/sathyam/media/media_files/2025/02/20/ffWuSblowVuJ587DcCyE.jpg)
തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളികളുടെ അറ്റകുറ്റപ്പണി സംബന്ധിച്ച കാര്യങ്ങളിൽ ദൂരൂഹത മാറുന്നില്ല.
സർക്കാരും ദേവസ്വം ബോർഡും ന്യായീകരണങ്ങൾ ആവർത്തിക്കുമ്പോഴും വിശ്വാസികൾ ഉന്നയിക്കുന്ന നിരവധിചോദ്യങ്ങൾ ഇപ്പോഴും ഉത്തരം കിട്ടാതെ കിടക്കുകയാണ്.
സ്വർണ പാളികൾ 2019ൽ അറ്റകുറ്റപ്പണിക്കായി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം ഏൽപ്പിച്ച് വിട്ടത് മുതൽ ദേവസ്വം ബോർഡിൻെറ ഭാഗത്ത് നിന്ന് ഗുരുതരവീഴ്ചയാണ് സംഭവിച്ചതെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.
മേൽശാന്തിയുടെ സഹായിയായ സന്നിധാനത്തെത്തിയ ഉണ്ണികൃഷ്ണൻ പോറ്റി ദ്വാരപാലക ശിൽപ്പത്തിൽ അറ്റകുറ്റപ്പണി നടത്തി സ്വർണം പൂശുന്നതിനുളള സ്പോൺസറായി നിയോഗിക്കപ്പെടുകയായിരുന്നു.
സ്‌പോണ്‍സറായി നിയുക്തനായ ഉണ്ണികൃഷ്ണന്‍ പോറ്റി സ്വന്തം നിലയ്ക്കാണ് 2019ല്‍ സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയതെന്ന് ദേവസ്വം ബോർഡ് തന്നെ സമ്മതിക്കുന്നു.
എ.പത്മകുമാര്‍ ബോർഡ് പ്രസിഡന്റ് ആയിരിക്കുമ്പോഴാണ് ആരെയും അറിയിക്കാതെ ഉണ്ണികൃഷ്ണൻ പോറ്റി സ്വർണപാളികൾ ഇളക്കിക്കൊണ്ടുപോയത്.
വിഗ്രഹങ്ങളിലും മറ്റും സ്വർണം പൂശുന്നത് ക്ഷേത്രത്തിനകത്ത് തന്നെ വെച്ചാകണമെന്ന് ദേവസ്വം മാന്വലിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇത് ലംഘിച്ച് കൊണ്ടാണ് ഉണ്ണികൃഷ്ണൻ പോറ്റി അന്നത്തെ ബോർഡിൻെറ മൗനാനുവാദത്തോടെ സ്വർണപ്പാളികൾ ഇളക്കി കൊണ്ടുപോയത്.
ഈ നടപടി ചട്ടവിരുദ്ധമാണെന്ന് അക്കാലത്ത് തിരുവാഭരണം കമ്മിഷണറായിരുന്ന ആര്‍.ജി രാധാകൃഷ്ണന്‍ തന്നെ മാധ്യമങ്ങളോട് പറഞ്ഞു.
ക്ഷേത്രത്തിലെ സ്വർണം ഉൾപ്പെടെയുളളവയുടെ സൂക്ഷിപ്പ് ചുമതല തിരുവാഭരണം കമ്മീഷണർക്കാണ്.
ചുമതലപ്പെട്ട കമ്മീഷണറെ പോലും അറിയിക്കാതെയാണ് സ്വർണപാളികൾ ഇളക്കി കൊണ്ട് ഉണ്ണികൃഷ്ണൻ പോറ്റി പോയത്. ഒരു മാസം കൈവശം വെച്ചശേഷമാണ് ശിൽപങ്ങൾ സ്വര്‍ണ്ണം പൂശി തിരികെ എത്തിച്ചത്.
അന്നത്തെ തിരുവാഭരണം കമ്മിഷണര്‍ അറിയാതെയാണ് പാളികള്‍ പുനസ്ഥാപിച്ചതെന്നും ഇപ്പോൾ വ്യക്തമായിട്ടുണ്ട്. ഇപ്പോൾ വീണ്ടും സ്വർണം പൂശാനായി കൊണ്ടുപോയപ്പോൾ വെളിപ്പെട്ട പാളികളുടെ തൂക്കക്കുറവ് 2019ൽ തന്നെ സംഭവിച്ചത് ആണോയെന്ന സംശയവും തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
ഇതിലൊന്നും വ്യക്തമായ ഉത്തരം നൽകാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിനോ ദേവസ്വം മന്ത്രിക്കോ കഴിയുന്നില്ല.അയ്യപ്പ സംഗമത്തിൽ ശബരിമല വികസനത്തെപ്പറ്റി വാചാലനായ മുഖ്യമന്ത്രി പിണറായി വിജയനും സ്വർണപ്പാളി വിവാദത്തിൽ മൗനത്തിലാണ്.
ഇപ്പോഴും ദുരൂഹത നിലനിൽക്കുന്ന സ്വർണപാളി വിവാദത്തിൽ മുഖ്യമന്ത്രി പ്രതികരിക്കണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ആവശ്യപ്പെട്ടു.
ആസൂത്രിതമായ കുറ്റകൃത്യമാണ് ശബരിമലയില്‍ നടന്നിരിക്കുന്നതെന്നും അയ്യപ്പനെ വില്‍പ്പനച്ചരക്കാക്കിയോ എന്നതില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും എഐസിസി ജനറല്‍സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി പറഞ്ഞു. സര്‍ക്കാരിന്റെ കള്ളക്കളി പുറത്തുവരേണ്ടതുണ്ട്.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഏജന്‍സികള്‍ അന്വേഷിച്ചാല്‍ സത്യങ്ങള്‍ പുറത്തുവരില്ല. വിശ്വാസത്തെയും വിശ്വാസികളെയും ഒറ്റുകൊടുക്കുകയും വഞ്ചിക്കുകയും ചെയ്യുന്നത് ഒരുകാരണവശാലും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
ദുരൂഹവും അങ്ങേയറ്റം ഗുരുതരവുമാണ് ശബരിമലയിലെ ദ്വാരപാലകശില്‍പങ്ങളുമായും സ്വര്‍ണപീഠവുമായും ബന്ധപ്പെട്ട വിവാദങ്ങള്‍. ഗുരുതര കുറ്റകൃത്യം ലളിതവത്കരിക്കാനുള്ള സര്‍ക്കാര്‍ നീക്കം അപഹാസ്യമാണെന്നും വേണുഗോപാല്‍ വിമർശിച്ചു.
സ്‌പോണ്‍സര്‍ മാത്രമായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും എന്ത് ബന്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ചോദിച്ചു.ഇയാള്‍ ആരുടെ ബെനാമിയാണ് ?
സ്വര്‍ണപീഠം സ്‌പോണ്‍സറുടെ ബന്ധുവീട്ടില്‍ നിന്നും കണ്ടെത്തിയിട്ടും അയാളെ പ്രതിയാക്കാത്തതെന്തു കൊണ്ട് ആണെന്നും വി.ഡി.സതീശൻ ചോദിച്ചു.ദേവസ്വം ബോര്‍ഡും സംശയനിഴലിലായ പശ്ചാത്തലത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
1999ൽ യൂ.ബി ഗ്രൂപ്പ് ഉടമയായ വിജയ് മല്യയാണ് വഴിപാടായി ശബരിമല ശ്രീകോവിലിന് സ്വർണം പൊതിഞ്ഞത്.ശ്രീകോവിലിൻെറ മുൻഭിത്തിയിലുളള ദ്വാരപാലകശിൽപ്പങ്ങളും അന്ന് സ്വർണം പൂശിയിരുന്നു.
എന്നിട്ടും 2019ൽ ദ്വാരപാലക ശിൽപ്പങ്ങൾ സ്വർണം പൂശി ആകർഷകമാക്കാൻ ഉണ്ണികൃഷ്ണൻപോറ്റിക്ക് ചുമതല നൽകിയത്. ഇതിൽ തന്നെ ദുരൂഹതയുണ്ട്.അന്ന് ദ്വാരപാലക ശിൽപ്പങ്ങൾ അറ്റകുറ്റപ്പണിക്ക് അയച്ചത് സംബന്ധിച്ച ഫയലുകളൊന്നും ദേവസ്വം ബോർഡിലില്ലെന്നും ആക്ഷേപമുണ്ട്.
ഇതും ദുരൂഹത വർദ്ധിപ്പിക്കുന്നു.2019ൽ നടത്തിയ സ്വർണം പൂശലിന് 40വർഷത്തെ ഗ്യാരൻറിയാണ് പ്രവർത്തി ഏറ്റെടുത്ത സ്ഥാപനം നൽകിയിട്ടുളള ഉറപ്പ്. എന്നാൽ 6 കൊല്ലം മാത്രം പിന്നിട്ടപ്പോൾ ഇപ്പോൾ വീണ്ടും സ്വർണം പൂശാൻ ഇതേ ശിൽപങ്ങൾ കൊടുത്തയച്ചത് എന്തിനാണെന്ന ചോദ്യവും ഉയരുന്നുണ്ട്.
അയ്യപ്പൻമാർ ശ്രീകോവിലിന് മുന്നിലെ ഭണ്ഡാരപ്പെട്ടിയിലേക്ക് എറിയുന്ന നാണയതുട്ടുകൾ വന്നുപതിച്ച് ദ്വാരപാലക ശിൽപ്പങ്ങളുടെ ശോഭ കുറഞ്ഞത് കൊണ്ടാണ് വീണ്ടും സ്വർണം പൂശാൻ കൊടുത്തതെന്നാണ് ദേവസ്വം ബോർഡിൻെറ വിശദീകരണം.
2019ൽ ആരോരുമറിയാതെ സ്വർണപാളിയിളക്കി അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയത് പോലെ ഇത്തവണയും കൊണ്ടുപോകാൻ ഉണ്ണികൃഷ്ണൻ പോറ്റി ശ്രമിച്ചതായും ദേവസ്വം ജീവനക്കാർ പറയുന്നു.