/sathyam/media/media_files/54BTb2zToIK5alC13bFJ.jpg)
തിരുവനന്തപുരം: ക്രിമിനലുകൾക്ക് സംസ്ഥാന പൊലീസ് സേനയിൽ സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പൊലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഇത്തരക്കാർക്കില്ല ഉണ്ടാകില്ല. സത്യസന്ധരായ ഉദ്യോഗസ്ഥരെ പ്രോത്സാഹിപ്പിക്കുമെന്നും നീതി നടപ്പിലാക്കാൻ ആരുടേയും അനുമതിക്കായി കാത്തുനിൽക്കരുതെന്നും മുഖ്യമന്ത്രി പ്രസം​ഗത്തിൽ പറഞ്ഞു.
പൊലീസ് സേന മാതൃകാപരമായി പ്രവർത്തിക്കണം. തെറ്റിനെതിരെ കടുത്ത നടപടിയെടുക്കും.
നമ്മുടെ സേന ഒരു ജനകീയ സേനയായിരിക്കുകയാണ്. അതിനാണ് നമ്മൾ അങ്ങേയറ്റം പ്രാമുഖ്യം നൽകിയിരിക്കുന്നത്. ജനവിരുദ്ധമായ കാര്യങ്ങളിൽ ഒരിക്കലും വിട്ടുവീഴ്ച ഉണ്ടാകില്ല.
സർക്കാർ ആവിഷ്കരിക്കുന്ന പദ്ധതികൾ അതിന്റെ അന്തസത്ത ചോരാതെ നിർവഹിക്കാൻ ചുമതലപ്പെട്ടവരാണ് പൊലീസുകാർ. അത് ഭം​ഗിയായി നിർവഹിക്കുന്നുമുണ്ട്. സർക്കാരിന്റെ കാഴ്ചപ്പാട് പ്രതിജ്ഞാബദ്ധമായി പൊലീസ് നടപ്പിലാക്കുന്നു.
മറ്റ് സംസ്ഥാനങ്ങളിൽ നിരപരാധികൾ പ്രയാസം അനുഭവിക്കുന്നുണ്ട്. അവർ അക്രമിക്കപ്പെടുന്നു.
എന്നാൽ, വർഗീയ സംഘർഷങ്ങളില്ലാതെ മുന്നോട്ട് പോകാൻ കേരളത്തിന് കഴിയുന്നു. വർഗീയ സംഘടനകൾ ഇല്ലാത്ത നാടാണ് കേരളമെന്ന് തെറ്റിദ്ധരിക്കരുത്.
വർഗീയതയോടും വർഗീയ പ്രശ്നങ്ങളോടും വർഗീയ സംഘർഷങ്ങളോടും സ്വീകരിക്കുന്ന നിലപാടാണ് അതിന് കാരണമെന്നും അതിൽ ഏറ്റവും പ്രധാനപ്പെട്ട നിലപാട് പൊലീസിന്റേതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.