ശബരിമലയിലെ സ്വർണ്ണത്തട്ടിപ്പിൽ ആരോപണം മുൻമന്ത്രിക്കും ബോർഡ് മുൻ പ്രസിഡന്റുമാർക്കുമെതിരേ തിരിച്ച് ബി.ജെ.പി. സ്വർണ്ണം ചെമ്പാക്കി മാറ്റിയത് ഒരു രാഷ്ട്രീയ തീരുമാനം. വാസുവിന് ബോർഡ് പ്രസിഡന്റ് പദവി കിട്ടിയത് തട്ടിപ്പിന് കൂട്ടുനിന്നതിന്റെ പ്രതിഫലം. ഉദ്യോഗസ്ഥരുടെ വീഴ്ചയിൽ ഒതുക്കാൻ ശ്രമിക്കേണ്ട. ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്റെ അറിവില്ലെന്ന് കരുതാനാവില്ല- അയ്യപ്പന്റെ സ്വർണം കട്ടുമുടിച്ചവർക്കെതിരേ അതിരൂക്ഷ ആരോപണങ്ങളുമായി ബിജെപി ഉപാദ്ധ്യക്ഷൻ ഡോ.കെ.എസ് രാധാകൃഷണൻ

ദേവസ്വം ബോർഡ് പ്രസിഡൻ്റ് പദ്മകുമാർ, അംഗങ്ങളായ കെ പി സ്കന്ധദാസ്, കെ എസ് രവി അന്നത്തെ ദേവസ്വം കമ്മീഷണർ എൻ വാസു എന്നിവർ ഒന്നു ചേർന്നെടുത്ത തീരുമാനമാണ് സ്വർണ്ണത്തെ ചെമ്പാക്കി മാറ്റിയതെന്നാണ് ബിജെപിയുടെ ആരോപണം. 

New Update
photos(451)

തിരുവനന്തപുരം: ശബരിമലയിലെ ശിൽപ്പങ്ങളിൽ പൊതിഞ്ഞിരുന്ന നാലു കിലോ സ്വർണം നഷ്ടമായ വിഷയത്തിൽ  മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റുമാരായിരുന്ന എൻ. വാസു,  എ. പദ്മകുമാർ എന്നിവർ മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് വിവാദത്തിന്റെ ഗതിതിരിച്ച് ബി.ജെ.പി. 

Advertisment

സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ.കെ.എസ്.രാധാകൃഷ്ണനാണ് സ്വർണം കടത്തിയതിന് പിന്നിലെ വിവാദങ്ങളിൽ പുതിയ ആരോപണവുമായി രംഗത്തെത്തിയത്. 


ശബരിമലയിലെ സ്വർണ്ണം പൊതിഞ്ഞ ചെമ്പുപാളികളെ വെറും ചെമ്പാക്കി മാറ്റിയത് തിരുവിതാംകൂർ ദേവസ്വം ബോർഡാണെന്നും ഉണ്ണികൃഷ്ണൻ പോറ്റി അതിൻ്റെ ഇടനിലക്കാരൻ മാത്രമാണെന്നും ബി.ജെ.പി ആരോപിക്കുന്നു.  


ആർക്ക് വേണ്ടിയാണ് സ്വർണ്ണത്തെ ചെമ്പാക്കി മാറ്റിയ തീരുമാനം എടുത്തത്? എന്തായിരുന്നു കാരണം ? എന്തുകൊണ്ട് ഇതിനു കൂട്ടുനിന്ന ഉദ്യോഗസ്ഥർക്ക് എതിരെ ഒരു നടപടിയും സ്വീകരിച്ചില്ല? ഈ ചോദ്യങ്ങളുടെ അന്വേഷണമായിരിക്കും സ്വർണ തട്ടിപ്പിന്റെ ചുരുളഴിക്കുക.

ദേവസ്വം ബോർഡ് പ്രസിഡൻ്റ് പദ്മകുമാർ, അംഗങ്ങളായ കെ പി സ്കന്ധദാസ്, കെ എസ് രവി അന്നത്തെ ദേവസ്വം കമ്മീഷണർ എൻ വാസു എന്നിവർ ഒന്നു ചേർന്നെടുത്ത തീരുമാനമാണ് സ്വർണ്ണത്തെ ചെമ്പാക്കി മാറ്റിയതെന്നാണ് ബിജെപിയുടെ ആരോപണം. 


2017 നവംബർ മുതൽ 2019 നവംബർ വരെ പദ്മകുമാറായിരുന്നു ബോർഡ് പ്രസിഡണ്ട്. പദ്മകുമാറിനൊപ്പം കമ്മീഷണറായിരുന്നത് എൻ വാസു. ദേവസ്വം ബോർഡിൽ നിയമവും ചട്ടവും അനുസരിച്ചാണ് ഭരണം നടക്കുന്നത് എന്ന് ഉറപ്പാക്കേണ്ട ഉദ്യോഗസ്ഥനാണ് കമ്മീഷണർ. 


ആ കമ്മീഷണറാണ് നിയമവും ചട്ടവും മറി കടന്നുകൊണ്ട് സ്വർണ്ണത്തെ ചെമ്പാക്കി മാറ്റാൻ ഒത്തു ചേർന്നത്. പദ്മകുമാറിന് പിന്നാലെ എൻ വാസു പ്രസിഡണ്ടായി വന്നു. 

അതോടെ സ്വർണ്ണം ചെമ്പായി മാറിയ കാര്യം തമസ്കരിക്കപ്പെട്ടു. ഇതിനിടയിൽ പട്ടികജാതി പ്രതിനിധിയായി പി ഡി സന്തോഷ്കുമാർ അംഗമായി  നിയമിക്കപ്പെട്ടിരുന്നു. 


പദ്മകുമാറിൻ്റെ കൂടെ അംഗങ്ങളായിരുന്ന കെ എസ് രവിയും സന്തോഷ്കുമാറും വാസുവിൻ്റെ കൂടെയും അംഗങ്ങളായി തുടർന്നിരുന്നു. ദേവസ്വം ഭരണം എന്നും സിപിഎമ്മും സിപിഐയും പങ്കുവെച്ചെടുക്കാറാണ് പതിവ്. 


അതുകൊണ്ട് സി പി എം നേതൃത്വത്തോട് ഒപ്പം സി പി ഐ നേതൃത്വവും സ്വർണ്ണം ചെമ്പാക്കി മാറ്റിയതിനെ കുറിച്ചു മുപടി പറയാൻ ബാധ്യസ്ഥരാണ്.

സ്വർണ്ണം ചെമ്പാക്കി മാറ്റിയത് ഒരു രാഷ്ട്രീയ തീരുമാനമായിരുന്നു എന്നേ കരുതാൻ കഴിയൂ. രാഷ്ട്രീയ തീരുമാനമില്ലാതെ വിജയ് മല്യ ഭഗവാന് സമർപ്പിച്ച സ്വർണ്ണത്തെ ചെമ്പാക്കി മാറ്റാൻ ഒരു പദ്മകുമാറിനും കഴിയില്ല. 


സ്വർണ്ണത്തെ ചെമ്പാക്കി മാറ്റാൻ കൂട്ടുനിന്നതിനു കമ്മീഷണറായിരുന്ന എൻ വാസുവിന് ലഭിച്ച പാരിതോഷികമായിരുന്നു പ്രസിഡണ്ട് പദവി. 


അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇക്കാര്യം അറിയാതിരുന്നു എന്നു കരുതാൻ കഴിയുമോ? ഇക്കാര്യത്തിൽ ബോർഡിലെ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റി എന്ന് ഇപ്പോഴത്തെ പ്രസിഡണ്ട് പ്രശാന്ത് പറഞ്ഞു. 

എന്നാൽ തീരുമാനമെടുത്തത് ബോർഡായതു കൊണ്ട് പ്രസിഡണ്ടും അംഗങ്ങളും ഇക്കാര്യത്തിൽ നിഷ്കളങ്കരായിരുന്നു എന്ന് കരുതാൻ കഴിയില്ല. കാരണം ഉദ്യോഗസ്ഥരെ കൊണ്ട് നിയമവും ചട്ടവും അനുസരിച്ച് ജോലി ചെയ്യിപ്പിക്കേണ്ട ബാദ്ധ്യത ബോർഡിൽ നിക്ഷിപ്തമാണ്. 


സ്വർണ്ണത്തെ ചെമ്പാക്കി മാറ്റിയത് ഉദ്യോഗസ്ഥരാണ് എന്നു സമ്മതിച്ചാലും വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്ക് എതിരെ എന്തുകൊണ്ടാണ് ബോർഡ് നടപടി എടുക്കാതിരുന്നത് എന്ന ചോദ്യത്തിന് അവർ ഉത്തരം പറയുക തന്നെ വേണമെന്നും ഡോ. കെ. എസ്. രാധാകൃഷ്ണൻ ആവശ്യപ്പെടുന്നു. 


യുവതീപ്രവേശന ഉത്തരവ് വന്നതിനു പിന്നാലെ ആചാര സംരക്ഷണ റാലികൾ നടത്തിയതിന് ആയിരക്കണക്കിന് കേസുകളിൽ പ്രതിയാണ് ഡോ.രാധാകൃഷ്ണൻ.

ശബരിമലയിലെ സ്വർണത്തട്ടിപ്പിൽ ദേവസ്വം ബോ‌ർഡും ഉണ്ണിക്കൃഷ്ണൻ പോറ്റിയും ഇതുവരെ പറഞ്ഞതെല്ലാം കള്ളമാണെന്നതിന് തെളിവുകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്.


ശബരിമലയിൽ നിന്ന് 2019ൽ സ്വർണം പൂശാൻ തങ്ങളുടെ സ്ഥാപനത്തിൽ എത്തിച്ചത് ദ്വാരപാലക ശില്പത്തിന്റെ പുതിയ ചെമ്പുപാളികളാണെന്ന് ചെന്നൈയിലെ ഫാക്ടറിയായ സ്മാർട്ട് ക്രിയേഷൻസ് ഉടമ അഡ്വ. കെ.ബി. പ്രദീപ് വെളിപ്പെടുത്തിയതോടെ സ്വർണത്തട്ടിപ്പിന്റെ ദിശ മാറുകയാണ്.  


1999ൽ ദ്വാരപാലക ശില്പങ്ങൾ വ്യവസായി വിജയ് മല്യയുടെ ചെലവിൽ ചെമ്പുപാളികളിൽ നേർത്ത സ്വർണ തകിടുകൾ കൊണ്ടു പൊതിഞ്ഞിരുന്നു. ഈ സ്വർണം അപ്പാടെ മാറ്റിയതായാണ് പ്രദീപിന്റെ വെളിപ്പെടുത്തൽ തെളിയിക്കുന്നത്. 

തങ്ങളുടെ സ്ഥാപനത്തിൽ പണി ചെയ്യാത്തതൊന്നും അറ്റകുറ്റപ്പണികൾക്ക് സ്വീകരിക്കാറില്ലെന്നും പുതിയ ചെമ്പുപാളികൾ കൊണ്ടുതന്നതുകൊണ്ടാണ് സ്വർണം പൂശി നൽകിയതെന്നും പ്രദീപ് വെളിപ്പെടുത്തിയിട്ടുണ്ട്. 2019ൽ ശില്പത്തിന്റെ പാളികൾ ഇളക്കിയെടുത്ത് 39 ദിവസത്തിനുശേഷമാണ് ചെന്നൈയിലെ സ്ഥാപനത്തിൽ എത്തിച്ചത്.


പൊതിഞ്ഞ സ്വർണം അപ്രത്യക്ഷമായതിൽ ദേവസ്വം ബോർഡിനും പങ്കുണ്ടെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. ശിൽപ്പത്തിന്റെ പാളികൾ ഇളക്കിയെടുത്ത് മാറ്റിയശേഷം പുതിയ ചെമ്പുപാളി നൽകി സ്വർണം പൂശി വാങ്ങുകയായിരുന്നെന്നാണ് ഇതിൽ നിന്ന് വ്യക്തമാവുന്നത്. 


2021ൽ ദ്വാരപാലക ശില്പത്തിന്റെ സ്വർണം പൂശിയ പീഠത്തിന്റെ നിറം മങ്ങുകയും കേടുപാട് സംഭവിക്കുകയും ചെയ്തു. മറ്റൊരു പീഠം നിർമ്മിച്ച് ഉണ്ണികൃഷ്ണൻ പോറ്റി സന്നിധാനത്ത് എത്തിച്ച് സമർപ്പിച്ചു. 

ഈ പീഠത്തിന് വലിപ്പം കൂടതലായതിനാൽ അന്ന് സ്ട്രോംഗ് റൂമിലേക്ക് മറ്റിയെന്നാണ് അക്കാലത്തെ ദേവസ്വം പ്രസിഡന്റായ എ.പത്മകുമാർ പറഞ്ഞത്. 


2023ൽ ദ്വാര പാലക ശില്പത്തിലെ സ്വർണം പൂശിയ പാളികൾക്ക് നിറംമങ്ങിയതും കേടുപാടുകൾ സംഭവിച്ചതും ചൂണ്ടികാട്ടി അറ്റകുറ്റപ്പണികൾ നടത്തണമെന്നാവശ്യപ്പെട്ട് തന്ത്രി കത്തു നൽകി. 


2024ൽ ദാരുശില്പങ്ങളിൽ സ്വർണം പൂശിനൽകാമെന്ന് ഇ മെയിൽ സന്ദേശത്തിലൂടെ ദേവസ്വം ബോർഡിനെ ഉണ്ണികൃഷ്ണൻ പാേറ്റി അറിയിച്ചു. ഈ കത്തിന്റെ അടിസ്ഥാനത്തിൽ 2025 സെപ്തംബർ ഏഴിന് ദാരുശില്പത്തിലെ പാളികൾ അഴിച്ചെടുത്ത് ചെന്നൈയിലെ ഫാക്ടറിയിലേക്ക് കൊണ്ടുപോയി.

ശബരിമല ശ്രീകോവിലിന് സമീപമുള്ള ദ്വാരപാലക ശില്പത്തിൽ 1999ൽത്തന്നെ സ്വർണം പൊതിഞ്ഞതിന് തെളിവുണ്ട്. ഇത് സംബന്ധിച്ച മഹസറോ, രജിസ്റ്ററോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും അന്ന് സ്വർണം പൊതിയാൻ നേതൃത്വം നൽകണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോർഡ് ദേവസ്വം മരാമത്ത് അസി. എക്സിക്യൂട്ടീവ് എൻജിനീയർക്കും ദേവസ്വം വിജിലൻസിനും നൽകിയ കത്ത് ഇപ്പോഴും രേഖയായി ഉണ്ട്. 


അഴിച്ചെടുത്ത പാളികൾ സ്വർണം പൂശി തിരികെ എത്തിച്ചപ്പോൾ നാലു കിലോ തൂക്കം കുറയുകയും ചെയ്തു. ഇത് എങ്ങനെ സംഭവിച്ചു എന്നതിനും മതിയായ രേഖകളില്ല. 


ചുരുക്കത്തിൽ ദേവസ്വം അധികൃതരും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ചേർന്നുള്ള വമ്പൻ കൊള്ളയടിയാണ് ശബരിമലയിൽ നടന്നതെന്ന് വ്യക്തമാണ്. 

ഇത്രയും വലിയ കൊള്ള നടത്തിയിട്ടും ഇപ്പോഴും അന്വേഷണം ദേവസ്വം വിജിലൻസിന് തന്നെയാണ്. അന്വേഷണം ഇതുവരെ ക്രൈംബ്രാഞ്ചിനോ മറ്റേതെങ്കിലും ഏജൻസികൾക്കോ കൈമാറിയിട്ടില്ല.

Advertisment