/sathyam/media/media_files/2025/09/21/cpi-25-2025-09-21-23-53-00.png)
തിരുവനന്തപുരം: സി.പി.ഐയുടെ പുതിയ ജനറൽസെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതിൽ കേരളഘടകത്തിൻെറ നിലപാട് നിർണായകമാകും. നേതൃസമിതിയിൽ അംഗം ആയിരിക്കുന്നതിന് 75വയസ് പ്രായപരിധി മാനദണ്ഡം കർശനമായി നടപ്പാക്കണമെന്ന് കേരള ഘടകം ശഠിച്ചാൽ നിലവിലുളള ജനറൽ സെക്രട്ടറി ഡി.രാജക്ക് സ്ഥാനം ഒഴിയേണ്ടി വരും.
രാജക്ക് പകരം ആര് ജനറൽ സെക്രട്ടറിയാകണമെന്ന കാര്യത്തിലും കേരളത്തിൻെറ നിലപാടായിരിക്കും നിർണായകമാകുക. രാജ്യത്തെ ഏറ്റവും വലിയ സിപിഐ ഘടകത്തിൻെറ പിന്തുണയില്ലാതെ പുതിയ ദേശിയകൗൺസിലിൻെറയും ജനറൽ സെക്രട്ടറിയുടെയും തിരഞ്ഞെടുപ്പ് സാധ്യമാകില്ല.
പഞ്ചാബിലെ ചണ്ഡീഗഡിൽ നടക്കുന്ന സി.പി.ഐയുടെ ഇരുപത്തിയഞ്ചാമത് പാർട്ടി കോൺഗ്രസിൽ ഏറ്റവും കൂടുതൽ പ്രതിനിധികൾ പങ്കെടുക്കുന്നതും കേരളത്തിൽ നിന്നാണ്.
100 പ്രതിനിധികളാണ് കേരളത്തിലെ പാർട്ടി ഘടകത്തെ പ്രതിനിധീകരിച്ച് പാർട്ടി കോൺഗ്രസിന് എത്തിയിരിക്കുന്നത്.
ഇതിന് വിപരീതമായ പാർട്ടി കോൺഗ്രസിൽ പ്രായപരിധിയിൽ ഇളവ് നൽകാനുളള തീരുമാനത്തെ അനുകൂലിച്ചാൽ സംസ്ഥാനത്തെ പാർട്ടിയിൽ വലിയ പ്രതിസന്ധിയുണ്ടാക്കും.
പുറമേക്ക് ഐക്യം പ്രകടമാണെങ്കിലും ആലപ്പുഴ സംസ്ഥാന സമ്മേളനത്തിന് ശേഷവും കേരളത്തിലെ സി.പി.ഐയിൽ അഭിപ്രായ ഭിന്നത ശക്തമാണ്.
ഈ സാഹചര്യത്തിൽ 75 വയസ് പ്രായപരിധിയിൽ ഇളവ് നൽകി ഡി.രാജയെ വീണ്ടും ദേശിയ ജനറൽ സെക്രട്ടറിയായി തുടരാൻ അനുവദിക്കുന്നത് അചിന്തനീയമാണ്.
പ്രായപരിധി നിശ്ചയിച്ചത് പാർട്ടി തന്നെയാണെന്നും അത് മാറ്റേണ്ടതില്ലെന്നുമാണ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇത് സംബന്ധിച്ച ചോദ്യങ്ങൾക്ക് നൽകുന്ന മറുപടി.
പ്രായപരിധിയിൽ ഇളവ് നൽകുന്നതിനോട് കേരള ഘടകത്തിന് യോജിപ്പില്ലെന്ന് വ്യക്തമാക്കുന്നതാണ് ബിനോയ് വിശ്വത്തിൻെറ ഈ പ്രതികരണം.എ.ഐ.ടി.യു.സി ജനറൽ സെക്രട്ടറി അമർജിത് കൗറിനെയാണ് കേരള ഘടകം പിന്തുണക്കുന്നത്.
കേരളം കൂടാതെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുകൂടി പിന്തുണ ലഭിച്ചാൽ അമർജിത് കൗർ സി.പി.ഐയുടെ ആദ്യത്തെ വനിതാ ജനറൽ സെക്രട്ടറിയാകാനാണ് സാധ്യത.75 വയസ് തികയാൻ ഇനി ഏതാനം മാസങ്ങളെ ഉളളു എന്നതാണ് അമർജിത്തിൻെറ പ്രതികൂല ഘടകം.
ജനറൽ സെക്രട്ടറിയായാലും അമർജിത് കൗറിന് ഒരുടേം മാത്രമേ പദവിയിൽ ഇരിക്കാനാകു.അതുകൊണ്ടുതന്നെ അടുത്ത നേതാവിനെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തിൽ ഇത്തവണ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയെ കൂടി തിരഞ്ഞെടുക്കണമെന്ന് ആവശ്യമുണ്ട്.
കേരള ഘടകം സെക്രട്ടറിയും ദേശിയ സെക്രട്ടേറിയേറ്റ് അംഗവുമായ ബിനോയ് വിശ്വത്തിൻെറ പേരാണ് ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് സജീവമായി പറഞ്ഞ് കേൾക്കുന്നത്.
രാജ്യസഭയിലെ കക്ഷി നേതാവും ദേശിയ എക്സിക്യൂട്ടീവ് അംഗവുമായ കേരളത്തിൽ നിന്നുളള പി.സന്തോഷ് കുമാറിൻെറ പേരും ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി പ്രചരണമുണ്ട്.
വിജയവാഡ പാർട്ടി കോൺഗ്രസിൽ വെച്ച് മാത്രം ദേശിയ എക്സിക്യൂട്ടീവ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട പി.സന്തോഷ് കുമാർ ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്നതിനാൽ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കൂടുതൽ സാധ്യതയുണ്ട്.
എന്നാൽ ദേശിയ ജനറൽ സെക്രട്ടറി സ്ഥാനത്തും കണ്ണുളള സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, തന്നെ മറികടന്ന് കേരളത്തിൽ നിന്ന് മറ്റൊരു നേതാവ് ജനറൽ സെക്രട്ടറി ആകുന്നതിനെ അനുകൂലിക്കുമോ എന്നാണ് അറിയാനുളളത്.
ഡി. രാജയെ ദേശിയ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയാൽ ദേശിയ രാഷ്ട്രീയത്തിലെ പാർട്ടിയുടെ പ്രസക്തി വീണ്ടും ഇല്ലാതാകുമോയെന്ന ആശങ്കയും സി.പി.ഐ വൃത്തങ്ങളിലുണ്ട്.ദേശിയ തലത്തിൽ പ്രതിപക്ഷ നിരയിലെ പരിചിത മുഖമാണ് രാജ.
കോൺഗ്രസ് അടക്കമുളള പ്രതിപക്ഷത്തെ നയിക്കുന്ന പാർട്ടികളുടെ നേതൃത്വവും ആയി അടുപ്പമുളള നേതാവും രാജ മാത്രമാണ്.
രാജ ജനറൽ സെക്രട്ടറി പദം ഒഴിഞ്ഞാൽ പ്രതിപക്ഷ വേദികളിൽ ഇപ്പോൾ സി.പി.എം അനുഭവിക്കുന്ന അപരിചിതത്വം നേരിടേണ്ടി വരുമെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.
ദേശിയ രാഷ്ട്രീയത്തിലെ ജ്വലിക്കുന്ന മുഖം ആയിരുന്ന സീതാറാം യെച്ചൂരിയുടെ പിൻഗാമിയായി സി.പി.എമ്മിൻെറ ജനറൽ സെക്രട്ടറി പദവിയിലെത്തിയ എം.എ.ബേബി ഡൽഹി രാഷ്ട്രീയത്തിൽ ഒട്ടും പരിചിത മുഖമല്ല.
സംസ്ഥാനത്തെ പാർട്ടി സമ്മേളനങ്ങളിൽ ലോക്കൽ തലം തൊട്ട് 75 വയസ് പ്രായപരിധി നടപ്പാക്കിയാണ് സംസ്ഥാന സമ്മേളനം വരെയുളള സമ്മേളനങ്ങൾ പൂർത്തിയാക്കിയത്.
കഴിഞ്ഞ സമ്മേളനം മുതൽ പ്രായപരിധി നടപ്പാക്കിയതോടെ കേരളത്തിലെ പ്രമുഖ നേതാക്കളായ പന്ന്യൻ രവീന്ദ്രൻ, കെ.ഇ. ഇസ്മയിൽ,സി.ദിവാകരൻ എന്നിവർക്ക് കളം വിടേണ്ടി വന്നു.
ഈ സമ്മേളനത്തിലും പ്രായപരിധി നടപ്പിലാക്കിയപ്പോൾ മുൻ മന്ത്രി ഇ.ചന്ദ്രശേഖരൻ, സി.എൻ.ജയദേവൻ, കെ.ആർ.ചന്ദ്രമോഹനൻ, വി.ചാമുണ്ണി തുടങ്ങിയ നേതാക്കൾ സംസ്ഥാന എക്സിക്യൂട്ടിവീൽ നിന്ന് കൗൺസിലിൽ നിന്ന് പുറത്തായി.
പ്രായപരിധി മാനദണ്ഡം ചൂണ്ടിക്കാട്ടി സംസ്ഥാന കൗൺസിലിൽ നിന്ന് സംസ്ഥാന കൗൺസിലിൽ നിന്ന് പുറത്താക്കിയിരുന്നു.
ഈ സാഹചര്യത്തിൽ പാർട്ടി കോൺഗ്രസിൽ പ്രായപരിധിയിൽ ഇളവ് നൽകണം എന്ന നിർദ്ദേശത്തെ പിന്തുണക്കാൻ പോയാൽ സംസ്ഥാനത്ത് പൊട്ടിത്തെറി ഉണ്ടാകും.
പ്രായപരിധി നടപ്പിലാക്കുമോ എന്നതിൽ തീരുമാനം പാർട്ടി കോൺഗ്രസ്സിൽ ആയിരിക്കും ഉണ്ടാകാൻ പോകുകയെന്നാണ് ജനറൽ സെക്രട്ടറി ഡി.രാജയുടെ പ്രതികരണം.
പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കുന്ന പ്രവർത്തന റിപോർട്ടിൽ നേതൃത്വത്തിന് എതിരെ രൂക്ഷ വിമർശനമുണ്ട്. നേതാക്കൾ ഒരേ പദവിയിൽ തന്നെ തുടരുന്നത് മുരടിപ്പ് ഉണ്ടാക്കുന്നുവെന്നാണ് വിമർശനം.
പാർട്ടിയിൽ പുരുഷ മേധാവിത്വ പ്രവണതയും,പാർലമെന്ററി വ്യാമോഹവും ശക്തമാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. യുവജന,വിദ്യാർത്ഥി സംഘടന നിർജീവമാണെന്നും വിമർശനമുണ്ട്.
ചിലരെ പാർലമെന്ററി വ്യാമോഹം ശക്തമായി ബാധിച്ചിട്ടുണ്ട്.സീറ്റു കിട്ടാത്തവർ ഉടൻ തന്നെ പാർട്ടി വിടുന്നത് ഇതിൻെറ ഉദാഹരണമാണ്. ചിലർ പാർട്ടി സ്ഥാനം ഉപയോഗിച്ച് പണം ഉണ്ടാക്കുന്നുവെന്നും വിമർശനമുണ്ട്.
പാർട്ടി അംഗങ്ങളിലും അനുയായികളിലും ആഡംബര പ്രവണതയുണ്ട്.സ്വകാര്യ പരിപാടികൾക്കായി വൻതോതിൽ പണം ചെലവഴിക്കുന്നുണ്ട്. രാഷ്ട്രീയ ആവശ്യം മുന്നോട്ട് വയ്ക്കാതെ പാർട്ടി നേതാക്കൾ പണം പിരിക്കുന്നതായും പ്രവർത്തന റിപോർട്ടിൽ വിമർശനമുണ്ട്.