/sathyam/media/media_files/2025/10/06/photos517-2025-10-06-11-44-00.jpg)
തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ ബഹളം. 'കാട്ടുകള്ളന്മാര്‍, അമ്പലം വിഴുങ്ങികള്‍', ദേവസ്വം മന്ത്രിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും രാജിവെയ്ക്കുക എന്നടക്കം എഴുതിയ ബാനറുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം.
സ്പീക്കര്‍ ചോദ്യോത്തര വേളയുമായി മുന്നോട്ടുപോയപ്പോഴാണ് പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങിയത്.
സ്പീക്കറെ മറച്ച് ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തി. പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ സ്പീക്കര്‍ ചോദ്യോത്തരവേള റദ്ദാക്കി.
ചോദ്യോത്തര വേളയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിഷയം ഉന്നയിച്ചു. സ്വർണം കാണാതായ സംഭവത്തിൽ ദേവസ്വം മന്ത്രി വി എൻ വാസവനും ദേവസ്വം പ്രസിഡന്റും രാജിവയ്ക്കണം.
ശബരിമല വിഷയം സഭയിൽ ഉന്നയിക്കാൻ സർക്കാർ സമ്മതിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് പ്രതിപക്ഷ പ്രതിഷേധമുണ്ടായത്.
ചോദ്യോത്തരവേള തടസ്സപ്പെടുത്തുന്ന പ്രവണത രാജ്യത്ത് ഒരിടത്തും ഇല്ലെന്നും ഇത് ശരിയായ രീതിയല്ലെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. പ്രതിപക്ഷ നേതാവ് അംഗങ്ങളെ നിയന്ത്രിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.