/sathyam/media/media_files/2025/09/21/photos36-2025-09-21-12-04-39.png)
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ വിലചോദിച്ചപ്പോൾ കെ.എസ്.ആർ.ടി.സിയുടെ ഗതിയാവുമെന്നായിരുന്നു തലസ്ഥാനത്തെ വിലയിരുത്തൽ.
എന്നാൽ ടെൻഡറിൽ പങ്കെടുത്തെങ്കിലും വിമാനത്താവള നടത്തിപ്പ് ലഭിച്ചത് അദാനിക്കാണ്. അതോടെ വിമാനത്താവളത്തിന്റെ തലവര മാറി. രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോർഡ് കുറിച്ചിരിക്കുകയാണ് തിരുവനന്തപുരം വിമാനത്താവളം.
ഓഗസ്റ്റ് മാസത്തിൽ 2.25 ലക്ഷം രാജ്യാന്തര യാത്രക്കാരാണ് വിമാനത്താവളത്തിലെത്തിയത്.
14 വിദേശ നഗരങ്ങളിലേക്ക് 1404 സർവീസുകളാണ് ഓഗസ്റ്റിൽ നടത്തിയത്. അബുദാബി, ഷാർജ, ദുബായ് എന്നിവിടങ്ങളാണ് യാത്രക്കാരുടെ എണ്ണത്തിൽ മുൻനിരയിൽ. വരുന്ന ശൈത്യകാല ഷെഡ്യൂളിൽ കൂടുതൽ സർവീസുകൾ തുടങ്ങുന്നുണ്ട്.
യാത്രക്കാരുടെ എണ്ണത്തിൽ പ്രതിവർഷം 10% വർധനയാണുണ്ടാകുന്നത്. തായ് എയർ ഏഷ്യ, വിയറ്റ്നാം എയർ, ആകാശ എന്നീ വിമാനക്കമ്പനികൾ ഇവിടെനിന്ന് സർവീസ് ആരംഭിക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മുൻപു കൊച്ചിയിൽ പോയി യാത്ര ചെയ്തിരുന്നവരിൽ പലരും ഇപ്പോൾ യാത്ര തിരുവനന്തപുരത്ത് നിന്നാക്കിയിട്ടുണ്ട്.
യാത്രക്കാരുടെ എണ്ണം കൂടുന്നതിനൊപ്പം കൂടുതൽ അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങളും വിമാനത്താവളത്തിൽ ഒരുക്കുകയാണ് അദാനി. അടുത്ത 50 വർഷത്തേക്ക് വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനിക്കാണ്.
വിമാനത്താവളത്തിൽ 8707കോടി രൂപയുടെ വികസനം നടപ്പാക്കാനാണ് പദ്ധതി. ടെർമിനൽ നവീകരണം, അനുബന്ധ കെട്ടിടങ്ങൾ, കാർഗോ കോംപ്ലക്സ്, റൺവേ, ഏപ്രൺ ആൻഡ് ടാക്സിവേ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ, റോഡ്, മറ്റു ഗതാഗത സൗകര്യങ്ങൾ എന്നിവയാണ് വികസന പദ്ധതിയിലുള്ളത്.
2070 വരെയുള്ള യാത്രാ ആവശ്യങ്ങൾ കണക്കിലെടുത്താണ് ടെർമിനൽ വികസനം. 1300കോടി ചെലവിൽ വിമാനത്താവള ടെർമിനൽ പുതുക്കിപ്പണിയുന്നുണ്ട്. വിമാനത്താവളത്തിന്റെ മുഖച്ഛായ മാറ്റുന്നതായിരിക്കും പുതിയ ടെർമിനൽ.
ശ്രീപദ്മനാഭന്റെ മണ്ണിലേക്ക് നന്മയുടെ കവാടം എന്ന രീതിയിലാണ് 'അനന്ത' ടെർമിനൽ നിർമ്മിക്കുക.
2.7കോടി യാത്രക്കാരെയും 0.42മെട്രിക് ടൺ കാർഗോയും ഉൾക്കൊള്ളാനാവുന്ന ടെർമിനൽ പണിതീരാൻ 3വർഷമെടുക്കും. 2070 വരെയുള്ള യാത്രാ ആവശ്യങ്ങൾ കണക്കിലെടുത്താണ് ടെർമിനൽ വികസനം.
നിലവിൽ അഞ്ച്ലക്ഷം ചതുരശ്രഅടി വിസ്തൃതിയുള്ള അന്താരാഷ്ട്ര ടെർമിനൽ 18ലക്ഷം ചതുരശ്രയടിയാവും. രണ്ട് നിലകളിലായിരിക്കും പുതിയ ടെർമിനൽ. വരുന്നതും പോവുന്നതുമായ യാത്രക്കാർക്കായി ഓരോ നില സജ്ജമാക്കും.
മൾട്ടി - ലെവൽ -ഇന്റഗ്രേറ്റഡ് ടെർമിനലിൽ വിസ്തൃതമായ ചെക്ക് ഇൻ കൗണ്ടറുകൾ, എമിഗ്രേഷൻ-കസ്റ്റംസ്-ഷോപ്പിംഗ് എന്നിവയുണ്ടാവും. കസ്റ്റംസ്, ഇമിഗ്രേഷൻ ക്ലിയറൻസിനായി കാത്തുനിൽക്കേണ്ടിവരില്ല.
ലോകോത്തര നിലവാരത്തിലുള്ള എയർപോർട്ട്പ്ലാസ, പഞ്ചനക്ഷത്രഹോട്ടൽ, കൊമേഴ്സ്യൽ- അഡ്മിനിസ്ട്രേഷൻ ബ്ലോക്ക്, ഫുഡ്കോർട്ട് എന്നിവയൊരുങ്ങും.
അന്താരാഷ്ട്ര ടെർമിനലിലെ ഏപ്രൺ പുനർനിർമ്മാണം, ഡ്രെയിനേജുകളുടെ പുനർനിർമ്മാണം, ആഭ്യന്തര ടെർമിനലിൽ കൂടുതൽ ചെക്ക് ഇൻ കൗണ്ടറുകളുടെ നിർമ്മാണം, നോളഡ്ജ് സെന്റർ നിർമ്മാണം എന്നിവയ്ക്ക് കരാറായിക്കഴിഞ്ഞു.
ഇൻഫ്രാസ്ട്രക്ചർ, സിവിൽ കൺസ്ട്രക്ഷൻ കമ്പനിയായ ഐ.റ്റി.ഡിക്കാണ് കരാർ ലഭിച്ചത്. ഉപകരാർ ലഭിച്ചത് ഊരാളുങ്കലിനും.
ടെർമിനൽ നിർമ്മാണത്തിന് പുറമെ അനുബന്ധ കെട്ടിടങ്ങൾ, കാർഗോ കോംപ്ലക്സ്, റൺവേ, ഏപ്രൺ ആൻഡ് ടാക്സിവേ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ, റോഡ്, മറ്റു ഗതാഗത സൗകര്യങ്ങൾ എന്നിവയും വരുന്നുണ്ട്.
പ്രതിവർഷം 32 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷിയാണു നിലവിൽ വിമാനത്താവളത്തിനുള്ളത്. 2030ൽ യാത്രക്കാരുടെ എണ്ണം 1.20 കോടിയാകുമ്പോൾ വേണ്ട സൗകര്യങ്ങൾ ഒരുക്കാനാണ് ശ്രമം. 15 വർഷം മുൻപു നിർമിച്ച ടെർമിനലാണ് ഇപ്പോൾ രാജ്യാന്തര സർവീസുകൾക്ക് ഉപയോഗിക്കുന്നത്.
ഏറ്റവും തിരക്കേറിയ രാത്രി മുതൽ രാവിലെ വരെയുള്ള സമയത്ത് എല്ലായിടത്തും ക്യൂവാണ്. 36 ഇമിഗ്രേഷൻ കൗണ്ടറുകൾ, 6 ഗേറ്റുകൾ, 4 എയ്റോ ബ്രിഡ്ജുകൾ എന്നിവയാണ് ടെർമിനലിലുള്ളത്. നവീകരണം പൂർത്തിയാകുമ്പോൾ ഗേറ്റുകളുടെയും എയ്റോബ്രിജുകളുടെയും എണ്ണം 19 ആകും.
പുതിയ ടെർമിനൽ കെട്ടിടവും ഉയരും. 2 നില കെട്ടിടത്തിൽ ഒന്നാം നിലയിൽ ഡിപ്പാർചറും താഴത്തെ നിലയിൽ അറൈവലും ക്രമീകരിക്കും. പാലത്തിലൂടെ നേരെ ഒന്നാം നിലയിലേക്ക് എത്താൻ കഴിയും.
ടെർമിനലിനു മുന്നിലായി പഞ്ചനക്ഷത്ര ഹോട്ടലും കൺവൻഷൻ സെന്ററും ഒരു വശത്തായി 3,000 വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള മൾട്ടി ലവൽ കാർ പാർക്കിങ് സൗകര്യവും ഏർപ്പെടുത്തും.
ഇതിൽ ഹോട്ടൽ നിർമാണത്തിനുള്ള പ്രാരംഭ നടപടികൾ വൈകാതെ ആരംഭിക്കും. പരിസ്ഥിതി അനുമതി ലഭിച്ചാൽ ഒരു വർഷത്തിനുള്ളിൽ ഹോട്ടൽ നിർമാണം പൂർത്തിയാക്കും.
33,092 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമിക്കുന്ന ഹോട്ടലിൽ 240 മുറികളുണ്ടാകും.136 കോടി രൂപയാണ് നിർമാണച്ചെലവ്.
യാത്രക്കാർക്ക് മികച്ച ഷോപ്പിങ് അനുഭവം നൽകാൻ കൊമേഴ്സ്യൽ കോംപ്ലക്സും ഹോട്ടലിനൊപ്പം ഉണ്ടാകും. 600 സീറ്റുകളുള്ള കൺവൻഷൻ സെന്ററും പദ്ധതിയിൽ ഉൾപ്പെടും. മാരിയറ്റ്, ഹയാത്ത് പോലെയുള്ള വൻകിട ബ്രാൻഡുകളെ ഹോട്ടൽ നടത്തിപ്പ് ഏൽപ്പിക്കാനാണു സാധ്യത..
പുതിയ എയർ ട്രാഫിക് കൺട്രോൾ ബിൽഡിങ്, പ്രൈവറ്റ് ജെറ്റ് ടെർമിനൽ എന്നിവയും വരും. 10 വിമാനങ്ങൾക്കുള്ള പാർക്കിങ് ബേകളാണു ഇപ്പോഴുള്ളത്.
ഇത് 27 എണ്ണമാകും. കേരളീയ വാസ്തു ശൈലിയിലുള്ള ടെർമിനലായിരിക്കും നിർമിക്കുക. ഭൂമിയില്ലാത്തതാണ് വികസനത്തിന് പ്രധാന പ്രശ്നം.
നെടുമ്പാശേരി വിമാനത്താവളത്തിന് 1300 ഏക്കർ ഭൂമിയുണ്ടെങ്കിൽ തിരുവനന്തപുരത്ത് 600 ഏക്കർ മാത്രമാണുള്ളത്. ഈ പരിമിതികൾക്കുള്ളിൽനിന്നു നടപ്പാക്കാവുന്ന വികസന പദ്ധതികളുടെ മാസ്റ്റർ പ്ലാനാണ് തയാറാക്കിയിരിക്കുന്നത്.