/sathyam/media/media_files/PxSZb7lOKuQEp9aMaYkz.jpg)
തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളികളെ സംഘടിപ്പിക്കാൻ ബി.ജെ.പി തയ്യാറെടുക്കുന്നു.
പാർട്ടിക്ക് കീഴിൽ 'മൈഗ്രന്റ് വർക്കേഴ്‌സ് എന്ന പേരിൽ പ്രത്യേക സെൽ രൂപീകരിച്ചാവും ഇവരെ കൂടെ കൂട്ടുക.
ബംഗാൾ, അസം തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബി.ജെ.പി പ്രധാന കക്ഷിയായി വളർന്ന സാഹചര്യത്തിലാണ് അവിടങ്ങളിൽനിന്നുള്ള തൊഴിലാളികളെ സംഘടിപ്പിക്കാൻ സംസ്ഥാന നേതൃത്വം തീരുമാനിച്ചത്.
അതത് സംസ്ഥാനങ്ങളിലെ പാർട്ടിനേതൃത്വവുമായി ആശയവിനിമയം നടത്തി കേരളത്തിലേക്ക് വന്നിട്ടുള്ള പാർട്ടിപ്രവർത്തകരുടെ പട്ടിക ആദ്യഘട്ടത്തിൽ തയ്യാറാക്കും.
തുടർന്ന് തങ്ങളോട് അനുഭാവമുള്ളവരെ തിരഞ്ഞെ് പിടിച്ച് പാർട്ടി പ്രവർത്തനങ്ങൾക്ക് നിയോഗിക്കും.
ഇതരസംസ്ഥാനക്കാരെ ചൂഷണം ചെയ്യുന്ന പ്രവണത അവസാനിപ്പിക്കാനും പാർട്ടി മുൻെകെയെടുക്കും.
മറുനാടൻ തൊഴിലാളികളിൽ ഹിന്ദുക്കളായവർക്കാവും സെല്ലിൽ ആദ്യ പരിഗണന നൽകുകയെന്നും സൂചനകളുണ്ട്.
മറുനാടൻ തൊഴിലാളികൾ, സർവ്വീസ് പെൻഷൻകാർ എന്നിവർക്ക് രൂപീകരിക്കുന്ന പുതിയ സെല്ലുകൾ അടക്കം നിലവിലുള്ള എല്ലാ സെല്ലുകളുടെയും ഘടകങ്ങൾ താഴേത്തട്ട് വരെയാക്കാനും തീരുമാനമായി.
പരസ്യമായി രാഷ്ട്രീയമില്ലാത്ത പ്രമുഖരെ പാർട്ടിനേതൃത്വവുമായി ബന്ധിപ്പിക്കാ നുള്ള കണ്ണിയായി സെല്ലുകളെ മാറ്റുകയാണ് ലക്ഷ്യം.
നിലവിൽ ലീഗൽ സെൽ, മെഡിക്കൽ സെൽ, ഇൻറലക്ച്വൽ സെൽ, പ്രവാസി സെൽ തുടങ്ങി 20 സെല്ലുകളാണ് ബി.ജെ.പിക്ക് ഇപ്പോഴുള്ളത്.
ഓരോ സെല്ലിനും സംസ്ഥാനത്ത് ഒരു കൺവീനർ, രണ്ട് കോ-കൺവീനർമാർ, പത്ത് അംഗങ്ങൾ എന്നിങ്ങനെ 13-അംഗ കമ്മിറ്റിയാണ് നിലവിൽവരിക.
ജില്ലാ-മണ്ഡലംതലത്തിലും അതത് തൊഴിൽമേഖലയിലുള്ളവരെ കണ്ടെത്തി സെല്ലുകൾ സംഘടിപ്പിക്കാനാണ് നിർദേശം.
ജില്ലാതലത്തിൽ ഒരു കൺവീനർ, ഒരു കോ-കൺവീനർ, ഏഴ് അംഗങ്ങൾ, മണ്ഡലംതലത്തിൽ ഒരു കൺവീനർ, ഒരു കോ-കൺവീനർ, അഞ്ച് അംഗങ്ങൾ എന്നിങ്ങനെയുമാണ് സെല്ലുകളുടെ ഘടന.
പഞ്ചായത്ത്തലംമുതൽ സംസ്ഥാനതലംവരെ പാർട്ടിച്ചുമതല വഹിച്ചിരുന്ന 500-ഓളം മുൻ നേതാക്കൾക്ക് ഭാരവാഹിത്വം നൽകാനും ഇതുവഴി സാധിക്കും.
2014ൽ കണ്ണൂരിൽ സി.പി.എം ഇതരസംസ്ഥാന തൊഴിലാളികളുടെ കൺവെൻഷൻ നടത്തിയിരുന്നു. പി.ബി അംഗം ബൃന്ദാ കാരാട്ടാണ് അന്ന് കണ്ണൂരിൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്യാനെത്തിയത്.
അന്നത്തെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പായി അസംഘടിതരായ അന്യസംസ്ഥാന തൊഴിലാളികളെ പാർട്ടിക്ക് കീഴിൽ അണി നിരത്തുകയെന്നതായിരുന്നു സി.പി.എം ലക്ഷ്യമിട്ടത്.
ഹോട്ടൽ, കെട്ടിട നിർമ്മാണ മേഖലകളിൽ പണിയെടുക്കുന്ന ലക്ഷക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികളാണ് കേരളത്തിലുള്ളത്.
എന്നാൽ ഇവർക്ക് അർഹമായ നിയമപരിരക്ഷയോ ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് വിഷയത്തിൽ പാർട്ടി ഇടപെടുന്നതെന്ന് അന്ന് സി.പി.എം വ്യക്തമാക്കിയിരുന്നു.
2023ൽ സി.പി.ഐയുടെ തൊഴിലാളി സംഘടനയായ എ.ഐ.ടി.യു.സി ഇതരസംസ്ഥാന തൊഴിലാളികളുടെ കൺവെൻഷൻ ഏറ്റുമാനരൂരിൽ വെച്ച് നടത്തിയിരുന്നു.