/sathyam/media/media_files/2025/01/30/HflgC5MwKqnWic4iCCKP.jpg)
തിരുവനന്തപുരം: ശബരിമലയിലെ ആചാര ലംഘനത്തിന് നേതൃത്വം നല്‍കിയ പിണറായി വിജയന്‍റെ കര്‍മ്മികത്വത്തില്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാഷ്ട്രീയ ദുഷ്ടലാക്കോടെ സംഘടിപ്പിച്ച അയ്യപ്പ സംഗമം പ്രഹസനമായെന്ന് വിഡി സതീശൻ.
ഒഴിഞ്ഞ കസേരകള്‍ എ.ഐ നിര്‍മ്മിതിയെന്നു പറഞ്ഞ് ജനങ്ങളുടെ പൊതുബോധ്യത്തെ ചോദ്യം ചെയ്ത എം.വി ഗോവിന്ദന്‍ സ്വയം അപഹാസ്യനാകരുതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.
യോഗി ആദിത്യനാഥിന്‍റെ ആശംസ അഭിമാനത്തോടെ വായിച്ചതിലൂടെ സര്‍ക്കാര്‍ എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും വിഡി സതീശൻ പ്രസ്താവനയിൽ ചോദിച്ചു.
അയ്യപ്പ ഭക്തരെയും വിശ്വാസികളെയും കബളിപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമം പൊളിഞ്ഞെന്നു വ്യക്തമാക്കുന്നതാണ് സംഗമ വേദിയിലെ ഒഴിഞ്ഞ കസേരകള്‍. സര്‍ക്കാര്‍ അവകാശപ്പെട്ടതിന്‍റെ നാലിലൊന്നു പേര്‍ പോലും സംഗമത്തിനെത്തിയില്ല.
തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് നടത്തിയ രാഷ്ട്രീയ നാടകം ബോധ്യപ്പെട്ടതു കൊണ്ടാണ് അയ്യപ്പ ഭക്തര്‍ സംഗമത്തോട് മുഖം തിരിച്ചത്.
ദേവസ്വം ബോര്‍ഡ് ജീവനക്കാരും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്റ്റാഫ് അംഗങ്ങളും ഉദ്യോസ്ഥരുമാണ് സദസിലുണ്ടായിരുന്നതില്‍ ഭൂരിഭാഗവും.
ഒഴിഞ്ഞ കസേരകളുടെ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ ലോകം മുഴുവന്‍ കണ്ടത്. എന്നിട്ടാണ് അത് എ.ഐ നിര്‍മ്മിതമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി ന്യായീകരിച്ചത്.
ജനങ്ങളുടെ പൊതുബോധ്യത്തെ ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്ന എം.വി ഗോവിന്ദന്‍ സ്വയം അപഹാസ്യനാകരുത്. സംഗമം ആഗോള വിജയമെന്നും ലോകപ്രശസ്തമായ വിജയമെന്നു പറഞ്ഞതിലൂടെ എം.വി ഗോവിന്ദന്‍ പിണറായി വിജയനെ പരിഹസിച്ചതാണോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു.