/sathyam/media/media_files/2025/10/05/photos486-2025-10-05-01-04-45.jpg)
തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിക്കും. വിവാദത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫും ബി.ജെ.പിയും രംഗത്തുവന്ന സാഹചര്യത്തിൽ വിശദമായ അന്വേഷണം പ്രഖ്യാപിക്കാതെ നിൽക്കക്കളളിയുണ്ടാകില്ലെന്ന് മനസിലാക്കിയാണ് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിക്കാൻ ഒരുങ്ങുന്നത്.
ശബരിമലയിലെ സ്വർണ്ണം പൂശിയ പാളിയുമായി ബന്ധപ്പെട്ട വിവാദംത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ഹൈക്കോടതിയോട് ആവശ്യപ്പെടാൻ തിരുവിതാംകൂർ ദേവസ്വം ബോർഡും തീരുമാനിച്ചിട്ടുണ്ട്.
അയ്യപ്പസംഗമത്തിൽ മേൽക്കൈ നേടാനായെന്ന ആത്മവിശ്വാസത്തിൽ നിന്ന സർക്കാരിനും ദേവസ്വം ബോർഡിനും കനത്ത പ്രഹരം ഏൽപ്പിച്ചുകൊണ്ടാണ് സ്വർണപ്പാളി വിവാദം പൊട്ടിപ്പുറപ്പെട്ടത്.
ബോർഡുമായും സർക്കാരുമായും ഏറെ അടുപ്പം പുലർത്തുന്ന ഉണ്ണികൃഷ്ണൻ പോറ്റി കേന്ദ്ര ബിന്ദുവായ വിവാദത്തിൽ ആരെയും കുറ്റപ്പെടുത്താൻ കഴിയാത്ത പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്.
അയപ്പൻെറ അമൂല്യ സ്വത്തുക്കൾ കട്ട് കൊണ്ടുപോകുന്നവർ എന്ന ദുഷ്പേരാണ് സർക്കാരിനും ദേവസ്വം ബോർഡിനും മേൽ വന്നുപതിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ വിശ്വാസിലക്ഷങ്ങൾക്കിടയിലും പൊതു സമൂഹത്തിലും വലിയ ആക്ഷേപങ്ങളാണ് നിലവിലുളളത്.
സംശയത്തിൻെറ പുകമറയിൽ അകപ്പെട്ട സർക്കാരിനും ദേവസ്വം ബോർഡിനും അതിൽ നിന്ന് പുറത്തേക്ക് കടക്കാനുളള ഉപായമാണ് ക്രൈംബ്രാഞ്ച് അന്വേഷണം.സമഗ്രമായ അന്വേഷണം നടത്തി സംഭവിച്ചത് എന്താണെന്ന് ജനസമക്ഷം എത്തിച്ചില്ലെങ്കിൽ സർക്കാരിനെ കാത്തിരിക്കുന്നത് വലിയ രാഷ്ട്രീയ തിരിച്ചടിയായിരിക്കും.
സ്വർണപ്പാളി വിവാദവുമായ ബന്ധപ്പെട്ട കാര്യങ്ങൾ ഹൈകോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയം ആയതിനാൽ കോടതി എന്ത് നിലപാടെടുക്കും എന്നതാണ് ദേവസ്വം ബോർഡിൻെറ ആശങ്ക. ഇത് പ്രതിഫലിക്കുന്നതാണ് ദേവസ്വം ബോർഡിൻെറ പ്രതികരണം.
"വിജയ് മല്യ ശ്രീകോവിൽ സ്വർണ്ണം പൂശിയ 1998 മുതൽ ഇക്കാലം വരെ സ്വർണ്ണത്തിന്റെ തൂക്കത്തിൽ ഉണ്ടായ കുറവിനെ കുറിച്ചും, സ്പോൺസർ എന്ന പേരിൽ ശബരിമലയെ ദുരുപയോഗം ചെയ്ത വ്യക്തികളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയോട് ആവശ്യപ്പെടും.
ഏത് അന്വേഷണമാണ് ഇക്കാര്യത്തിൽ വേണ്ടത് എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. ശബരിമല എന്ന മഹത്തായ ക്ഷേത്രത്തിന്റെ വിശ്വാസ്വതയ്ക്ക് മങ്ങലേൽക്കാനോ കളങ്കം വരാനോ പാടില്ല അതുകൊണ്ടാണ് ഈ വിഷയത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് സമഗ്രമായ അന്വേഷണം ആവശ്യപ്പെടുന്നത്" ദേവസ്വംബോർഡ് പത്ര കുറിപ്പിൽ പറഞ്ഞു.
ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടുക തന്നെ വേണം. പക്ഷേ ആയതിന്റെ പേരിൽ വസ്തുതാ വിരുദ്ധമായ ആരോപണങ്ങൾ ഉന്നയിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിനേയും ശബരിമല ക്ഷേത്രത്തിന്റെ പരിപാവനതയെയും ആക്രമിക്കുന്നത് കേവല സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങളോടെ മാത്രമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി.എസ് പ്രശാന്ത് അംഗങ്ങളായ എ. അജികുമാർ,പി.ഡി. സന്തോഷ് കുമാർ എന്നിവർ പത്രക്കുറിപ്പിൽ കുറ്റപ്പെടുത്തി.
സ്വർണപ്പാളി വിവാദത്തിലെ നായകനും ആരോപണ വിധേയനുമായ ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് ദേവസ്വം വിജിലൻസ് മൊഴിയെടുത്തു. നാലുമണിക്കൂറോളമാണ് ദേവസ്വം വിജിലൻസ് ഉണ്ണികൃഷ്ണൻപോറ്റിയെ ചോദ്യം ചെയ്തത്.
അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കുമെന്നാണ് പോറ്റിയുടെ പ്രതികരണം. വിജിലൻസ് അന്വേഷണസംഘത്തിന്റെ ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകിയെന്നും ഉണ്ണികൃഷ്ണൻ പോറ്റി മാധ്യമങ്ങളോട് പറഞ്ഞു.
വൈകിട്ട് മൂന്നരയോടെയാണ് ഉണ്ണികൃഷ്ണൻ പോറ്റി നന്തൻകോടേ ദേവസ്വം ആസ്ഥാനത്ത്, വിജിലൻസ് അന്വേഷണ സംഘത്തിന് മുൻപിൽ മൊഴിനൽകുന്നതിന് ഹാജരായത്.. എസ് പി സുനിൽകുമാറിന്റെ നേതൃത്വത്തിൽ ആയിരുന്നു മൊഴിയെടുപ്പ്.
എല്ലാ കാര്യങ്ങൾക്കും മറുപടി നൽകിയെന്നും എപ്പോൾ വിളിപ്പിച്ചാലും സഹകരിക്കാൻ തയ്യാർ ആണെന്നും ഉണ്ണികൃഷ്ണൻ പോറ്റി അന്വേഷണ സംഘത്തെ അറിയിച്ചു.
മറ്റു കാര്യങ്ങളൊന്നും മാധ്യമങ്ങളിലൂടെ പ്രതികരിക്കാനില്ലെന്നും മൊഴിയെടുപ്പിന് ശേഷം ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു.ദേവസ്വം ബോർഡിനെ പ്രതിക്കൂട്ടിൽ നിർത്തുന്നതാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ വാദങ്ങൾ.
ശബരിമലയിൽ നിന്ന് സ്വർണം പൂശുന്നതിനായി ദേവസ്വം ബോർഡ് നൽകിയത് ചെമ്പു പാളികൾ ആണെന്നതാണ് ഏറ്റവും പ്രധാനം. ദ്വാരപാലക ശിൽപ്പത്തിൽ സ്വർണം പൂശിയിരുന്നതായുളള നിർണായകമായ മൊഴിയും വിജിലൻസിന് ലഭിച്ചിട്ടുണ്ട്.
ദ്വാരപാലക ശിൽപ്പത്തിൽ 1999 ൽ സ്വർണം പൊതിഞ്ഞെന്നു വ്യക്തമാക്കുന്ന ദേവസ്വം രജിസ്റ്ററും മഹസറും ഹൈക്കോടതിയിൽ എത്തി എന്നതിൻെറ രേഖകളും പുറത്തു വന്നിട്ടുണ്ട്.
ഉണ്ണികൃഷ്ണൻ പോറ്റിയെക്കുറിച്ചും അദ്ദേഹത്തിൻെറ വരുമാനത്തെ കുറിച്ചും സാമ്പത്തിക ഇടപാടുകളെ കുറിച്ചും പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയിട്ടുണ്ട്.