/sathyam/media/media_files/2025/09/30/1001288837-2025-09-30-11-07-22.webp)
തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കെതിരായ ബിജെപി നേതാവിന്‍റെ വധഭീഷണി നിയമസഭയിൽ ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസിന് പ്രാധാന്യമില്ലെന്ന് സ്പീക്കർ.
നോട്ടീസ് പരിഗണിക്കില്ലെന്ന് സ്പീക്കർ അറിയിച്ചതോടെ സഭയിൽ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.
ഭീഷണിപ്പെടുത്തിയ ആളെ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു.
''ഗൗരവമുള്ള വിഷയമാണ് പ്രതിപക്ഷം കൊണ്ടുവന്നത്.
ഗൗരവമായ നോട്ടീസാണ്. അത് നിസാരമായ വിഷയമല്ല.
രാഹുൽ ഗാന്ധിയുടെ നെഞ്ചിലേക്ക് വെടിയുണ്ട ഉതിർക്കും എന്ന് പറഞ്ഞ കേസാണിത്. അതിന് ഗൗരവം ഇല്ല എന്ന് പറഞ്ഞത് ശരിയല്ല.
ഭീഷണിപ്പെടുത്തിയ ആളെ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നു. അയാളെ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നു'' സതീശൻ പറഞ്ഞു.
രാഹുൽ ഗാന്ധിക്കെതിരായ ഭീഷണിയിൽ 27നും 28നും പരാതി നൽകിയെന്നും എന്നിട്ടും അറസ്റ്റ് ചെയ്തില്ലെന്നും സര്‍ക്കാരിനെ ബിജെപിയെ ഭയമാണെന്നും സതീശൻ ആരോപിച്ചു.
നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സ്പീക്കര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചു. സ്പീക്കര്‍ നീതി പാലിക്കണമെന്ന് ബാനറും ഉയര്‍ത്തി.
കഴിഞ്ഞ 26ന് ടെലിവിഷൻ ചര്‍ച്ചയിലാണ് സംഭവമുണ്ടാകുന്നതെന്നും മൂന്ന് ദിവസം പ്രതിപക്ഷം പ്രതിഷേധിച്ചില്ലെന്നും മന്ത്രി പി.രാജീവ് പറഞ്ഞു.
29 വരെ എന്തുകൊണ്ട് സഭയിൽ വിഷയം സഭയിൽ ഉന്നയിച്ചില്ല. ഒരു സബ്മിഷൻ പോലു o കൊണ്ടു വന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിജെപി നേതാവ് പ്രിന്‍റു മഹാദേവാണ് രാഹുൽ ഗാന്ധിയെ വെടിവെക്കുമെന്ന് ഭീഷണി മുഴക്കിയത്.
ടെലിവിഷൻ ചാനൽ ചർച്ചക്കിടെയാണ് പരസ്യമായി രാഹുൽ ഗാന്ധിക്കെതിരെ പ്രിന്റു മഹാദേവ് കൊലവിളി നടത്തിയത്. രാഹുൽ ഗാന്ധിയുടെ നെഞ്ചിൽ വെടിയുണ്ട വീഴുമെന്നായിരുന്നു പരാമർശം.
കോൺഗ്രസ് നേതാവ് സി.സി ശ്രീകുമാറിന്‍റെ പരാതിയിൽ തൃശൂർ പേരാമംഗലം പൊലീസ് പ്രിന്‍റുവിനെതിരെ കേസെടുത്തിട്ടുണ്ട്