ട്രംപിന്റെ ഒരു ലക്ഷം ഡോളർ വിസാ ഫീസ് അവസരമാക്കിയെടുക്കാൻ കേരളം. വൻകിട കമ്പനികളെ കേരളത്തിലേക്ക് ക്ഷണിച്ച് സർക്കാർ. അതിവേഗ അനുമതികളും നിക്ഷേപകർക്ക് സഹായവും മികച്ച പ്രവർത്തനാന്തരീക്ഷവും വാഗ്ദാനം ചെയ്ത് മന്ത്രി രാജീവ്. പിൻവാതിൽ ചിലവുകൾ ഒന്നുമില്ലെന്നും ഉറപ്പാക്കും. കമ്പനികൾ ആഗ്രഹിക്കുന്ന എല്ലാ കണക്റ്റിവിറ്റി സൗകര്യവും കേരളത്തിലുണ്ട്. അമേരിക്കയുടെ വികലമായ വിദേശനയം വിട്ടുവരാൻ കമ്പനികൾക്ക് പരവതാനി വിരിച്ച് സർക്കാർ

ഒരു ലക്ഷം ഡോളർ വാർഷിക ഫീസല്ലെന്നും മറിച്ച് ഓരോ പെറ്റീഷനും ഈടാക്കുന്ന ഒറ്റത്തവണ ഫീസാണെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടുണ്ട്.

New Update
photos(352)

തിരുവനന്തപുരം: തൊഴിൽ വിസയ്ക്ക് കനത്ത ഫീസ് ഏർപ്പെടുത്തിയ അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ നടപടിയിലൂടെ കുഴപ്പത്തിലായ കമ്പനികളെ കേരളത്തിലേക്ക് ക്ഷണിച്ച് സർക്കാർ.

Advertisment

ലോകോത്തര നിലവാരത്തിലുള്ള ഒരു നിക്ഷേപ സൗഹൃദ ആവാസവ്യവസ്ഥയാണ് കേരളത്തിലുള്ളതെന്നും വിജ്ഞാന സമ്പദ് വ്യവസ്ഥയിലൂന്നിയ നൂതനമായ കമ്പനികളെ കേരളത്തിലേക്ക് സ്വാഗതം ചെയ്യുകയാണെന്ന് മന്ത്രി പി.രാജീവ് വ്യക്തമാക്കി.


എച്ച്- 1 ബി വർക്കർ വിസയ്ക്ക് ഒരു ലക്ഷം ഡോളർ (88 ലക്ഷത്തിലേറെ രൂപ) ഫീസ് ഏർപ്പെടുത്തിയിരിക്കുകയാണ് അമേരിക്ക. 


ഒരു ലക്ഷം ഡോളർ വാർഷിക ഫീസല്ലെന്നും മറിച്ച് ഓരോ പെറ്റീഷനും ഈടാക്കുന്ന ഒറ്റത്തവണ ഫീസാണെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടുണ്ട്.

വിദേശ തൊഴിലാളിയെ എച്ച്- 1 ബി വിസയിൽ യു.എസിലെത്തിക്കാൻ ഒരു കമ്പനി സമർപ്പിക്കുന്ന അപേക്ഷയാണ് പെറ്റീഷൻ. അതിനാൽ കമ്പനികൾക്ക് ഇത് വൻ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുന്നതാണ്.

കമ്പനികൾക്കും അവരുടെ വിപുലീകരണ സ്വപ്നങ്ങൾക്കും അമേരിക്കയുടെ നയങ്ങളിൽ വിശ്വാസ്യത കുറയുകയാണെന്നും ഈ പ്രതിസന്ധിഘട്ടത്തെ അവസരമാക്കി മാറ്റാനുള്ള കഴിവും സാഹചര്യവും ഇപ്പോൾ നമ്മുടെ കേരളത്തിനുണ്ടെന്നുമാണ് സർക്കാരിന്റെ വിശദീകരണം. 


കേരളം ഇന്ന് പുതിയ വ്യവസായ നയത്തിലൂടെ തുറന്നിടുന്നത് അതിവേഗത്തിലുള്ള അനുമതികളും നിക്ഷേപകർക്കാവശ്യമായ സഹായവും മറ്റ് പിൻവാതിൽ ചിലവുകൾ ഒന്നുമില്ല എന്നതും കേരളത്തിന്റെ സവിശേഷതയാണ്. 


ഒപ്പം നിരവധി ഇൻസന്റീവുകളും സംസ്ഥാന സർക്കാർ നൽകുന്നു. ഏറ്റവും മികച്ച പ്രവർത്തനാന്തരീക്ഷവും മികച്ച കാലാവസ്ഥയും അടിസ്ഥാന സൗകര്യങ്ങളുമെല്ലാം കേരളത്തിന്റെ കരുത്താണ്.

ഒപ്പം ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് റീഫോംസിൽ രാജ്യത്ത് തന്നെ ഒന്നാമതുള്ളതും  കേരളമാണ്.


കേരളത്തിന്‍റെ ഏറ്റവും വലിയ ശക്തി ടാലന്റ്പൂളാണ്. കേരളത്തിൽ നിന്നുള്ള എൻജിനീയർമാരും ഐ.ടി. വിദഗ്ധരും ഹെൽത്ത്‌കെയർ പ്രൊഫഷണലുകളും മാനേജ്മെന്റ് വിദഗ്ധരും ലോകോത്തര നിലവാരമുള്ളവരാണ്. 


ലിങ്ക്ഡ് ഇൻ റിപ്പോർട്ട് പ്രകാരം 172% വർധനവാണ് നമ്മുടെ ടാലന്റ് പൂളിൽ ഉണ്ടായിരിക്കുന്നത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ വളർച്ചാനിരക്കാണിത്.

കേരളീയരുടെ പ്രൊഫഷണലിസവും ആത്മാർത്ഥതയും ലോകമാകെ അംഗീകരിച്ചിട്ടുള്ളതാണ്. ഇപ്പോൾഎച്ച്- വൺ ബി വിസാ പ്രതിസന്ധിയുടെ ഈ ഘട്ടത്തിൽ കേരളത്തിലേക്ക് കമ്പനികൾ കടന്നുവന്നാൽ നമ്മുടെ പ്രൊഫഷണലുകൾക്ക് കേരളത്തിൽ തന്നെ മികച്ച അവസരങ്ങൾ ലഭ്യമാകാൻ കാരണമാകും.


ഈ പ്രൊഫഷണലുകളുടെ ദീർഘകാല സേവനം കമ്പനികൾക്ക് ലഭിക്കാനും ഈ നീക്കം സഹായകമാകും.


കുറച്ച് വർഷങ്ങൾക്കുള്ളിൽ കേരളത്തിലേക്ക് ഐബിഎം ഉൾപ്പെടെയുള്ള നിരവധി വലിയ നിക്ഷേപങ്ങൾ എത്തിയിട്ടുണ്ട്.

ഒപ്പം ലോകത്തിലെ നിരവധി കമ്പനികൾ അവരുടെ ജിസിസി ഇവിടെ സ്ഥാപിക്കുകയും പുതിയ ചർച്ചകൾ നടന്നുവരികയുമാണ്.


നമ്മുടെ ഐ.ടി. പാർക്കുകൾ നിറയുകയും വിപുലീകരിക്കുകയും ചെയ്യേണ്ടിവന്നു. പുതിയ ഇൻഡസ്ട്രിയൽ-ഐടി കൊറിഡോറുകളും രാജ്യത്തെ ഏറ്റവും മികച്ച സ്റ്റാർട്ട്‌അപ്പ് ഇക്കോസിസ്റ്റവും കേരളത്തെ ആഗോള കമ്പനികളുടെ ലക്ഷ്യസ്ഥാനമാക്കി മാറ്റിയിട്ടുണ്ട്.


കേരളത്തിന്‍റെ കണക്റ്റിവിറ്റിയും ഹൈ ടെക് കമ്പനികൾക്ക് മികച്ച അനുകൂലഘടകമാണ്. നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ, 2 അന്താരാഷ്ട്ര തുറമുഖങ്ങൾ, 17 തുറമുഖങ്ങൾ, വാട്ടർമെട്രോ, മെട്രോ റെയിൽ, ദേശീയപാത, റെയിൽവേ, ദേശീയ ജലപാത തുടങ്ങി കമ്പനികൾ ആഗ്രഹിക്കുന്ന എല്ലാ കണക്റ്റിവിറ്റി സൗകര്യവും കേരളത്തെ കേരളത്തിലുണ്ട്.

 അമേരിക്കൻ വിസാ പ്രതിസന്ധി ആഗോളതലത്തിൽ കമ്പനികൾക്ക് വിലങ്ങുതടിയാകുമ്പോൾ കേരളം നിങ്ങളുടെ സുസ്ഥിരമായ വളർച്ചയ്ക്കും സുരക്ഷയ്ക്കും ഉറപ്പ് നൽകുന്നു.


ഇവിടെ ആരംഭിക്കുന്ന എല്ലാ കമ്പനികളും ഇവിടെത്തന്നെ വിപുലീകരണം നടത്തുന്നു എന്ന വസ്തുത, ഇക്കാര്യത്തിൽ നിങ്ങൾക്ക് എന്തെങ്കിലും ആശങ്കയുണ്ടെങ്കിൽ അതിനെ പൂർണമായും അകറ്റാൻ സഹായിക്കും. 


ഇന്ന് ലോകം അമേരിക്കയുടെ വികലമായ വിദേശനയം കാരണം അനിശ്ചിതത്വം നേരിടുമ്പോൾ കേരളം നിങ്ങളോട് പറയുകയാണ് – കേരളത്തിൽ നിക്ഷേപിക്കൂ. ഇത് ഞങ്ങളുടെ മുദ്രാവാക്യം മാത്രമല്ല, നിങ്ങളുടെ ഭാവി സുരക്ഷിതമാക്കാനും  വളർച്ച ഉറപ്പ് വരുത്താനും ഏറ്റവും മികച്ച ഉദ്യോഗാർഥികളെ ലഭ്യമാക്കാനുമുള്ള അവസരം കൂടിയാണ്.

കേരളം തയ്യാറാണ്, നിങ്ങളെ സുരക്ഷിതത്വത്തോടെ, വിശ്വാസ്യതയോടെ സ്വീകരിക്കാൻ- മന്ത്രി രാജീവ് വ്യക്തമാക്കി.

എച്ച്- 1 ബി വിസയിലെത്തുന്ന ഇന്ത്യൻ, ചൈനീസ് പ്രൊഫഷണലുകളെ ആശ്രയിക്കുന്ന വൻകിട അമേരിക്കൻ ടെക് കമ്പനികളെ ഫീസ് ആശങ്കയിലാക്കിയിട്ടുണ്ട്.


അമേരിക്കൻ കമ്പനികൾക്ക് വിദഗ്ദ്ധ വിദേശ തൊഴിലാളികളെ ജോലിക്കെടുക്കാൻ അനുവാദം നൽകുന്നതാണ് നോൺ ഇമിഗ്രന്റ് വിസയായ എച്ച്- 1 ബി. 


കമ്പനികളാണ് പുതിയ ഫീസ് സർക്കാരിന് നൽകേണ്ടത്. ഫീസ് നിലവിലെ എച്ച്- 1 ബി വിസാ ഉടമകളെയോ പുതുക്കുന്നവരെയോ ബാധിക്കില്ല.

ഇവർ രാജ്യത്തിന് പുറത്താണെങ്കിൽ തിരികെയെത്തുമ്പോൾ ഫീസ് ഈടാക്കില്ലെന്ന് വൈറ്റ് ഹൗസ്. വിസക്കാർക്ക് മുമ്പത്തെ പോലെ രാജ്യത്തിന് പുറത്തു പോകുന്നതിനും തിരിച്ചെത്തുന്നതിനും പ്രശ്നമില്ല. അടുത്ത എച്ച് - ബി ലോട്ടറി റൗണ്ട് മുതൽ ഫീസ് ഈടാക്കും.


സെപ്റ്റംബർ 21ന് മുമ്പ് സമർപ്പിച്ച അപേക്ഷകൾക്ക് ഫീസ് ഈടാക്കില്ല.  അമേരിക്ക ലോകരാജാവിനെപ്പോലെ പെരുമാറുന്നത് ലോകത്തിലെ പല കമ്പനികൾക്കും ഉദ്യോഗാർഥികൾക്കും അസഹനീയമായിട്ടുണ്ടെന്നും ഇത് അവസരമാക്കണമെന്നുമാണ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ. 


വിസാ നിയമങ്ങളിൽ വന്ന കടുത്ത മാറ്റങ്ങളും വിസാ ഫീസിലെ വൻ വർധനയും ആയിരക്കണക്കിന്  പ്രൊഫഷണലുകൾക്കും കുടുംബങ്ങൾക്കും വലിയ ആശങ്കയായി മാറിയിരിക്കുകയാണ്.

മുൻനിര ഐ.ടി കമ്പനികൾക്ക് പുതിയ നീക്കം കടുത്ത വെല്ലുവിളി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തുന്നത്. ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് ട്രംപ് 50 ശതമാനം നികുതി ഈടാക്കുന്നതിനാൽ കനത്ത പ്രതിസന്ധി നേരിടുന്ന കയറ്റുമതി മേഖലയ്ക്ക് വിസ ഫീസിലെ വർദ്ധന കനത്ത തിരിച്ചടി സൃഷ്‌ടിച്ചേക്കും.


ഇന്ത്യയുടെ 28,500 കോടി ഡോളർ ഐ.ടി കയറ്റുമതിയെ ട്രംപിന്റെ നീക്കം പ്രതികൂലമായി ബാധിക്കാനിടയുണ്ട്. പുതിയ സാഹചര്യം ഇന്ത്യൻ കമ്പനികൾക്ക് അനുകൂലമാകുമെന്ന വിലയിരുത്തലുമുണ്ട്. 


വൈദഗ്ദ്ധ്യമുള്ള മാനവ വിഭവശേഷി കുറഞ്ഞ ചെലവിൽ ലഭിക്കാൻ ഇതോടെ സാഹചര്യമൊരുങ്ങുകയാണ്. ഇന്ത്യൻ കമ്പനികൾക്ക് മികച്ച സാങ്കേതിക വിദഗ്ദ്ധരെ കുറഞ്ഞ ചെലവിൽ ലഭിക്കാൻ പുതിയ സാഹചര്യം സഹായിക്കുമെന്നും വിലയിരുത്തലുണ്ട്

Advertisment