/sathyam/media/media_files/2025/01/06/T0FELkk7eiSZTxewN8xL.jpg)
തിരുവനന്തപുരം: ജനസംഖ്യാനുപാതികമായി വാർഡ് വിഭജനം വേണമെന്ന ചട്ടങ്ങൾക്ക് വിരുദ്ധമായി സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനമെന്ന് ആക്ഷേപം.
ചില പഞ്ചായത്തുകളിൽ ജനങ്ങൾ കുറവും വാർഡ് കൂടുതലുമാണെങ്കിൽ ചില തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകളിൽ ജനങ്ങളുടെ ബാഹുല്യും കാണാം. ജനപ്രാതിനിത്യ അനുപാതം അട്ടിമറിക്കപ്പെടുന്നതാണ് ഈ രീതിയെന്നുമാണ് പരാതി.
വാർഡ് വിഭജനം നടത്തുമ്പോൾ ഓരോ വാർഡിലെയും ജനസംഖ്യ കഴിയുന്നിടത്തോളം തുല്യമായിരിക്കണമെന്നാണ് പഞ്ചാത്തി രാജ് നിയമം പറയുന്നത്.
എന്നാൽ സംസ്ഥാനത്തൊട്ടാകെയുള്ള വാർഡ് വിഭജനത്തിൽ ഇത് പാലിക്കപ്പെട്ടില്ലെന്നാണ് കണക്കുകൾ തെളിയിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങൾ തമ്മിലും വോട്ടർമാരുടെ എണ്ണത്തിൽ വലിയ വ്യത്യാസമാമുള്ളത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഗ്രാമപഞ്ചായത്ത് കോഴിക്കോട് ജില്ലയിലെ ഒളവണ്ണയാണ്. 68,432 പേരാണ് ഒളവണ്ണയിലുള്ളത്. ഒരു വാർഡിൽ ശരാശരി 2851 പേർ. ഇവിടെ എന്നാൽ എട്ട് വാർഡുകളിൽ മൂവായിരത്തിന് മുകളിൽ ജനസംഖ്യയുണ്ട്.
അതേസമയം, കോഴിക്കോട് ജില്ലയിലെ തന്നെ കായണ്ണ ഗ്രാമപഞ്ചായത്തിലെ ആകെ ജനസംഖ്യ 13,755 മാത്രമാണ്. ഒരു വാർഡിൽ ശരാശരി 982 പേർ. എണ്ണൂറോളം ജനസംഖ്യയുള്ള വാർഡുകളും കായണ്ണ ഗ്രാമപഞ്ചായത്തിലുണ്ട്.
കൊല്ലം ജില്ലയിലെ ഇട്ടിവ ഗ്രാമപഞ്ചായത്തിൽ ആകെ 22 വാർഡുകളാണുള്ളത്. ഇവിടെ ജനസംഖ്യ 36,172. ഒരു വാർഡിൽ ശരാശരി 1644 പേർ.
കൊല്ലത്തെ തന്നെ തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിൽ 24 വാർഡുകളിലായി ആകെ ജനസംഖ്യ 61,287, ഒരു വാർഡിൽ ശരാശരി 2550ന് മുകളിൽ ആളുകൾ.
മുനിസിപ്പാലിറ്റികളിലെയും, കോർപ്പറേഷനിലെയും ഡിവിഷനുകളിൽ ഗ്രാമപഞ്ചായത്തുകൾക്ക് സമാനമായ ജനസംഖ്യാനുപാതികമായ അന്തരം ഉണ്ട്. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം മുനിസിപ്പാലിറ്റിയും, ആലപ്പുഴ മുനിസിപ്പാലിറ്റിയും താരതമ്യം ചെയ്യുമ്പോൾ തന്നെ ഇത് വ്യക്തമാകും.
ആലപ്പുഴ മുനിസിപ്പാലിറ്റിയിൽ ആകെ 53 വാർഡുകളിലായി 174176 പേർ. ഒരു വാർഡിൽ ശരാശരി 3286 പേർ. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം മുനിസിപ്പാലിറ്റിയിൽ ആകെ ജനസംഖ്യ 17253.
ഒരു വാർഡിൽ ശരാശരി 663 പേർ. കൂത്താട്ടുകുളം നഗരസഭയിലെ വാർഡിലെ ജനസംഖ്യ ചില ഗ്രാമപഞ്ചായത്തിലെ ജനസംഖ്യയെക്കാൾ കുറവാണ്.
തിരുവനന്തപുരം കോർപ്പറേഷനിൽ ആകെ നൂറ്റിയൊന്ന് വാർഡുകളിലായി 17000 വോട്ടർമാരുണ്ട് ബീമാപള്ളി വാർഡിൽ. അതേ സമയം പാങ്ങപ്പാറ വാർഡൽ 3151 വോട്ടർമാരേയുള്ളൂ.
കണ്ണൂർ കോർപ്പറേഷനിലുള്ളത് 56 വാർഡുകളാണ്. എല്ലാ വാർഡിലും ജനസംഖ്യ അയ്യായിരത്തിൽ താഴെയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഒരു തദ്ദേശ സ്ഥാപനത്തിലെ ആകെ ജനസംഖ്യയെ മുഴുവൻ വീടുകളെ കൊണ്ട് ഹരിച്ച് ഒരു വീട്ടിലെ ശരാശരി ജനസംഖ്യ കണക്കാക്കിയാണ് ഡീലിമിറ്റേഷൻ കമ്മീഷൻ ഒരു വാർഡിലെ ജനസംഖ്യ കണക്കാക്കിയത്.
ഇങ്ങനെ വാർഡ് വിഭജനം നടത്തിയതാണ് ഇത്രയും വലിയ വ്യത്യാസം വരാൻ കാരണം. ഇത് ചട്ടങ്ങൾക്ക് വിരുദ്ധമാണ് എന്നാണ് ആക്ഷേപം.
തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള സേവനം എല്ലാ പൗരന്മാർക്കും തുല്യമായി ലഭിക്കില്ല എന്നതാണ് അശാസ്ത്രീയമായ വാർഡ് വിഭജനത്തിന്റെ അന്തിമ ഫലം. ഇത് ഭരണഘടന ഉറപ്പുനൽകുന്ന തുല്യ അവകാശം ഇല്ലാതാക്കുന്നു.