ശബരിമല സ്വർണക്കൊള്ളയിൽ നടപടിയെടുത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ്. 2019ൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്ന മുരാരി ബാബുവിനെ സസ്പെൻഡ് ചെയ്തു

സ്മാർട്ട് ക്രിയേഷനിൽ ദ്വാരപാലക ശിൽപങ്ങളുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റിയുടെ പേരിലുണ്ടായിരുന്ന വാറന്റി റദ്ദ് ചെയ്യാനും ഇനി ദേവസ്വം ബോർഡ് നേരിട്ട് നടത്താനും തീരുമാനിച്ചു. 

New Update
photos(106)

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ മുൻ ഉദ്യോഗസ്ഥനെതിരെ നടപടി. 2019ൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്ന മുരാരി ബാബുവിനെ സസ്പെൻഡ് ചെയ്തതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് പറഞ്ഞു. 

Advertisment

ദേവസ്വം ബോർഡിന്റെ ഉത്തരവിൽ സ്വർണപ്പാളിയെ ചെമ്പുപാളി എന്നെഴുതിയതിനാണ് നടപടി. ബാക്കി കാര്യങ്ങളെല്ലാം ഹൈക്കോടതി ഏർപ്പെടുത്തിയ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കട്ടെയെന്നും അന്തിമ റിപ്പോർട്ടിന് ശേഷം കൂടുതൽ നടപടിയെടുക്കുമെന്നും പി.എസ് പ്രശാന്ത് പറഞ്ഞു. 


തിരുവിതാംകൂർ ദേവസം ബോർഡ് യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


സ്മാർട്ട് ക്രിയേഷനിൽ ദ്വാരപാലക ശിൽപങ്ങളുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റിയുടെ പേരിലുണ്ടായിരുന്ന വാറന്റി റദ്ദ് ചെയ്യാനും ഇനി ദേവസ്വം ബോർഡ് നേരിട്ട് നടത്താനും തീരുമാനിച്ചു. 

അതിന് ഡെപ്യൂട്ടി കമ്മീഷണറെ ചുമതലപ്പെടുത്തി. ക്ഷേത്രങ്ങളും ക്ഷേത്രാചാരവുമായും ബന്ധപ്പെട്ട അവസാന വാക്ക് തന്ത്രിയുടേതാണ്. അത് സ്വാഭാവികമാണ്. അത്തരം നടപടികളിൽ അസ്വാഭാവികത കാണുന്നില്ല.


മുരാരിയുൾപ്പെടെ സർവീസിൽ നിന്ന് വിരമിച്ചവരുടെ പെൻഷൻ ആനുകൂല്യങ്ങൾ നിർത്തലാക്കുന്ന കാര്യവും ആലോചിക്കുന്നുണ്ട്. ഇക്കാര്യം വിജിലൻസിന്റെ അന്തിമ റിപ്പോർട്ട് ലഭിച്ചശേഷം കൂടിയാലോചനയിലൂടെ തീരുമാനിക്കും. 


ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് നോട്ടക്കുറവ് ഉണ്ടായോ എന്നും പരിശോധിക്കും. എല്ലാ കാര്യങ്ങളും പരിശോധിക്കും. 

മുരാരി ബാബു പറഞ്ഞത് അദ്ദേഹത്തിന്റേതായ വാദങ്ങളാണ്, അതെല്ലാം അന്വേഷണ സംഘം പരിശോധിക്കട്ടെ. വിശദമായി അന്വേഷിക്കട്ടെ. ശ്രീകോവിലിന്റെ കട്ടിളപ്പാളികൾ നഷ്ടപ്പെട്ടോ എന്ന കാര്യവും അന്വേഷിക്കും. 

എത്രയും വേഗം വിവാദങ്ങൾ അവസാനിപ്പിച്ച് മണ്ഡല- മകരവിളക്ക് മഹോത്സവത്തിലേക്ക് കടക്കാൻ സാധിക്കണം. പ്രതിപക്ഷ വിമർശനമൊക്കെ സ്വാഭാവികമാണെന്നും പി.എസ് പ്രശാന്ത് കൂട്ടിച്ചേർത്തു.

Advertisment