/sathyam/media/media_files/2025/03/05/PuVDZpxtGinolEBECc9K.jpg)
തിരുവനന്തപുരം: ഹൈക്കോടതിയും മറ്റ് അറുപത് കോടതികളുമടങ്ങിയ ജുഡീഷ്യൽ സിറ്റി കളമശേരിയിൽ സ്ഥാപിക്കാൻ 27 ഏക്കർ ഭൂമി ഏറ്റെടുക്കാൻ ഇന്നു ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഹൈക്കോടതിയുടെ ഏറെക്കാലമായുള്ള ആവശ്യമാണ് ഇതോടെ യാഥാർത്ഥ്യമാവാൻ പോവുന്നത്.
28 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ഭാവിയിലെ ആവശ്യങ്ങൾ കൂടി കണക്കിലെടുത്തുള്ള സൗകര്യങ്ങൾ ദീർഘകാല കാഴ്ചപ്പാടോടെ സജ്ജമാക്കാനാണ് തീരുമാനം.
കളമശ്ശേരിയിൽ എച്ച്എംടിയുടെ കൈവശമുള്ള 27 ഏക്കർ ഭൂമിയേറ്റെടുക്കാനാണ് മന്ത്രിസഭയുടെ അനുമതി.
പദ്ധതി നടപ്പാക്കുന്നതിനാവശ്യമായ പ്രാരംഭ നടപടികൾ ആരംഭിക്കുന്നതിനും, കേന്ദ്ര സഹായം ലഭിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിനും ആഭ്യന്തര വകുപ്പിനെ ചുമതലപ്പെടുത്തി.
കൊച്ചി നഗരമദ്ധ്യത്തിലുള്ള നിലവിലെ ഹൈക്കോടതിയിൽ സ്ഥലപരിമിതി നേരിടുന്ന സാഹചര്യത്തിലാണ് പുതിയ നിർമ്മാണത്തെക്കുറിച്ച് ഹൈക്കോടതിയിൽ നിന്ന് നിർദ്ദേശം ഉയർന്നത്.
നിലവിലെ ഹൈക്കോടതി മംഗളവനത്തോട് ചേർന്നായതിനാൽ ക്വാർട്ടേഴ്സിനും പാർക്കിംഗിനും മറ്റും സ്ഥലമെടുക്കാൻ ഇനി പരിമിതികളുണ്ട്.
ഹൈക്കോടതിക്കൊപ്പം ജുഡീഷ്യൽ അക്കാദമി, മീഡിയേഷൻ സെന്റർ തുടങ്ങി രാജ്യാന്തര തലത്തിൽ ഉള്ള ആധുനിക സ്ഥാപനങ്ങളും, സംവിധാനങ്ങളും കളമശേരിയിലെ ജുഡീഷ്യൽ സിറ്റിയിൽ ഒരുക്കും.
ജഡ്ജിമാരുടെ ഓഫീസ്, അഡ്വക്കേറ്റ് ജനറൽ ഓഫീസ്, സ്റ്റാഫ് ക്വാർട്ടേഴ്സ്, അഭിഭാഷകരുടെ ചേംബർ, പാർക്കിംഗ് സൗകര്യം എന്നിവയുമുണ്ടാവും.
നിലവിലെ ഹൈക്കോടതി മന്ദിരത്തോട് ചേർന്ന് ജഡ്ജിമാർക്കും ജീവനക്കാർക്കുമുള്ള താമസസൗകര്യം ഒരുക്കുന്നതിനായി സ്ഥലം ഏറ്റെടുക്കുന്നതിന് പരിമിതികളുണ്ട്.
പരിസ്ഥിതിലോല മേഖല സംബന്ധിച്ച കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനം കാത്തിരിക്കുന്നതും വെല്ലുവിളിയായിരുന്നു.
ഇതെല്ലാം പരിഗണിച്ചാണ് ഹൈക്കോടതി കളമശേരിയിലേക്ക് മാറ്റുന്നത്. പദ്ധതിക്ക് ആയിരം കോടിയിലേറെ ചെലവുണ്ടാവും.
എല്ലാ വിഭാഗം ജനങ്ങൾക്കുമുള്ള പ്രാപ്യത, യാത്രാസൗകര്യം, പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രാധാന്യം എന്നിവ കണക്കിലെടുക്കുമ്പോൾ ജുഡീഷ്യൽ സിറ്റിക്ക് ഏറ്റവും അനുയോജ്യം കളമശ്ശേരിയാണെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.
ജുഡീഷ്യൽ സിറ്റിക്ക് സർക്കാർ കണ്ടെത്തിയ സ്ഥലം ഹൈക്കോടതി ജഡ്ജിമാരുടെ സംഘം സന്ദർശിച്ച് ക്ലിയറൻസ് നൽകിയിരുന്നു.
കളമശേരിയിൽ 348 ഏക്കർ ഭൂമിയാണ് ഇപ്പോൾ എച്ച്എംടിയുടെ ഉടമസ്ഥതയിലുള്ളത്.
എച്ച്എംടിക്കു സ്വതന്ത്ര വിനിമയത്തിനു ലഭിച്ച 27 ഏക്കർ ഭൂമിയാവും സർക്കാർ ഏറ്റെടുത്ത് ജുഡീഷ്യൽ സിറ്റിക്കായി കൈമാറുക.
ഇതിന് സമീപത്തായി എച്ച്എംടിയുടെ തന്നെ ഉടമസ്ഥതയിലുള്ള 23 ഏക്കർ ഭൂമിയുമുണ്ട്.
കൂടുതൽ സൗകര്യങ്ങൾക്കായി ഭൂമി അധികമായി വേണമെങ്കിൽ ഈ ഭൂമിയേറ്റെടുക്കാനാവും.
ജുഡീഷ്യല്‍ സിറ്റി യാഥാര്‍ഥ്യമാകുന്നതോടെ മധ്യകേരളത്തിലെ ഏറ്റവും പ്രധാന നഗരമായി കളമശ്ശേരി മാറും.
കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്കും ഹൈക്കോടതി സമുച്ചയത്തിന്റെ ഭാവി വികസനത്തിനുള്ള സ്ഥലപരിമിതിയും കണക്കിലെടുക്കുമ്പോൾ ഹൈക്കോടതി മാറ്റുകയല്ലാതെ വഴിയില്ലാതായി.
എന്നാൽ ഏകപക്ഷീയമായ ചർച്ചകളാണ് നടക്കുന്നതെന്ന പരാതിയാണ് അഭിഭാഷക സമൂഹത്തിനുള്ളത്. ഹൈക്കോടതി കൊച്ചി നഗരത്തിന് പുറത്തേക്ക് മാറ്റുന്നതിനെ അവർ എതിർക്കുകയാണ്.
നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട അഭിഭാഷക പരിഷത്ത്, സർക്കാരിന്റെ റിയൽ എസ്റ്റേറ്റ് താത്പര്യങ്ങൾ ഇതിന് പിന്നിലുണ്ടെന്നുവരെ ആരോപിച്ചിരുന്നു.
ഹൈക്കോടതി പരസരത്ത് വലിയ മുതൽ മുടക്കിൽ ഓഫീസുകൾ സ്ഥാപിച്ച അഭിഭാഷകർക്ക് വലിയ നഷ്ടം വരുന്ന നിർദ്ദേശമാണിതെന്നും ഏറെ ഗതാഗതക്കുരുക്കുള്ള എറണാകുളം - ആലുവ റൂട്ടിലൂടെ സഞ്ചരിച്ചുവേണം ജുഡീഷ്യൽ സിറ്റിയിൽ എത്തിച്ചേരാനെന്നുമൊക്കെയാണ് അഭിഭാഷകരുടെ ആശങ്കകൾ.
കളമശേരിയിൽ ജൂഡിഷ്യൽ സിറ്റി സ്ഥാപിക്കാൻ ധാരണയായതോടെ നിലവിലെ ഹൈക്കോടതി സമുച്ചയം എങ്ങനെ പ്രയോജനപ്പെടുത്തുമെന്ന ചർച്ചകളും സജീവമായിട്ടുണ്ട്.
കൊച്ചി നഗരപ്രദേശത്ത് പലയിടത്തായി പ്രവർത്തിക്കുന്ന ട്രൈബ്യൂണലുകളും സ്ഥലപരിമിതികൊണ്ടും കാലപ്പഴക്കം കൊണ്ടും വീർപ്പുമുട്ടുന്ന ലോവർ കോടതികളും അനുബന്ധ ഓഫീസുകളും ഇവിടേയ്ക്ക് മാറ്റിസ്ഥാപിച്ച് ഒരു കുടക്കീഴിലാക്കുമെന്നാണ് സൂചന.