തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ഒക്ടോബർ 13 മുതൽ 21 വരെ

ഗ്രാമപഞ്ചായത്തികളിലെ വാർഡ് സംരണത്തിനുള്ള നറുക്കെടുപ്പ് ഒക്ടോബർ 13 മുതൽ 16 വരെയും, ബ്‌ളോക്ക് പഞ്ചായത്തുകളുടേത്  ഒക്ടോബർ 18 നും ജില്ലാപഞ്ചായത്തിലേത് 21 നും നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്.

New Update
ELECTION

തിരുവനന്തപുരം: തദ്ദേശപൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ സംവരണവാർഡുകൾ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബർ 13 മുതൽ 21 വരെ നിശ്ചിത തീയതികളിൽ  നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. 

Advertisment

തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കപ്രവർത്തനങ്ങൾ വിലയിരുത്താനായി സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷൻ  ഇന്ന് (സെപ്തംബർ 23) വിളിച്ചു ചേർത്ത ജില്ലാകളക്ടർമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു കമ്മീഷണർ.

ത്രിതലപഞ്ചായത്തുകളുടെ വാർഡ് സംവരണം നറുക്കെടുപ്പിലൂടെ നിശ്ചിയിക്കാൻ അധികാരപ്പെടുത്തിയിട്ടുള്ളത് ജില്ലാകളക്ടർമാരെയാണ്. 


ഗ്രാമപഞ്ചായത്തികളിലെ വാർഡ് സംരണത്തിനുള്ള നറുക്കെടുപ്പ് ഒക്ടോബർ 13 മുതൽ 16 വരെയും, ബ്‌ളോക്ക് പഞ്ചായത്തുകളുടേത്  ഒക്ടോബർ 18 നും ജില്ലാപഞ്ചായത്തിലേത് 21 നും നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്.


ഒക്ടബോർ 16ന് മുനിസിപ്പാലിറ്റികളിലെ നറുക്കെടുപ്പ് അതതു ജില്ലകളിലെ തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടറും 21 ന് കോഴിക്കോട് വച്ച് കണ്ണൂർ, കോഴിക്കോട്  കോർപ്പറേഷനുകളിലെ നറുക്കെടുപ്പും, 18ന് കൊച്ചിയിൽ തൃശൂർ,  കൊച്ചി കോർപ്പറേഷനുകളിലെ നറുക്കെടുപ്പും, 17 ന് തിരുവനന്തപുരത്ത് കൊല്ലം, തിരുവനന്തപുരം കോർപ്പറേഷനുകളിലെ നറുക്കെടുപ്പും അർബൻ ഡയറക്ടറും നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. നറുക്കെടുപ്പ് തീയതിയും സ്ഥലവും നിശ്ചിയിച്ച് കൊണ്ടുള്ള വിജ്ഞാപനം കമ്മീഷൻ ഉടൻ പ്രസിദ്ധീകരിക്കും.

പോളിങ് സ്റ്റേഷനുകളുടെ പുന:ക്രമീകരണം, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം, വാർഡ് സംവരണം, വോട്ടർപട്ടിക പുതുക്കൽ തുടങ്ങിയ എല്ലാ നടപടികളും സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ജില്ലാകളക്ടർമാർക്ക് നിർദ്ദേശം നൽകി. പൊതുതിരഞ്ഞെടുപ്പിന് മുൻപ് വോട്ടർപട്ടിക വീണ്ടും പുതുക്കുമെന്ന് കമ്മീഷണർ പറഞ്ഞു. വോട്ടർപട്ടിക പുതുക്കലിന്റെ സമയക്രമം പിന്നീട് അറിയിക്കും.


വരണാധികാരികളെയും ഉപവരണാധികാരികളെയും നിയമിച്ചുകൊണ്ട് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. വിജ്ഞാപനം കമ്മീഷന്റെ www.sec.kerala.gov.in ൽ ലഭ്യമാണ്. ഇവർക്കുള്ള പരിശീലനം ഒക്ടോബർ 7 മുതൽ 10 വരെ ജില്ലാതലത്തിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും.


സംവരണനടപടിക്രമങ്ങളെക്കുറിച്ച് തദ്ദേശസ്ഥാപനസെക്രട്ടറിമാർക്ക് സെപ്തംബർ 26 ന് ഓൺലൈനായി പരിശീലനം നൽകും. ജില്ലാതല ഉദ്യോഗസ്ഥർക്ക് സെപ്തംബർ 25 നും ജില്ലാതല മാസ്റ്റർട്രെയിനർമാർക്ക് സെപ്തംബർ 29, 30 തീയതികളിലും കമ്മീഷൻ തിരുവനന്തപുരത്ത് പരിശീലനം നൽകും.

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കാനുള്ള ഉദ്യോഗസ്ഥരുടെ വിവരശേഖരണം നടത്തുന്നതിന് വേണ്ടി ഒക്ടോബർ 3 മുതൽ സർക്കാർ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം നിരോധിച്ചു കൊണ്ട് ഉത്തരവിറക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ചീഫ് സെക്രട്ടറിയോട് നിർദ്ദേശിച്ചിട്ടുണ്ടെന്ന് കമ്മീഷണർ അറിയിച്ചു.

മുന്നൊരുക്ക പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ തിരഞ്ഞെടുപ്പ് പരിപാടികളും ഹരിതചട്ടം പാലിച്ചുവേണം നടത്താനെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ നിർദ്ദേശിച്ചു. അതിനു വേണ്ടി കുടുംബശ്രീ, ഹരിതകർമ്മസേന, ക്ലീൻകേരള കമ്പനി തുടങ്ങിയവയുടെ സേവനം വിനിയോഗിക്കണം.

ഓൺലൈനായി ചേർന്ന യോഗത്തിൽ ജില്ലാകളക്ടർമാർ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറി ബി.എസ്. പ്രകാശ്, മറ്റുദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Advertisment