/sathyam/media/media_files/2025/06/29/congress-2025-06-29-18-51-34.jpg)
തിരുവനന്തപുരം: സിപിഎമ്മിന് പിന്നാലെ ഗസ ഐക്യദാർഢ്യവുമായി കോൺ​ഗ്രസും. ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിനാണ് 'മാ നിഷാദ' എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുന്നത്.
ഗസ്സയിൽ വംശഹത്യയ്ക്ക് ഇരയാകുന്ന ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 140 നിയോജകമണ്ഡലങ്ങളിലും പരിപാടി സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് അറിയിച്ചു.
വൈകുന്നേരം അഞ്ചിന് നടക്കുന്ന ഐക്യദാർഢ്യ സദസുകളിൽ സാമൂഹിക, സാംസ്കാരിക, കലാ രംഗത്തെ പ്രമുഖർ പങ്കെടുക്കും.
കെപിസിസിയിൽ രാവിലെ 10ന് ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചനയും നടക്കും.
വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണവും ശ്രമദാനവും സംഘടിപ്പിക്കും.
നേരത്തെ സർക്കാർ തലത്തിൽ മീഡിയ അക്കാദമിയുടെ നേതൃത്വത്തിൽ ഫലസ്തീൻ ഐക്യാദാർഢ്യ പരിപാടി സംഘടിപ്പിച്ചിരുന്നു. ഒക്ടോബർ രണ്ടിന് കോഴിക്കോട്ട് സിപിഎമ്മും സമാന പരിപാടി സംഘടിപ്പിക്കുന്നുണ്ട്.
ഗസ്സയിലെ ഇസ്രായേലിന്റെ മനുഷ്യക്കുരുതിക്കെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി സെപ്തംബർ 25ന് കൊച്ചിയിൽ ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചിരുന്നു.
അന്താരാഷ്ട്ര നിയമങ്ങളും മര്യാദകളും കാറ്റിൽപ്പറത്തി ​ഗസ്സയിലെ ജനവാസ കേന്ദ്രങ്ങളും അഭയാർഥി ക്യാമ്പുകളും ബോംബിട്ട് തകർക്കുന്നത് തുടരുകയാണ് ഇസ്രായേൽ.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് മനുഷ്യരെയാണ് ഓരോ ദിവസവും കൊന്നുകൊണ്ടിരിക്കുന്നത്. ഏകപക്ഷീയ യുദ്ധം തുടങ്ങി ഇതിനോടകം 65,000ത്തിലേറെ ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഇതിൽ ഏറെയും സ്ത്രീകളും കുട്ടികളുമാണ്.
ഇസ്രായേൽ ആക്രമണത്തോടൊപ്പം പട്ടിണി കിടന്നും കുട്ടികളടക്കം നിരവധി പേർ മരിച്ചുകൊണ്ടിരിക്കുകയാണ്.