നവരാത്രി മണ്ഡപത്തിൽ സരസ്വതിദേവിയെ ഒക്ടോബർ 4 വരെ പൂജയ്ക്കിരുത്തും. 


കരമന മുതൽ വെള്ളിക്കുതിരപ്പുറത്ത് എഴുന്നള്ളിക്കുന്ന കുമാരസ്വാമിയെ ആര്യശാല ദേവീക്ഷേത്രത്തിലും മുന്നൂറ്റിനങ്കയെ ചെന്തിട്ട ദേവീക്ഷേത്രത്തിലും പൂജയ്ക്കിരുത്തും.

നവരാത്രി പൂജക്ക് ശേഷം ഒരു ദിവസത്തെ നല്ലിരുപ്പിന് ശേഷം മൂന്ന് വിഗ്രഹങ്ങളും തിരുവനന്തപുരത്തു നിന്നും തിരിച്ചെഴുന്നള്ളത്തായി പദ്മനാഭപുരത്തേക്ക് പുറപ്പെടും.

Advertisment