/sathyam/media/media_files/2025/10/02/unnikrishnan-2025-10-02-10-56-22.jpg)
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയെടുക്കുന്നു. തിരുവിതാംകൂർ ദേവസ്വം ആസ്ഥാനത്താണ് മൊഴിയെടുക്കൽ.
ദേവസ്വം വിജിലൻസ് ആണ് മൊഴിയെടുക്കുന്നത്. മൊഴിയെടുക്കാൻ എത്തണമെന്ന നോട്ടീസ് ലഭിച്ചിട്ടില്ലെന്നാണ് രാവിലെ ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞത്.
എന്നാൽ ഉച്ചയ്ക്ക് ശേഷം ഉണ്ണികൃഷ്ണൻ പോറ്റി ദേവസ്വം ആസ്ഥാനത്ത് എത്തി.
നിരവധി ആരോപണങ്ങൾ ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെയുണ്ട്. ഇവയുടെ നിജസ്ഥിതി അറിയേണ്ടതുണ്ട്. ശബരിമലയിൽ നിന്ന് കൊണ്ടുപോയത് സ്വർണപ്പാളി ആണോ ചെമ്പുപാളി ആണോ എന്നും ഇത് ഒരു മാസത്തോളം കൈയിൽ സൂക്ഷിച്ചത് എന്തിന് തുടങ്ങിയ ദുരൂഹ വിഷയങ്ങളിൽ വ്യക്തത വരുത്താനാണ് വിജിലൻസ് നീക്കം.
കൃത്യമായ ചോദ്യാവലി ഇതിനായി ദേവസ്വം വിജിലൻസ് തയാറാക്കിയിട്ടുണ്ട്. സ്വർണപ്പാളിയുമായി ബന്ധപ്പെട്ട ഇടപാടുകാരെയെല്ലാം വിജിലൻസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യാൻ വിളിപ്പിച്ചുകൊണ്ടുള്ള നോട്ടീസ് പലർക്കും വിജിലൻസ് അയച്ചിട്ടുണ്ട്.
ദേവസ്വം ബോർഡ് തനിക്ക് തന്നത് ചെമ്പ് പാളികൾ തന്നെയാണെന്നും അതിന് മുകളിൽ സ്വർണം ഉണ്ടെന്ന് താൻ ഇപ്പോഴാണ് അറിയുന്നതെന്നുമായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിയുടെ വാദം. ജയറാമിന്റെ വീട്ടിൽ സ്വർണപ്പാളി കൊണ്ടുപോയിട്ടില്ല. ഫാക്ടറിയിൽ തന്നെയാണ് പൂജ നടത്തിയത്.
പ്രമുഖർക്കൊപ്പമുള്ള ഫോട്ടോ താൻ ദുരുപയോഗം ചെയ്തിട്ടില്ലെന്നും പോറ്റി പറഞ്ഞിരുന്നു. എന്നാൽ, 2019ൽ തനിക്ക് നൽകിയത് ചെമ്പ് പാളിയാണെന്ന ഉണ്ണികൃഷ്ണൻ പോറ്റിയുടെ വാദം തെറ്റാണെന്ന രേഖകൾ പുറത്തുവന്നിരുന്നു.
ശബരിമല ദ്വാരപാലകരുടെ സ്വർണപ്പാളിയിൽ 1999ൽ തന്നെ സ്വർണം പൂശി. ദേവസ്വം രജിസ്റ്ററിലും മഹസറിലുമാണ് ഇക്കാര്യം രേഖപ്പെടുത്തിയിട്ടുള്ളത്.
2019ൽ പോറ്റിക്ക് വീണ്ടും സ്വർണം പൂശാനാണ് ഇവ കൈമാറിയത്.
സ്വർണപ്പാളി വിഷയത്തിൽ സുപ്രധാന വെളിപ്പെടുത്തലുമായി വിജയ് മല്യ നിയോഗിച്ച വിദഗ്ധൻ സെന്തിൽ നാഥനും രംഗത്തെത്തിയിരുന്നു.
ദ്വാരപാലക ശിൽപത്തിൽ അഞ്ച് കിലോ സ്വർണം പൊതിഞ്ഞതായി അദ്ദേഹം പറഞ്ഞു. സമഗ്ര അന്വേഷണം വേണമെന്ന് പന്തളം കുടുംബവും ആവശ്യപ്പെട്ടിട്ടുണ്ട്.