/sathyam/media/media_files/2025/09/21/photos340-2025-09-21-13-35-25.jpg)
തിരുവനന്തപുരം : വായ്പയെടുത്ത സ്വന്തം പാർട്ടിക്കാർ പറഞ്ഞ സമയത്ത് പണം തിരിച്ചടയ്ക്കാതിരുന്നതാണ് തിരുമല കൗൺസിലറായിരുന്ന അനിലിനെ ആത്മഹ്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് സൂചന.
ഞെട്ടലോടെയാണ് കൗൺസിലറും ബി.ജെ.പി നേതാവുമായ തിരുമല അനിലിന്റെ ആത്മഹത്യാ വാർത്ത പലരും കേട്ടത്.
വയ്പയെടുത്ത സ്വന്തം പാർട്ടിക്കാർക്ക് പിന്നിൽ സംസ്ഥാന ബി.ജെ.പിയിലെ ഒരു നേതാവുണ്ടെന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട്.
കുറച്ച് നാളുകളായി അനിൽ ഇതേ നേതാവിനോട് പ്രശ്‌നങ്ങൾ പറഞ്ഞിരുന്നു. അദ്ദേഹത്തിനോട് അനുഭാവം പ്രകടിപ്പിക്കുന്ന ചിലരാണ് വായ്പയെടുത്ത് കൃത്യമായി തിരിച്ചടയ്ക്കാതെ മുങ്ങിനടന്നത്.
കാര്യങ്ങൾ വിശദമായി നേതാവിനോട് പറഞ്ഞിട്ടും നടപടിയെന്നും ഉണ്ടാവാതിരുന്നതോടെയാണ് കഴിഞ്ഞ ദിവസം അനിൽ ബി.ജെ.പി സംസ്ഥാന നേതൃത്വവുമായി ബന്ധപ്പെട്ടത്.
എന്നാൽ അവിടെ നിന്നും സഹായമൊന്നും ലഭിക്കില്ലെന്ന് അറിഞ്ഞതോടെ അദ്ദേഹം കടുത്ത മാനസിക വിഷമത്തിലായിരുന്നു. തുടർന്നാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്.
ഞാനെല്ലാവരെയും സഹായിച്ചു, പ്രതിസന്ധിവന്നപ്പോൾ ഞാൻ ഒറ്റപ്പെട്ടുവെന്നും തിരുമല കൗൺസിലറായിരുന്ന കെ.അനിൽ കുമാറിന്റെ ആത്മഹത്യാ കുറിപ്പിൽ എഴുതിവെച്ചിരുന്നു. സഹായിച്ച എല്ലാവർക്കും കുറിപ്പിൽ നന്ദി പറയുന്നുണ്ട്.
വലിയശാല ഫാം ടൂർ സഹകരണസംഘത്തിന് 6 കോടിയോളം ബാദ്ധ്യതയുണ്ട്. 11 കോടിയുടെ ആസ്തിയുണ്ട്, അത് പിരിച്ച് നിക്ഷേപകർക്ക് കൊടുക്കണം.
ഇതിന്റെ പേരിൽ തന്റെ കുടുംബത്തെ ഒറ്റപ്പെടുത്തരുതെന്നും, താനും കുടുംബവും ഒരു പൈസ പോലും എടുത്തിട്ടില്ലെന്നും കുറിപ്പിലുണ്ട്.
മരണാനന്തര ചടങ്ങിനുള്ള പണം ഒരു കവറിലിട്ട് ആത്മഹത്യക്കുറിപ്പിന് സമീപം സൂക്ഷിച്ചിരുന്നു. ആത്മഹത്യക്കുറിപ്പിൽ ആരുടെയും പേരു പറയുന്നില്ല.
ഇന്നലെ രാവിലെ എട്ടരയോടെയാണ് തിരുമല ജംക്ഷനിലുള്ള വാർഡ് കമ്മിറ്റി ഓഫിസിൽ അനിൽ എത്തിയത്. പിന്നീട് 10നാണ് മരണ വിവരം പുറത്തറിഞ്ഞത്.
വലിയശാലയിൽ അനിൽ പ്രസിഡന്റായി പ്രവർത്തിക്കുന്ന ജില്ലാ ഫാം ടൂർ സഹകരണസംഘം സാമ്പത്തിക പ്രതിസന്ധിയിലായതിനെ തുടർന്ന് അദ്ദേഹം മാസങ്ങളായി കടുത്ത മാനസിക സംഘർഷത്തിലായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
പണം ആവശ്യപ്പെട്ടെത്തിയ നിക്ഷേപകർക്ക് പണം പിരിച്ച് തിരികെ നൽകാൻ കഴിഞ്ഞ കുറേ ദിവസങ്ങളായി അനിൽ ശ്രമിക്കുകയായിരുന്നു.
പത്ത് വർഷം മുൻപാണ് വലിയശാലയിൽ സംഘം പ്രവർത്തനം ആരംഭിച്ചത്. അതിനിടെ പലിശയ്ക്ക് പണം കടം വാങ്ങി അനിൽ ചിലരുടെ നിക്ഷേപം തിരികെ നൽകിയതായും സൂചനയുണ്ട്.
സംഘത്തിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നും ആത്മഹത്യ ചെയ്യുമെന്നും അടുത്ത ആളുകളോട് അനിൽ പറഞ്ഞിരുന്നതായി പൊലീസും പറഞ്ഞു.
തിരുമലയിലെ കൗൺസിലറുടെ ഓഫീസിൽ സഹായിയായി ഒരാൾ പ്രവർത്തിക്കുന്നുണ്ട്. ശനിയാഴ്ച രാവിലെ അനിൽകുമാർ ഓഫീസിലെത്തി. രാവിലെ ക്ഷേത്രദർശനം നടത്തിയാണ് ഓഫീസിലേക്ക് പോയത്.
കുറച്ചുനാൾ മുൻപ് നിക്ഷേപകരിലൊരാൾ സൊസൈറ്റിക്ക് മുൻപിൽ ബഹളമുണ്ടാക്കിയിരുന്നു. ഇതിനെതിരെ അനിലും സെക്രട്ടറിയും തമ്പാനൂർ പൊലീസിൽ പരാതി നൽകി.
10 ലക്ഷം രൂപ നിക്ഷേപം തിരികെ തരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ബഹളം വച്ചയാളും തിരിച്ച് പരാതി നൽകി. തുടർന്ന് തമ്പാനൂർ പൊലീസിന്റെ സാന്നിദ്ധ്യത്തിൽ നിക്ഷേപം തിരികെ നൽകാമെന്ന് ഉറപ്പുനൽകിയാണ് അന്ന് പ്രശ്‌നം പരിഹരിച്ചത്. ഇടയ്ക്ക് അനിലിന് ശാരീരിക അസ്വസ്ഥതകളുമുണ്ടായി രുന്നു.