160 പരം കേസുകളിൽ പ്രതികൾ. കുപ്രസിദ്ധ മോഷ്ടാക്കൾ പൊലീസിന്റെ പിടിയിൽ

ഒറ്റദിവസം രാത്രിയിൽ നാലു ക്ഷേത്രങ്ങളിൽ കവർച്ച നടത്തിയ കേസിന്റെ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.

New Update
photos(53)

തിരുവനന്തപുരം: കേരളത്തിൽ ഉടനീളം 160 പരം കേസുകളിൽ പ്രതികളായ കുപ്രസിദ്ധ മോഷ്ടാക്കൾ പിടിയിൽ. പൂവരണി ജോയി, അടൂർ തുളസീധരൻ എന്നിവരാണ് പിടിയിലായത്. 

Advertisment

സെപ്റ്റംബർ 18 ന് വിവിധ ക്ഷേത്രങ്ങളിൽ നടത്തിയ മോഷണത്തിലാണ് ഇരുവരെയും വെഞ്ഞാറമൂട് പൊലീസ് പിടികൂടിയത്.

ഒറ്റദിവസം രാത്രിയിൽ നാലു ക്ഷേത്രങ്ങളിൽ കവർച്ച നടത്തിയ കേസിന്റെ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. 18 ന് രാത്രി പാച്ചുവിളാകം ദേവീക്ഷേത്രത്തിയായിരുന്നു ആദ്യ മോഷണം. 

ഇതിൽ സ്വർണ പൊട്ടുകളും വളകളും താലിയും കവർന്നു. ഇവിടെ നിന്നും സിസിടിവി ക്യാമറയുടെ ഡിവിഡിയാണെന്ന് തെറ്റിദ്ധരിച്ച് ക്ഷേത്രത്തിലെ ഇൻവർട്ടറും കവർന്നാണ് പ്രതികൾ രക്ഷപ്പെട്ടത്.

അന്നുതന്നെ ഇരുവരും വേറ്റൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ ശ്രീകോവിലും ഓഫീസ് മുറിയും കുത്തിത്തുറന്ന് 3500 രൂപ കവർന്നു. 

തുടർന്ന് വെഞ്ഞാറമൂട് പാറയിൽ ആയിരവല്ലി ക്ഷേത്രത്തിലെത്തിയ പ്രതികൾ കാണിക്ക വഞ്ചി തകർത്തു. ശേഷം കാരേറ്റ് ശിവക്ഷേത്രത്തിൽ നിന്നും 12000 രൂപ കവർന്നു.

മോഷണ കേസുകളിൽ ജയിലിലായിരുന്ന ഇരുവരും കഴിഞ്ഞ മാസമാണ് പുറത്തിറങ്ങിയത്. ജയിലിൽ വച്ച് പരിചയപ്പെട്ട ഇവർ കിളിമാനൂർ വെഞ്ഞാറമൂട് പ്രദേശങ്ങളിൽ മോഷണം നടത്താൻ പ്ലാൻ ചെയ്യുകയായിരുന്നു. 

ഇതിനായി പ്രതികൾ കിളിമാനൂരിൽ വാടക വീടെടുത്ത് താമസിച്ചു വരികയായിരുന്നു. പുതിയ സ്ഥലത്ത് മോഷണത്തിനായി പോകുന്നതിനിടെ വെഞ്ഞാറമൂട് കെഎസ്ആർടിസി സ്റ്റാൻഡിൽ വെച്ച് ഇൻസ്‌പെക്ടർ ആസാദ് അബ്ദുൽ കലാമിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Advertisment