ആഗോള അയ്യപ്പ സംഗമത്തിലെ നിർദ്ദേശങ്ങൾ ചർച്ച ചെയ്യാൻ 18 അംഗ സമിതി

നിർദ്ദേശങ്ങൾ കമ്മിറ്റി പരിശോധിച്ച് ബഹുജന സമക്ഷം അവതരിപ്പിച്ച ശേഷമായിരിക്കും ഭാവി നടപടികൾ സ്വീകരിക്കുക എന്നും മന്ത്രി പറഞ്ഞു

New Update
v n vasavan

പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിൽ ഉയർന്ന നിർദ്ദേശങ്ങൾ ചർച്ച ചെയ്ത് നടപടികൾ  സ്വീകരിക്കാൻ ദേവസ്വം മന്ത്രി ചെയർമാനായി 18 അംഗ സമിതിയെ നിയോഗിക്കുമെന്ന് സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ. 

Advertisment

പമ്പാ മണപ്പുറത്ത് ആഗോള അയ്യപ്പ സംഗമത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിർദ്ദേശങ്ങൾ കമ്മിറ്റി പരിശോധിച്ച് ബഹുജന സമക്ഷം അവതരിപ്പിച്ച ശേഷമായിരിക്കും ഭാവി നടപടികൾ സ്വീകരിക്കുക എന്നും മന്ത്രി പറഞ്ഞു. 

ദേവസ്വം സെക്രട്ടറി കൺവീനറായും ദേവസ്വം ബോർഡ് പ്രസിഡന്റ്, അംഗങ്ങൾ,  ചർച്ചയിൽ പങ്കെടുത്ത വിദഗ്ധർ തുടങ്ങിയവർ അംഗങ്ങളായും ആയിരിക്കും കമ്മറ്റി പ്രവർത്തിക്കുക.

വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാലുടൻ റോപ് വേ നിർമ്മാണത്തിനുള്ള നടപടികൾ ആരംഭിക്കും. 

ആഗോള അയ്യപ്പ സംഗമം കൊണ്ട് എന്താണോ ലക്ഷ്യമിട്ടത് അത് അർത്ഥപൂർണമാക്കാൻ സംഘാടനം കൊണ്ടും പങ്കാളിത്തം കൊണ്ടും സാധിച്ചതായും മന്ത്രി പറഞ്ഞു.

പ്രമോദ് നാരായൺ എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പുരാവസ്തു രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വിശിഷ്ടാതിഥിയായിരുന്നു. 

മൂന്ന് സമാന്തര സെഷനുകളായി നടന്ന ചർച്ചകളിൽ ഉരുത്തിരിഞ്ഞ ആശയങ്ങളുടെ സംക്ഷിപ്തരൂപം പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവ് ടി കെ എ നായർ,  റവന്യൂ – ദേവസ്വം വകുപ്പ് സെക്രട്ടി എം. ജി രാജമാണിക്യം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഡയറക്ടർ പ്രൊഫസർ സുജിത് കുമാർ എന്നിവർ അവതരിപ്പിച്ചു.

കെ. യു ജനീഷ് കുമാർ എം എൽ എ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്,  ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ,  റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ. എ അജികുമാർ, അഡ്വ. പി.ഡി. സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

Advertisment