/sathyam/media/media_files/2025/06/09/isAjOyB8V9sgdSkFaN3b.jpg)
തിരുവനന്തപുരം: തിരുമല നഗരസഭാ കൗണ്‍സിലര്‍ അനിലിന്റെ മരണവുമായി ബന്ധപ്പെട്ട്പുറത്തുവരുന്ന കാര്യങ്ങള്‍ ഗൗരവതരമെന്ന് മന്ത്രി വി ശിവന്‍കുട്ടി.
പുറത്തുവന്ന അനിലിന്റെ ആത്മഹത്യാക്കുറിപ്പില്‍ ഒരിടത്തും പൊലീസ് ഭീഷണിയെ തുടര്‍ന്നാണ് ജീവനൊടുക്കിയതെന്ന് പറയുന്നില്ല. സ്വന്തം പാര്‍ട്ടിക്കാര്‍ ചതിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ്.
അനിലിന്റെ ഭാര്യ ചില കാര്യങ്ങള്‍ പറഞ്ഞെന്നും അത് ഇപ്പോള്‍ വെളിപ്പെടുത്തില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.
അനില്‍ വെറും കൗണ്‍സിലര്‍ മാത്രമല്ല, ബിജെപിയുടെയും ആര്‍എസ്എസിന്റെയും പ്രധാന നേതാവാണ്. ഈ വിഷയത്തില്‍ ആര്‍എസ്എസ് പ്രതികരിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും ശിവന്‍കുട്ടി പറഞ്ഞു.
സര്‍ക്കാര്‍ തലത്തില്‍ സമഗ്രമായ അന്വേഷണം നടത്തിയാല്‍ ആരാണ് കാശ് എടുത്തതെന്ന് കൃത്യമായി അറിയാന്‍ കഴിയും. കാശ് അടയ്ക്കാത്തവരാണ് മരണത്തിന് ഉത്തരവാദികള്‍. അവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം.
പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് ആര്‍ക്കും പറയാലോ?. അദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പില്‍ എവിടെയെങ്കിലും പൊലീസ് എന്നുപറയുന്നുണ്ടോ?.
ബിജെപി പ്രവര്‍ത്തകര്‍ സഹായിച്ചില്ലെന്ന് മാത്രമാണ് അതില്‍ പറയുന്നത്. രാജീവ് ചന്ദ്രശേഖറിനെയും കരമന ജയനെയും അനിലിന്റെ ഭാര്യ കണ്ടപ്പോള്‍ നിങ്ങളെയൊക്കെ ചേട്ടന്‍ അന്നുവന്ന് കണ്ടതല്ലേ എന്ന് വളരെ രോഷത്തോടൈ അവര്‍ പറയുന്നുണ്ടായിരുന്നെന്നും ശിവന്‍കുട്ടി പറഞ്ഞു.