/sathyam/media/media_files/2025/09/22/photos351-2025-09-22-13-40-52.jpg)
തിരുവനന്തപുരം: സി.പി.എമ്മിന്റെ സംസ്ഥാന ആസ്ഥാനമായ എ.കെ.ജി സെന്ററിന്റെയും മുൻപ് എ.കെ.ജി സെന്റർ പ്രവർത്തിച്ചിരുന്ന ഭൂമിയും വിവാദക്കുരുക്കിൽ.
കേരള സർവകലാശാലയുടെ 40 സെൻറ് ഭൂമി എകെജി സെൻറർ അനധികൃതമായാണ് പഴയ എ.കെ.ജി സെന്റർ സംബന്ധിച്ച പരാതി.
ഇക്കാര്യത്തിൽ ഗവർണർ യൂണിവേഴ്സിറ്റിയോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്. പുതിയ എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന 32 സെന്റ് ഭൂമിയിൽ അവകാശമുന്നയിച്ച് സുപ്രീംകോടതിയിൽ ഹർജിയെത്തിയതാണ് പുതിയ കുരുക്ക്.
സി.പി.എമ്മിന് നോട്ടീസ് അയക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരിക്കുകയാണ്. ഒക്ടോബർ 10നകം നിലപാടറിയിക്കണം.
സർവകലാശാല ഭൂമി എകെജി സെൻററിന് വിട്ടുകൊടുത്തത് സംബന്ധിച്ച ഫയലുകൾ സിൻഡിക്കേറ്റിന്റെ പരിഗണനയ്ക്ക് സമർപ്പിക്കാൻ കേരള യൂണിവേഴ്സിറ്റി വി.സി ഡോ. മോഹനൻ കുന്നുമ്മേൽ രജിസ്ട്രാർക്ക് നിർദ്ദേശം നൽകിയെങ്കിലും ഭൂമി കൈമാറ്റം ചെയ്തത് സംബന്ധിച്ച യാതൊരു രേഖകളും സർവ്വകലാശാലയിൽ ലഭ്യമല്ല.
1988 ൽ നയനാർ സർക്കാരിന്റെ കാലത്ത് സർവ്വകലാശാലയുടെ നിലവിലുള്ള കെട്ടിടങ്ങളോട് ചേർത്ത് കരിങ്കൽ ഭിത്തി കെട്ടി ഭൂമി വേർതിരിക്കുകയായിരുന്നു. സർവ്വേ ഡയറക്ടറേറ്റ് രേഖകളിൽ 55 സെന്റ് ഭൂമിയാണ് നിലവിൽ എകെജി സെന്ററിന്റെ കൈവശമുള്ളത്.
ഈ ഭൂമി സെന്ററിന് കൈമാറിയത് സംബന്ധിച്ച രേഖകൾ ഒന്നും സർവ്വകലാശാലയിൽ ലഭ്യമല്ലെന്ന വിശദീകരണം ഗവർണർക്ക് നൽകുമെന്നാണ് അറിയുന്നത്.
എ.കെ. ആന്റണി മുഖ്യമന്ത്രി ആയിരുന്നപ്പോൾ എകെജി പഠന ഗവേഷണ കേന്ദ്രത്തിന് 15 സെന്റ് ഭൂമി അനുവദിച്ചു നൽകിയ രേഖകൾ സർക്കാരിൽ കാണാനില്ലാതായതിന് പിന്നാലെയാണ് ഭൂമി വിട്ടുനൽകിയ രേഖകൾ കേരള സർവ്വകലാശാലയിൽ നിന്നും അപ്രത്യക്ഷമായത്.
പുതിയ എ.കെ.ജി സെന്ററിന്റെ ഭൂമി വാങ്ങിയെന്ന് വ്യക്തമാക്കി ഇന്ദു എന്ന ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞയാണ് മുതിർന്ന അഭിഭാഷകൻ വി. ചിദംബരേഷ് മുഖേന സുപ്രീംകോടതിയെ സമീപിച്ചത്.
ജപ്‌തി നടപടികളിലായിരുന്ന ഭൂമിയായിരുന്നുവെന്നും തങ്ങളുടെ കൈവശമായിരുന്നപ്പോഴേ ഈ ഭൂമി നടപടിക്രമങ്ങൾ പാലിക്കാതെ ലേലം ചെയ്‌തുവെന്നും ഹർജിയിൽ പറയുന്നു. അതിനാൽ ലേലം റദ്ദാക്കണം. വസ്‌തു തിരികെ കിട്ടണമെന്നും ആവശ്യപ്പെട്ടു.
1998ൽ ഭൂമി ലേലം പിടിച്ചവരിൽ നിന്നാണ് 2021ൽ സി.പി.എം വസ്‌തു വാങ്ങിയതെന്നും ചൂണ്ടിക്കാട്ടി. 1998ൽ കോടതി ലേലത്തില്‍ ഈ ഭൂമി കരസ്ഥമാക്കിയവരിൽ നിന്നാണ് സി.പി.എം 2021ൽ വാങ്ങിയത്. അന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനോട് ഈ ഭൂമി തര്‍ക്കം കോടതിയിലാണെന്ന് കാര്യം അറിയിച്ചിരുന്നുവെന്ന് ചിദംബരേഷ് ബോധിപ്പിച്ചു.
നേരത്തേ ലേലം അംഗീകരിച്ച ഹൈകോടതി ഉത്തരവ് സ്റ്റേ ചെയ്യരുതെന്നായിരുന്നു സി.പി.എമ്മിനുവേണ്ടി അഭിഭാഷകൻ വി. ഗിരി വാദിച്ചത്. കോടതി നടത്തിയ ലേലം നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നും സുതാര്യമല്ലെന്നമാണ് ഹർജിക്കാരിയായ ഇന്ദുവിന്റെ വാദം.
ഈ ഭൂമിയിൽ 9നിലകളിൽ കൂറ്റൻ സംസ്ഥാന കമ്മിറ്റി ഓഫീസ് സി.പി.എം പണിതീർത്തിട്ടുണ്ട്. 32 സെന്റ് ഭൂമിയിൽ 9 നിലകളിലുള്ള പുതിയ ആസ്ഥാന മന്ദിരത്തിനു താഴെ 2 ഭൂഗർഭ നിലകളിലായി 40 വാഹനങ്ങൾക്കുള്ള പാർക്കിങ് സൗകര്യവുമുണ്ട്.
താഴത്തെ 3 നിലകളിലാണ് ഓഫിസും സമ്മേളന ഹാളും മീറ്റിങ് മുറികളും. അതിനു മുകളിൽ നേതാക്കൾക്ക് താമസിക്കുന്നതിനുൾപ്പെടെയുള്ള സൗകര്യമാണ്.
ഏറ്റവും മുകളിലത്തെ നിലയിൽ ഭക്ഷണ ഹാളും വ്യായാമ സൗകര്യങ്ങളും. പുതിയ ആസ്ഥാനത്തിനായി 6.5 കോടി രൂപ ചെലവിലാണ് പാർട്ടി സ്ഥലം വാങ്ങിയത്.
സിപിഎമ്മിന്റെ ഒരു നേതാവിന്റെ മകൻ നഗര ഹൃദയത്തിൽ ഫ്ലാറ്റ് സമുച്ചയം നിർമ്മിക്കാൻ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോഴാണ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കമുള്ളതുകൊണ്ട് ഫ്ലാറ്റ് നിർമ്മാണ പ്രവർത്തനങ്ങളിൽ നിന്നും പിന്തിരിഞ്ഞതും സിപിഎം ഭൂമി സ്വന്തമാക്കിയതെന്നും അറിയുന്നു.
നിലവിലെ ചട്ടപ്രകാരം 10 ലക്ഷം രൂപ പ്രതിവർഷ കെട്ടിട ടാക്സ് ആയി കോർപ്പറേഷൻ കണക്കാക്കിയിട്ടുണ്ടെങ്കിലും എകെജി സെന്ററിനെ ഒരു ഗവേഷണ കേന്ദ്ര മെന്ന നിലയിൽ ടാക്സ് ഈടാക്കുന്നതിൽ നിന്ന് സർക്കാർ ഒഴിവാക്കിയിരിക്കുകയാണ്.