ജിഎസ്ടി പരിഷ്കരണം. സംസ്ഥാനങ്ങൾക്കുണ്ടാവുക കനത്ത നഷ്ടം. നഷ്ടപരിഹാര സംവിധാനം കേന്ദ്രം ഉറപ്പാക്കണമെന്ന് ധനമന്ത്രി

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്കുൾപ്പെടെ എല്ലാ സംസ്ഥാനങ്ങൾക്കും ഈ പ്രശ്‌നമുണ്ട്. ഇത് സംസ്ഥാന സർക്കാരിന്റെ മുന്നോട്ടുപോക്കിനെ ബാധിക്കും. 

New Update
balagopal

തിരുവനന്തപുരം: ജിഎസ്ടി പരിഷ്കരണത്തിലൂടെ സംസ്ഥാനങ്ങൾക്ക് കനത്ത നഷ്ടമാണ് ഉണ്ടാവുകയെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. 

Advertisment

നഷ്ടപരിഹാരത്തിനുള്ള സംവിധാനം കേന്ദ്രസർക്കാർ ഉറപ്പുവരുത്തണം. ചർച്ച നടത്താൻ പോലും കേന്ദ്രസർക്കാർ തയാറാവുന്നില്ലെന്നും ബിഹാർ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള പ്രഖ്യാപനമാണിതെന്നും കെ.എൻ ബാലഗോപാൽ പറഞ്ഞു. ജിഎസ്ടി പരിഷ്കരണം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.

പുകയില ഉൽപ്പന്നങ്ങൾക്ക് വലിയ ടാക്‌സ് വാങ്ങുന്നുണ്ട്. ഇതിനുള്ള അധികാരം കേന്ദ്രത്തിനാണ്. അത് പിരിച്ചാൽ ഒരു ലക്ഷം കോടി ഒരു വർഷം കിട്ടും.

അത്തരം പണം പിരിച്ച് സംസ്ഥാനങ്ങൾക്കുള്ള നഷ്ടം നികത്താനുള്ള സംവിധാനം ഉണ്ടാവണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ അതിൽ കേന്ദ്രം തീരുമാനമെടുത്തിട്ടില്ല. ചർച്ച ചെയ്യാനും തയാറായിട്ടില്ല.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്കുൾപ്പെടെ എല്ലാ സംസ്ഥാനങ്ങൾക്കും ഈ പ്രശ്‌നമുണ്ട്. ഇത് സംസ്ഥാന സർക്കാരിന്റെ മുന്നോട്ടുപോക്കിനെ ബാധിക്കും. 

അങ്ങനെയുണ്ടായാൽ ആളുകളുടെ കൈയിൽ പണമുണ്ടാകില്ല. പിന്നെ കമ്പനികൾക്ക് സാധനം വിലകുറച്ച് വിൽക്കാനാവില്ലല്ലോയെന്നും അതുമൊരു പ്രശ്‌നമാണെന്നും ധനമന്ത്രി വ്യക്തമാക്കി.

ബിജെപിയാണെങ്കിലും കോൺഗ്രസാണെങ്കിലും ഇടതുപക്ഷമാണെങ്കിലും മറ്റ് പാർട്ടികളാണെങ്കിലും രാജ്യവും സംവിധാനങ്ങളും ശക്തമല്ലെങ്കിൽ വല്ലാത്ത അരക്ഷിതാവസ്ഥയുണ്ടാകും. പൊതുഖജനാവിൽ നിന്ന് പോകുന്ന ചെലവാണ് നാടിനെ നയിക്കുന്നത്. 

പല രാജ്യങ്ങളിലുമുള്ള പോലെ സ്വകാര്യ വ്യവസായ മൂലധനമൊന്നും ഇവിടെയില്ല. പൊതു സമ്പത്ത് ഇല്ലെങ്കിൽ സാധാരണക്കാരുടെ ജീവിതാവശ്യങ്ങൾക്കായി പണം ചെലവഴിക്കാനാവില്ല.

മാത്രമല്ല, ജിഎസ്ടി പരിഷ്കരണത്തിൽ വേണ്ടത്ര പഠനം നടത്തിയിട്ടില്ല. പെട്ടെന്നുള്ള പ്രഖ്യാപനമാണ്. യഥാർഥ നഷ്ടമെത്രയെന്ന് മനസിലായിട്ടില്ല. ഉപഭോക്താക്കൾക്ക് എങ്ങനെ കൃത്യമായി കിട്ടുമെന്ന് പഠിച്ചിട്ടില്ല. 

അന്തർദേശീയ സമ്മർദവും ഇതിനു പിന്നിലുണ്ട്. രാജ്യത്തിന്റെ പൊതുവായ സാമ്പത്തിക താത്പര്യങ്ങളെക്കുറിച്ച് പഠനം നടത്താതെ ഒരു രാജ്യവും ഇത്തരം പരിഷ്‌കാരങ്ങൾ ചെയ്യില്ല.

സംസ്ഥാനങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം കേന്ദ്രസർക്കാരിനുണ്ട്. നികുതിയുടെ കുറവ് ജനങ്ങൾക്ക് ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisment