‘മലയാളം വാനോളം, ലാൽസലാം’: മോഹൻലാലിന് ആദരം ഒക്ടോബർ നാലിന്

മോഹൻലാലിന്റെ നടനചാതുര്യത്തിന് സമർപ്പണമായി കഥകളി ആചാര്യൻ കലാമണ്ഡലം ബാലസുബ്രഹ്‌മണ്യൻ ആശാന്റെ ‘തിരനോട്ടം’ ഉണ്ടാകും. 

New Update
photos(463)

തിരുവനന്തപുരം: രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം നേടിയ മഹാനടൻ മോഹൻലാലിനെ ആദരിക്കുന്നതിനായി കേരള സർക്കാർ സംഘടിപ്പിക്കുന്ന മലയാളം വാനോളം ലാൽസലാം പരിപാടി നാളെ വൈകുന്നേരം 4.30 മുതൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. 

Advertisment

പരിപാടിയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, പൊതുവിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ സാന്നിധ്യത്തിൽ സെക്രട്ടേറിയറ്റ് പി ആർ ചേംബറിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.


ആദരവ് ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന സർക്കാരിന് വേണ്ടി മോഹൻലാലിനെ ആദരിക്കും. 


കവി പ്രഭാവർമ്മ രചിച്ച പ്രശസ്തിപത്രം മുഖ്യമന്ത്രി മോഹൻലാലിന് സമർപ്പിക്കും. ഈ പ്രശസ്തിപത്രത്തിലെ വരികൾ ഗായിക ലക്ഷ്മിദാസ് കവിതാരൂപത്തിൽ ആലപിക്കും.

മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും. മന്ത്രി സജി ചെറിയാൻ സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ മന്ത്രിമാരായ കെ.എൻ ബാലഗോപാൽ, ജി. ആർ അനിൽ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ശശി തരൂർ എംപി, മേയർ ആര്യ രാജേന്ദ്രൻ എന്നിവരുൾപ്പെടെ രാഷ്ട്രീയ-സാംസ്‌കാരിക-സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. 


വിശിഷ്ടാതിഥികളായി സംവിധായകരായ അടൂർ ഗോപാലകൃഷ്ണൻ, ജോഷി, നടിമാരായ രഞ്ജിനി, അംബിക എന്നിവരെ ക്ഷണിച്ചിട്ടുണ്ട്. 


വലിയ ജനപങ്കാളിത്തമാണ് പരിപാടിയിൽ പ്രതീക്ഷിക്കുന്നത്. പ്രവേശനം പൂർണമായും സൗജന്യമാണ്. എല്ലാവർക്കും സുരക്ഷിതമായി പങ്കെടുക്കാനുള്ള ക്രമീകരണങ്ങൾ പോലീസിന്റെ നേതൃത്വത്തിൽ ഏർപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.

വൈകുന്നേരം 4.30 ന് ശ്രാവണയുടെ സോളോ വയലിൻ പ്രകടനത്തോടെ പരിപാടി തുടങ്ങും. ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം, ടി.കെ രാജീവ്കുമാർ സംവിധാനം ചെയ്യുന്ന പ്രത്യേക കലാവിരുന്ന് ‘രാഗമോഹനം’ അരങ്ങേറും. 


മോഹൻലാലിന്റെ നടനചാതുര്യത്തിന് സമർപ്പണമായി കഥകളി ആചാര്യൻ കലാമണ്ഡലം ബാലസുബ്രഹ്‌മണ്യൻ ആശാന്റെ ‘തിരനോട്ടം’ ഉണ്ടാകും. 


തുടർന്ന്, എം.ജി ശ്രീകുമാർ, സുജാത, സിത്താര, മഞ്ജരി, മൃദുല വാര്യർ, റിമി ടോമി തുടങ്ങി മലയാളത്തിലെ പ്രശസ്തരായ ഗായകർ മോഹൻലാൽ ചിത്രങ്ങളിലെ അവിസ്മരണീയ ഗാനങ്ങൾ കോർത്തിണക്കി സംഗീതാർച്ചന നടത്തും. 

മോഹൻലാലും സംഗീത വിരുന്നിൽ ഗാനം ആലപിക്കും. പരിപാടിക്ക് ആശംസകൾ അർപ്പിക്കുവാനായി നടിമാരായ ശോഭന, മീന, ഉർവശി, മേനക, ലക്ഷ്മി ഗോപാലസ്വാമി, മാളവിക മോഹനൻ, രഞ്ജിനി, അംബിക എന്നിവരും ‘ലാൽസലാം’ വേദിയിലെത്തും. 

കെ എസ് എഫ് ഡി സി ചെയർപേഴ്‌സൺ കെ മധു നന്ദി അറിയിക്കും. മോഹൻലാലിന്റെ സിനിമാ ജീവിതത്തിലെ നേർക്കാഴ്ച ഇത്രയും വിപുലമായി അദ്ദേഹത്തിന്റെ പൂർണ്ണ സാന്നിധ്യത്തിൽ സംഘടിപ്പിക്കുന്നത് ആദ്യമായിട്ടാണെന്നും മന്ത്രി സജി ചെറിയാൻ കൂട്ടിച്ചേർത്തു.

Advertisment