/sathyam/media/media_files/2025/06/14/bWMtnt5QJKdy9P8HadLe.jpg)
തിരുവനന്തപുരം: സംസ്ഥാനത്തെ ഹൃദയശസ്ത്രക്രിയാ ഉപകരണ പ്രതിസന്ധിയിൽ ആരോഗ്യവകുപ്പിന് താൽക്കാലിക ആശ്വാസം. സ്റ്റെന്റ് വിതരണം നിർത്തിവെച്ച കമ്പനികൾക്ക് കോഴിക്കോട് - തിരുവനന്തപുരം മെഡിക്കൽ കോളജുകൾ 19 കോടി നൽകും.
സ്റ്റോക്ക് തിരിച്ചെടുക്കുന്നതിൽ ബുധനാഴ്ചവരെ കാത്തിരിക്കാനാണ് ഉപകരണ വിതരണക്കാരുടെ തീരുമാനം. അതിനുള്ളിൽ തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളജുകളുടെ കുടിശ്ശിക ഭാഗികമായി എങ്കിലും തീർക്കണമെന്നാണ് ആവശ്യം. 10 കോടി രൂപയെങ്കിലും ഉടൻ നൽകണമെന്നാണ് വിതരണക്കാർ ആരോഗ്യവകുപ്പിനെ അറിയിച്ചത്.
നാളെ പണം അനുവദിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളെജ് 8 കോടിയും കോഴിക്കോട് മെഡിക്കൽ കോളജ് 11 കോടിയും നൽകുമെന്നാണ് അറിയിപ്പ്. കുടിശ്ശിക 150 കോടി കടന്നതോടെ സെപ്റ്റംബർ മുതൽ സ്റ്റോക്ക് വിതരണം നിർത്തിവച്ചിരിക്കുകയാണ്.
അതേസമയം, സംസ്ഥാനത്തെ മെഡിക്കൽ കോളജ് ഡോക്ടർമാരോടുള്ള സർക്കാരിൻറെ അവഗണനയ്ക്കെതിരെ മധ്യാഹ്ന ധർണയുമായി KGMCTA വിവിധ ആവശ്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹാരമുണ്ടായില്ല എന്ന് സംഘടന ആരോപിക്കുന്നു.
വിവിധ സമര പരിപാടികൾ തുടരുന്നതിന്റെ ഭാഗമായിട്ടാണ് ഇന്നും ധർണ്ണ. കെജിഎംസിടിഎയുടെ നിസഹകരണ സമരം ഇപ്പോഴും തുടരുകയാണ്. ഉച്ചക്ക് ഒരു മണി മുതൽ രണ്ടു മണി വരെ മെഡിക്കൽ കോളജുകളിൽ ഡോക്ടർമാർ ധർണ്ണ സംഘടിപ്പിക്കും. മെഡിക്കൽ കോളജുകളിൽ പുതിയ തസ്തികകൾ സൃഷ്ടിക്കുക, ശമ്പള കുടിശ്ശിക നൽകുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംഘടനയുടെ പ്രതിഷേധം.